X

രഞ്ജി ട്രോഫി: സഞ്ജുവും സചിനും നിരാശപ്പെടുത്തി

അഴിമുഖം പ്രതിനിധി

ഹൈദരാബാദിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം ഒന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുത്തു. ജമ്മുകശ്മീരിന് എതിരായ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു വി സാംസണും സചിന്‍ ബേബിയും നിരാശപ്പെടുത്തിയപ്പോള്‍ പുറത്താകാതെ 106 റണ്‍സ് എടുത്ത രോഹന്‍ പ്രേമാണ് കേരളത്തിന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ഒരു റണ്‍ എടുത്ത് പുറത്തായപ്പോള്‍ സചിന്‍ 10 റണ്‍സ് എടുത്തു. രോഹനും ഓപ്പണറായ വി എ ജഗദീഷും അല്ലാതെ മറ്റാര്‍ക്കും കാര്യമായ സംഭാവന ചെയ്യാനായില്ല. 42 റണ്‍സാണ് ജഗദീഷിന്റെ സംഭാവന. കേരളത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെ 23-ാം റണ്‍സില്‍ പൊളിക്കാന്‍ ഹൈദരാബാദിന്റെ ബൗളര്‍മാര്‍ക്കായി. അക്ഷയ് കോടോത്താണ് പുറത്തായത്. മൂന്നാമനായി ക്രീസിലെത്തിയ റോഹന്‍ പ്രേം ജഗദീഷിനെ കൂട്ടുപിടിച്ച് സ്‌കോര്‍ നൂറു കടത്തി. 114-ല്‍ എത്തിയപ്പോള്‍ ജഗദീഷിനെ വിശാല്‍ ശര്‍മ്മ സ്വന്തം ബൗളിങ്ങില്‍ പിടിച്ച് പുറത്താക്കി. പിന്നീട് 148, 149, 155 റണ്‍സുകളില്‍ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ഘോഷയാത്രയായി പവലിയനിലേക്ക് മടങ്ങിയത് കേരളത്തെ പ്രതിരോധത്തിലാക്കി. ഒന്നാം ദിനം ഹൈദരാബാദിന്റെ വിശാല്‍ ശര്‍മ്മയും ആകാശ് ഭണ്ഡാരിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒരു വിക്കറ്റ് മെഹ്ദി ഹസനും സ്വന്തമാക്കി. ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മുവും കേരളവും തമ്മിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ കേരളത്തിന് മൂന്ന് പോയിന്റും ലഭിച്ചു.

This post was last modified on October 8, 2015 6:16 pm