X

അന്ത്യത്താഴവും ഗുരുവും; മതപ്രീണനത്തിനായി ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുരുതികൊടുക്കുമ്പോള്‍

കാഴ്ചപ്പാടുകള്‍ക്ക് മാറ്റം കൊണ്ടുവരുന്നത് കലാകാരന്‍മാരാണ്. അതിനെ അത്തരത്തില്‍ സമീപിക്കാതെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. ഗുരു ജീവിച്ചിരുന്നപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിയുണ്ടായിരുന്നെങ്കില്‍ ശിവലിംഗ പ്രതിഷ്ഠയെക്കുറിച്ച് പൊട്ടിപ്പൊളിഞ്ഞ കല്ല് പ്രതിഷ്ഠിച്ചു എന്ന് പറഞ്ഞേനെ. ഗുരുവിനെ തൊട്ടുകൂട എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്.

വര്‍ഗീയ വാദികള്‍ക്കും അന്ധവിശ്വാസികള്‍ക്കും മുന്നില്‍ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കൈവിടാന്‍ തയ്യാറായി എന്ന അപരാധമാണ് മലയാള മനോരമ മാനേജ്‌മെന്റ് ചെയ്തിരിക്കുന്നത്. അന്ത്യത്താഴ ചിത്രം പ്രസിദ്ധീകരിച്ച ഭാഷാപോഷിണി ഡിസംബര്‍ ലക്കം പിന്‍വലിച്ചതിന് പിന്നാലെ കവര്‍ഫോട്ടോയുടെ പേരില്‍ ക്ഷമാപണവും നടത്തിയിരിക്കുന്നു. മതാധ്യക്ഷന്‍മാരുടെ ഭീഷണികള്‍ക്ക് മുന്നില്‍ പത്രപ്രവര്‍ത്തനത്തിന്റെ നൈതികത അടിയറവ് വച്ചിരിക്കുകയാണ് ഇവിടെ.

ഭാഷാപോഷിണി ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഗോപന്‍ ചിദംബരത്തിന്റെ നാടകത്തിന് ടോം വട്ടക്കുഴി വരച്ച ചിത്രമാണ് ആദ്യം വിവാദമായത്. മാതാഹരിയുടെ ജീവിതത്തെ ആസ്പദമാക്കി ഗോപന്‍ എഴുതിയ നാടകത്തിനായി ലിയാനാഡോ ഡാവിഞ്ചിയുടെ ‘അന്ത്യ അത്താഴ’ത്തില്‍ നിന്ന്‍ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ടോം വട്ടക്കുഴി വരച്ച ചിത്രത്തില്‍ യേശുവിന് പകരം നഗ്നയായ ഒരു സ്ത്രീയും ചുറ്റും കന്യാസ്ത്രീകളും പിന്നിലെ വാതിലില്‍ പട്ടാളക്കാരന്റെ നിഴലും വരുന്നുണ്ട്. ഇത് അന്ത്യ അത്താഴത്തെ അവഹേളിക്കുന്നതും തങ്ങളുടെ മതവിശ്വാസത്തെ വൃണപ്പെടുത്തുന്നതുമാണെന്ന ചില മതാധ്യക്ഷന്‍മാരുടെ വിമര്‍ശനം കണക്കിലെടുത്ത മനോരമ മാനേജ്‌മെന്റ് ഭാഷാപോഷിണി വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ചിത്രം എടുത്തുകളഞ്ഞ് വീണ്ടും ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു.

