X

സൗന്ദര്യ വ്യവസായം ചെറിയ കളിയല്ല; കഴിഞ്ഞ വര്‍ഷം നമ്മളെ ‘വെളുപ്പിച്ച്’ നേടിയത് 9,56,50 കോടി രൂപ

മുൻ വർഷങ്ങളെ അപേക്ഷിച്ച് 17  ശതമാനം അധിക വർദ്ധനവാണ് ലോകത്താകമാനമുള്ള സൗന്ദര്യ വ്യവസായത്തിനുണ്ടായത്

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വരുന്ന പ്രൊമോഷൻ വിഡിയോകൾ കണ്ട് സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങിക്കൂട്ടിയവരോ നിങ്ങൾ? അത് ചെറിയ കളിയായിരുന്നില്ല, 9,56,50 കോടി രൂപയുടെ വലിയ ലാഭമുള്ള സൗന്ദര്യ വ്യവസായത്തെ ആയിരുന്നു നിങ്ങൾ പരിപോഷിപ്പിച്ചിരുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 17  ശതമാനം അധിക വർദ്ധനവാണ് ലോകത്താകമാനമുള്ള സൗന്ദര്യ വ്യവസായത്തിനുണ്ടായത്. ഇതിന്റെ കാരണമോ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരങ്ങളും. ഇക്കണക്കിനു പോയാൽ വരും വർഷങ്ങളിലെ ഏറ്റവും ആദായകരവും മാർക്കറ്റുമുള്ള ബിസിനസായി സൗന്ദര്യ വ്യവസായം മാറും.

അമേരിക്കൻ കമ്പനി ആയ ജെഫ്രീ സ്റ്റാർ ആണ് ഇത്തരത്തിൽ ഏറ്റവും അധികം ലാഭം കൊയ്തിട്ടുള്ളത്. 2006 ൽ ഇവർ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതാണ് ഇവരുടെ വളർച്ചയുടെ പ്രധാന കാരണം. അത് വഴി വിവിധ ഉത്പന്നങ്ങളുടെ രസകരമായ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തു. ആകർഷകമായി അണിഞ്ഞൊരുങ്ങാൻ സഹായിക്കുന്ന ടൂട്ടോറിയലുകളും മേക് അപ്പ് ടിപ്സും നല്കി വന്നിരുന്ന ഈ ചാനലിന് നിരവധി സബ്സ്ക്രൈബേർസിനെ ലഭിച്ചു. ഇപ്പോൾ ഈ കമ്പനിയുടെ വരുമാനം പ്രതിവർഷം 708 കോടി രൂപയാണ്!

82 ശതമാനം ആളുകളും തങ്ങളുടെ ഇഷ്ടതാരം ഉപയോഗിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളെ കുറിച്ച് കേൾക്കാനും അവർ നിർദ്ദേശിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളും ഉപകരണങ്ങളും ഉപയോഗിക്കാനും ശ്രമിക്കാറുണ്ടെന്ന് ബിബിസി റേഡിയോ 4 നടത്തിയ സർവേകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. 18 മുതൽ 34 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിൽ 54% പേരും ഇത്തരത്തിലുള്ള പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കുന്നവരാണ്.

കൊറിയൻ മാതൃകയാണ് സൗന്ദര്യ വ്യവസായത്തിലെ ഇപ്പോഴത്തെ ട്രെൻഡ്. കൊറിയൻ യുവതികളുടെ പോലുള്ള  നിറം,  കറുത്തപാടുകളോ ചുളിവുകളുമില്ലാത്ത മിനുത്ത ചർമ്മം മുതലായവ  ഇപ്പോൾ ഉദാത്ത സൗന്ദര്യത്തിന്റെ എല്ലാം തികഞ്ഞ മാതൃക എന്ന തരത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. പാശ്ചാത്യ സൗന്ദര്യ വ്യവസായത്തെ ആകെ  ഈ കൊറിയൻ തരംഗം വിഴുങ്ങി കഴിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഓരോ വ്യക്തിക്കും അനുയോജ്യമായ പേഴ്സണൽ പ്രൊഡക്ടുകളിലൂടെയാണ് സൗന്ദര്യ വ്യവസായം വൻ കുതിപ്പ് നടത്തുന്നത്. നിങ്ങളുടെ കണ്ണുകൾക്ക് ചേരുന്ന കൃത്രിമ കൺപീലികൾ അവർ നിങ്ങള്‍ക്ക് മാത്രമായി ഡിസൈൻ ചെയ്ത തന്നേക്കാം. സൈബർ മാധ്യമ ഇടങ്ങളിലൂടെയാണ് ഈ കമ്പനികൾക്ക് നിങ്ങളുടെ ആവിശ്യം അറിഞ്ഞു പ്രവർത്തിക്കാൻ സാധിക്കുന്നത്.   ഭാവി സംരംഭകരുടെ നോട്ടം ഇനി സൗന്ദര്യ വ്യവസായത്തിലേക്കായിരിക്കും എന്നതിൽ സംശയമില്ല.