X

സാഹിത്യ നൊബേല്‍ സമ്മാനം: സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സമ്മാനം ബലാറസ് എഴുത്തുകാരിയായ സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്((67). നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നവരില്‍ മുന്‍പന്തിയിലായിരുന്നു കവയത്രിയും നോവലിസ്റ്റും അന്വേഷണാത്മക പത്രപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലാന. ഉക്രെയ്ന്‍ നഗരമായ സ്റ്റാനിസ്ലാവില്‍ ജനിച്ച അവരുടെ പിതാവ് ബലാറസുകാരനും മാതാവ് ഉക്രെയ്ന്‍കാരിയുമാണ്. അവര്‍ വളര്‍ന്നത് ബലാറസിലും. പഠനകാലത്തിന് ശേഷം നിരവധി പ്രാദേശിക പത്രങ്ങളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച അവര്‍ പിന്നീട് മിന്‍സ്‌കിലെ നെമാന്‍ എന്ന സാഹിത്യ മാസികയുടെ കറസ്‌പോണ്ടന്റുമായി. രണ്ടാം ലോകമഹായുദ്ധം, സോവിയറ്റ്-അഫ്ഗാന്‍ യുദ്ധം, സോവിയേറ്റ് യൂണിയന്റെ തകര്‍ച്ച, ചെര്‍ണോബില്‍ ദുരന്തം തുടങ്ങിയ ദുരന്തങ്ങളുടെ ദൃക്‌സാക്ഷികളുമായി അഭിമുഖങ്ങള്‍ നടത്തി തയ്യാറാക്കിയ നോവലുകള്‍ ശ്രദ്ധയാകര്‍ഷിച്ചു. ലുക്കഷെന്‍കോ ഭരണകൂടം വേട്ടയാടിയതിനെ തുടര്‍ന്ന് 2000-ല്‍ ബലാറസ് വിട്ട അവര്‍ പാരീസിലും ഗോട്ടന്‍ബര്‍ഗിലും ബെര്‍ലിനിലും പ്രവാസജീവിതം നയിച്ചു. 2011-ല്‍ സ്വെറ്റ്‌ലാന മിന്‍സ്‌കിലേക്ക് മടങ്ങി.

സോവിയേറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് മുമ്പും പിമ്പും ജീവിച്ചവരുടെ വൈകാരികമായ ചരിത്രം അവരുടെ പുസ്തകങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നു. ദ വാര്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍, വോയിസസ് ഫ്രം ചെര്‍ണോബില്‍ എന്നീ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ലോകശ്രദ്ധ പിടിച്ചുപറ്റി. അവരുടെ ആദ്യ പുസ്തകമായ അണ്‍വുമന്‍ലി ഫേസ് എന്ന പുസ്തകം 1985-ലാണ് പുറത്ത് വന്നത്. രണ്ട് മില്ല്യണ്‍ കോപ്പികളാണ് ഇത് വിറ്റഴിഞ്ഞത്. രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ച് സ്ത്രീകള്‍ സംസാരിക്കുന്നതില്‍ നിന്നാണ് ഈ നോവല്‍ രൂപം പ്രാപിക്കുന്നത്. 1993-ല്‍ പുറത്തിറങ്ങിയ എന്‍ചാന്റഡ് വിത്ത് ഡെത്ത് സോവിയേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് നടന്ന ആത്മഹത്യകളെ അടിസ്ഥാനപ്പെടുത്തിയാണ് എഴുതിയിരിക്കുന്നത്.

This post was last modified on October 8, 2015 5:31 pm