‘മാതാഹരിയുടെ ജീവിതത്തെക്കുറിച്ചുള്ള നാടകമാണ് ഗോപന്റേത്. അത് വായിച്ച് അതില്‍ നിന്ന് സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ടാണ് ഞാന്‍ ചിത്രം വരച്ചത്. ചിത്രത്തെ, അത് സംവേദിക്കുന്ന ഭാഷയെ വേണ്ടരീതിയില്‍ വായിക്കാതെ കേവലം ബാഹ്യമായ രീതിയിലുള്ള പ്രതികരണങ്ങള്‍ വന്നതാണ് ചിത്രം പിന്‍വലിക്കാന്‍ കാരണമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാളപെറ്റു എന്ന് പറയുമ്പോള്‍ കയറെടുക്കുന്നവരാണ് ഈ ചിത്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. ആ നാടകത്തിന്റെ പരിസരത്തിലാണ് ആ ചിത്രവും വായിക്കേണ്ടത്. അല്ലാതെ അതിനെ കോണ്ടക്‌സ്ടില്‍ നിന്ന് പുറത്തുകൊണ്ടുവന്ന് നമ്മള്‍ ഉദ്ദേശിക്കാത്ത തലത്തില്‍ അതിനെ കാണുകയും കീറിമുറിച്ച് വിശകലനം ചെയ്യുകയും ചെയ്യുമ്പോഴാണ് ഈ പ്രശ്‌നമുണ്ടാവുന്നത്. റിനൈസന്‍സ് ആര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന ഹ്യൂമനിസത്തില്‍ നിന്ന് സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. പ്രീ റിനൈസന്‍സ് കാലഘട്ടത്തിലെ ആര്‍ട്ടില്‍ നിന്ന് മാറി ഒരു ചലനം സൃഷ്ടിക്കുന്നതാണ് റിനൈസന്‍സ് ആര്‍ട്ട്. എത്രയോ മികച്ച കലാകാരന്‍മാര്‍ ആ കാലഘട്ടത്തില്‍ വര്‍ക്ക് ചെയ്തിരിക്കുന്നു. അവരുടെ ആര്‍ട്ട് വര്‍ക്കിനെ ആ രീതിയില്‍ സമീപിക്കാതെ റിലീജിയസ് ഐക്കണായി എടുക്കുന്നതെന്തിനാണ്. ബോധപൂര്‍വ്വമല്ലെങ്കിലും എന്റെ വരകള്‍ പലപ്പോഴും ഹിസ്റ്ററിയുമായി റിലേറ്റഡ് ആയിരിക്കും. ഒരു ആര്‍ട്ട് വര്‍ക്ക് എന്ന രീതിയില്‍ ആ ചിത്രത്തോട് സംവദിക്കാതെ റിലീജിയസ് ഐക്കണ്‍ ആയി അതിനെ സമീപിക്കുന്നതാണ് കുഴപ്പം. വിഷ്വല്‍ ലിറ്ററസി ഇല്ലാത്തതിന്റെ കുഴപ്പമാണിതെല്ലാം. ചില ഭാഗത്തു നിന്ന് സമ്മര്‍ദ്ദങ്ങള്‍ വന്നതിനാല്‍ ചിത്രം പിന്‍വലിക്കുന്നു എന്നാണ് എനിക്ക് ലഭിച്ച വിശദീകരണം. സംഭവത്തില്‍ ഞാന്‍ വല്ലാതെ ഷോക്ക്ഡ് ആണ്. സംഭവിച്ചതെന്താണെങ്കിലും നിര്‍ഭാഗ്യകരമായിപ്പോയി. ഒരു ആര്‍ട്ടിസ്റ്റിന് ഫ്രീ ആയി വര്‍ക്ക് ചെയ്യാനുള്ള സാഹചര്യമാണ് ഇവിടെ നഷ്ടപ്പെടുന്നത്. നാളെ ഒരു വര്‍ക്ക് ചെയ്യുമ്പോള്‍ അതെങ്ങനെയാണ് ചിലരെങ്കിലും സ്വീകരിക്കുക എന്ന ചിന്ത എപ്പോഴും ഒരു ആര്‍ട്ടിസ്റ്റിനെ ബുദ്ധിമുട്ടിലാക്കും ‘ – ടോം വട്ടക്കുഴി പ്രതികരിച്ചു.

