X

പ്രേമത്തിന് പിറകെ ബാഹുബലിയുടെ വ്യാജപ്പതിപ്പും ഇന്റര്‍നെറ്റില്‍

പ്രേമം എന്ന ചിത്രത്തിന്റെ വ്യാജപ്പതിപ്പ് ഇറങ്ങിയതുമായി ബന്ധപ്പെട്ട് മലയാള ചലച്ചിത്ര വ്യവസായത്തില്‍ വിവാദത്തിന്റെ പെരുമഴ പെയ്യുന്നതിനിടയില്‍ ബഹുഭാഷ ചിത്രമായ ബാഹുബലിയുടെ വ്യാജപ്പതിപ്പും നെറ്റില്‍ സജീവം. തെലുങ്ക് സംവിധായകന്‍ രാജമൗലി ഒരുക്കിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വ്യാജനാണ് ഇപ്പോള്‍ നെറ്റില്‍ പ്രചരിക്കുന്നത്.

നേരത്തെ പ്രേമത്തിന്റെ വ്യാജപ്പതിപ്പ് പുറത്തിറങ്ങിയത് വന്‍വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊല്ലത്ത് നിന്നും മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണങ്ങളുമായി സൈബര്‍ സെല്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ സംഭവവികാസം. ഇന്നലെ കേരള പോലീസ് സെന്‍സര്‍ ബോര്‍ഡിന്റെ പക്കലുള്ള ചിത്രത്തിന്റെ കോപ്പികള്‍ പിടിച്ചെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ മലയാള ചിത്രങ്ങളുടെ സെന്‍സറിംഗ് നിറുത്തി വച്ചിരിക്കുകയാണ്.

വ്യാജപ്പതിപ്പ് ഇറങ്ങിയതില്‍ പ്രതിഷേധിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയഷനില്‍ ഒരു വിഭാഗം തിയേറ്ററുകള്‍ അടച്ചിട്ട് സമരം നടത്തിയിരുന്നു. എന്നാല്‍ ബാഹുബലിയുടെ വൈഡ് റിലീസ് തടയുന്നതിനുള്ള തന്ത്രമാണിതെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിനിടയിലാണ് വൈഡ് റിലീസ് ചെയ്ത ബാഹുബലിയുടെ തന്നെ വ്യാജന്‍ പുറത്തിറങ്ങിയിരിക്കുന്നത്.

 

This post was last modified on December 27, 2016 3:13 pm

Related Post
Leave a Comment