‘ചിത്ര വായന എന്താണ് എന്നതിനെക്കുറിച്ചുള്ള അവബോധം നമുക്ക് തീരെയില്ല എന്നാണ് മനസ്സിലാവുന്നത്. ചിത്രമാകട്ടെ, കവിതയാകട്ടെ അതിന് മള്‍ട്ടിപ്പിള്‍ ലെയറിലുള്ള റീഡിങ് ഉണ്ടാവുമ്പോഴാണ് അത് ഒരു പൂര്‍ണ്ണ സൃഷ്ടിയാവുന്നത്. പലരില്‍ നിന്നുള്ള വായനയുണ്ടാവുമ്പോള്‍, വ്യാഖ്യാനങ്ങള്‍ക്കുള്ള സ്‌പേസ് കൊടുക്കുമ്പോഴാണ് ഒരു ആര്‍ട്ട് വര്‍ക്കിന് കൂടുതല്‍ അര്‍ഥതലങ്ങള്‍ കൈവരുന്നത്. ഭാഷാപോഷിണിയില്‍ വന്ന ഈ ചിത്രത്തെ തന്നെ വളരെ ഉദാത്തമായ മാതൃത്വത്തിന്റെ പ്രകാശനമായി കാണുന്നവരുണ്ട്. ബൈബിള്‍ കോണ്ടക്‌സ്ടിനെ സ്ത്രീപക്ഷത്തു നിന്ന് ചെയ്യുന്ന, ഫെമിനിസ്റ്റ് ആംഗിളിലുള്ള ഒന്നാണിതെന്ന് പറഞ്ഞവരുണ്ട്. അത്തരത്തിലുള്ള വ്യാഖ്യനങ്ങള്‍ക്ക് ഇടം കൊടുത്തുകൊണ്ട് ചിത്രത്തെ തുറന്നിടുകയാണ് ചെയ്യേണ്ടത്. അല്ലാതെ അടച്ചിടുകയല്ല വേണ്ടത്. വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കാത്ത കോടതി വിധി പോലെയല്ല കലയെ കാണേണ്ടത്. കലയുടെ സഹജ സ്വഭാവത്തിലുള്‍പ്പെടുന്നതാണ് അതിന്റെ വ്യാഖ്യാനങ്ങള്‍ക്കുള്ള സ്‌പേസും. അങ്ങനെ കലയെ സമീപിക്കുന്നതിന് പകരം അത്തരം വ്യാഖ്യാന സാധ്യതകളെ ഇല്ലാതാക്കി ഈ ചിത്രത്തിനെ ഒരു മതത്തിന്റെ ഇമേജായി മാത്രം കണക്കാക്കിയതെങ്ങനെയെന്നാണ് എനിക്ക് മനസ്സിലാവാത്തത്.’ – ടോം വട്ടക്കുഴി പറഞ്ഞു.

ടോം വട്ടക്കുഴിയുടെ ചിത്രമൊഴിവാക്കി ഭാഷാപോഷിണി നല്ലപിള്ള ചമയുന്നതിനിടെയാണ് അടുത്ത വിവാദം. ഡിസംബര്‍ ലക്കത്തില്‍ കവര്‍ ഫോട്ടോ ആയി നല്‍കിയിരിക്കുന്ന നാരായണഗുരുവിന്റെ ചിത്രം ശ്രീനാരായണീയരെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞായി അടുത്ത പ്രശ്‌നം. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ശില്‍പമാണ് ഇക്കുറി ഭാഷാപോഷിണിയുടെ കവര്‍ ഫോട്ടോ ആയത്. ഈ ശില്പം കവര്‍ ഫോട്ടോ ആക്കിയ ‘ഗുരുചിന്തന ഒരു മുഖവുര’ എന്ന ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ നിര്‍ബാധ്യത എന്ന അധ്യായം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചു. ഈ ശില്പം തന്നെ കവര്‍ ഫോട്ടോ ആയും നല്‍കി. ശ്രീനാരായണ ഗുരുദേവനെ വികൃതമാക്കി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചു എന്ന് പറഞ്ഞാണ് എസ്.എന്‍.ഡി.പി യോഗം അധികാരികള്‍ ഇതിനെതിരെ വിമര്‍ശനവുമായെത്തിയത്. തുടര്‍ന്ന് മനോരമ തങ്ങളുടെ എല്ലാ എഡീഷനിലൂടെയും നിരുപാധികം മാപ്പപേക്ഷിച്ചു. ‘ഭാഷാപോഷിണിയുടെ ഡിസംബര്‍ ലക്കത്തില്‍ വായനക്കാര്‍ക്കു വേദനാജനകമായ ഒരു ചിത്രം കവര്‍ പേജിലും മറ്റൊരു ചിത്രം ഉള്‍പ്പേജിലും പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുകയും തെറ്റു മനസ്സിലാക്കി ക്ഷമാപണം നടത്തുകയും ചെയ്യുന്നു’ എന്ന കുറിപ്പോടെയാണ് മനോരമ മാപ്പപേക്ഷ നടത്തിയത്. മാപ്പപേക്ഷയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതിഷേധ, പ്രക്ഷോഭ പരിപാടികളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തു.

ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോ നല്‍കിയ ‘ഗുരുചിന്തന ഒരു മുഖവുര’ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ഇപ്പോഴത്തെ ആവശ്യം. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഡി.സി ബുക്‌സ്.

10 വര്‍ഷം മുമ്പ് കൊച്ചിയിലെ കാശി ആര്‍ട്ട് ഗ്യാലറിയില്‍ നടത്തിയ പ്രദര്‍ശനത്തിലുണ്ടായിരുന്നതാണ് ഗുരുവിന്റെ ശില്പം. ‘cult of dead and memory loss’ എന്ന ടൈറ്റിലാണ് അത് എക്‌സിബിറ്റ് ചെയ്തത്. വലിയ ഒരു ഇന്‍സ്റ്റലേഷന്റെ ഭാഗമാണ് ആ ശില്പം. ഗുരുവിനെ പ്രോട്ടഗോണിസ്റ്റ് ആയാണ് അവതരിപ്പിച്ചത്. നിസാര്‍ അഹമ്മദ് രചിച്ച ഗുരുചിന്തന ഒരു മുഖവുര അത്തരമൊരു തോട്ടിനെ നന്നായി റിഫ്‌ലക്ട് ചെയ്യുന്നു എന്ന് തോന്നിയതുകൊണ്ടാണ് കവറായി ശില്പത്തിന്റെ ഫോട്ടോ നല്‍കിയത്. ആ കൃതിയുടെ ഡെപ്ത് മനസ്സിലാക്കിക്കൊണ്ട് ഞാന്‍ എടുത്ത തീരുമാനമായിരുന്നു.‘ ചിത്രകാരനും ശില്പിയുമായ റിയാസ് കോമു പറഞ്ഞു.

ഉരു-ഡി.സി.ബുക്‌സിന്റെ ആദ്യ പുസ്തകമാണ് ഗുരുചിന്തന ഒരു മുഖവുര. ഉരു-ഡി.സി.ബുക്‌സിന്റെ ജനറല്‍ എഡിറ്ററാണ് ഞാന്‍. ഭാഷാപോഷിണി ആ പുസ്തകത്തിലെ ഒരധ്യായം പ്രസിദ്ധീകരിക്കാനും അതേ കവര്‍ ഫോട്ടോ തന്നെ കൊടുക്കാനും താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഫോട്ടോ അയച്ച് കൊടുത്തതും ഞാനാണ്. ചേകവര്‍ സേന എന്ന പേരില്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകരില്‍ നിന്ന് നിരന്തരമായ ഭീഷണി വന്നതിനെ തുടര്‍ന്നാണ് മനോരമ ഇത്തരത്തിലൊരു ക്ഷമാപണം നടത്തിയതെന്നാണ് അറിവ്. മനോരമ പോലൊരു സ്ഥാപനത്തെ വരെ ഭീഷണിപ്പെടുത്തി അവര്‍ വിജയം നേടി എന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. ഇത് കാണിക്കുന്നത് കലാനിരക്ഷരതയാണ്. എസ്.എന്‍.ഡി.പി. പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല കേരളത്തില്‍ തന്നെ അത്തരത്തിലൊരു കലാനിരക്ഷരതയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റിയാസ് ചെയ്ത വെങ്കല ശില്പമാണ് കവറായി ഉപയോഗിച്ചത്. ആ കവര്‍ കാണുമ്പോള്‍, അതിനെ ഗുരുവിന്റേതായി കാണുമ്പോള്‍, ഗുരു പ്രതിഷ്ഠിച്ച ശിവലിംഗത്തെ കല്ലാണെന്നും ഇവര്‍ക്ക് പറയാമല്ലോ. കാഴ്ചപ്പാടുകള്‍ക്ക് മാറ്റം കൊണ്ടുവരുന്നത് കലാകാരന്‍മാരാണ്. അതിനെ അത്തരത്തില്‍ സമീപിക്കാതെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. ഗുരു ജീവിച്ചിരുന്നപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിയുണ്ടായിരുന്നെങ്കില്‍ ശിവലിംഗ പ്രതിഷ്ഠയെക്കുറിച്ച് പൊട്ടിപ്പൊളിഞ്ഞ കല്ല് പ്രതിഷ്ഠിച്ചു എന്ന് പറഞ്ഞേനെ. ഗുരുവിനെ തൊട്ടുകൂട എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. തൊട്ടുകൂടായ്മ കൊണ്ടുവരികയാണ്’– ഗുരുചിന്തന ഒരു മുഖവുരയുടെ എഡിറ്ററായ ദിലീപ് രാജ് പ്രതികരിച്ചു.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on December 15, 2016 1:36 pm