X

യാഥാസ്ഥിതികതയുടെ വേലിക്കെട്ടുകള്‍ പൊളിച്ച് പലസ്തീനിയന്‍ നര്‍ത്തകര്‍

ഡാബ്കെ എന്നറിയപ്പെടുന്ന പാലസ്തീനിലെ നാടന്‍ നൃത്തരൂപം പ്രസിദ്ധമാണ്. പക്ഷേ യാഥാസ്ഥിതിക സമൂഹം അടിച്ചേല്‍പ്പിക്കുന്ന അരുതുകളെ മറികടന്ന് കുറെക്കൂടെ ആധുനികമായ നൃത്തച്ചുവടുകളാണ് ഈ പെണ്‍കുട്ടികള്‍ പിന്‍തുടരുന്നത്.

റൂത്ത് എഗ്ലാഷ്

അന്നൊരു ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളുടെ ഒരു ചെറിയ കൂട്ടം ആഴ്ച തോറുമുള്ള ഡാന്‍സ് ക്ലാസ്സിനായി ഒത്തുകൂടിയിരിക്കുകയാണ്. യോഗയെ ഓര്‍മിപ്പിക്കുന്ന സുന്ദര ചലനങ്ങളിലൂടെ വാം-അപ് ചെയ്തതിനുശേഷം ഒത്തിണക്കത്തോടെ അവര്‍ പരസ്പരം മുഖാമുഖമായി നിന്നു.

ഇറുകിയ കറുപ്പ് ലെഗിങ്സും അയഞ്ഞ ടീ-ഷര്‍ട്ടുകളും ധരിച്ച ഈ പെണ്‍കുട്ടികളെ കണ്ടാല്‍ അമേരിക്കയിലെയോ യൂറോപ്പിലെയോ ഏതെങ്കിലും ട്രൂപ്പിലെ അംഗങ്ങളാണെന്നു തോന്നും. 40 മൈല്‍ മാത്രം ദൂരമുള്ള ടെല്‍ അവീവിലെ ആധുനിക ഡാന്‍സ് സ്റ്റുഡിയോകളിലാണ് ഇവരെ കാണുന്നതെങ്കിലും അതില്‍ അസ്വാഭാവികതയൊന്നും തോന്നില്ല.

പക്ഷേ വെസ്റ്റ് രാമള്ളയിലെ ഒരു പഴയ, അറേബ്യന്‍ മാതൃകയിലുള്ള കെട്ടിടത്തിലാണ് ഇവരുടെ പരിശീലനം നടക്കുന്നത്.

ഡാബ്കെ എന്നറിയപ്പെടുന്ന പാലസ്തീനിലെ നാടന്‍ നൃത്തരൂപം പ്രസിദ്ധമാണ്. പക്ഷേ യാഥാസ്ഥിതിക സമൂഹം അടിച്ചേല്‍പ്പിക്കുന്ന അരുതുകളെ മറികടന്ന് കുറെക്കൂടെ ആധുനികമായ നൃത്തച്ചുവടുകളാണ് ഈ പെണ്‍കുട്ടികള്‍ പിന്‍തുടരുന്നത്.

Sareyyet Ramallah കമ്പനിയിലെ ഡാന്‍സേഴ്സില്‍ മിക്കവരും ഇരുപതുകളിലുള്ളവരാണ്; ചിലര്‍ കൌമാരക്കാരും. അവര്‍ക്ക് എന്നുമുള്ള ജോലിയുടെയും പ്രാരാബ്ദങ്ങളുടെയും 50 വര്‍ഷമായി തുടരുന്ന ഇസ്രയേല്‍ അധിനിവേശ പ്രശ്നങ്ങളുടെയും ഇടയില്‍ നിന്നുള്ള മോചനമാണ് നൃത്തം. അല്ലെങ്കില്‍ പഠനത്തിന്‍റെ വിരസതയില്‍ നിന്നൊരു ഇടവേള.

10 വര്‍ഷമായി നിലവിലുള്ള ഈ സംഘം പരിശീലനം നടത്തുന്ന കെട്ടിടത്തിന്‍റെ പേരാണ് Sareyyet എന്നത്. ആദ്യകാലങ്ങളില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നൃത്തവേദികളില്‍ തങ്ങളുടെ ഇടം കണ്ടെത്താന്‍ അവര്‍ക്ക് പരമ്പരാഗത ട്രൂപ്പുകളോട് മല്‍സരിക്കേണ്ടി വന്നിരുന്നു.

ഇപ്പോള്‍ കാര്യങ്ങള്‍ മാറി വരികയാണെന്ന് ഗ്രൂപ്പിന്‍റെ വോളന്‍റിയര്‍ നൃത്തസംവിധായികയും കാര്യകര്‍ത്താവുമായ ജുമാന ഡാബിസ് പറയുന്നു. രാമള്ളയില്‍ വര്‍ഷംതോറും നടക്കുന്ന സ്പ്രിംഗ് ഫെസ്റ്റിവലില്‍ ലോകത്തെല്ലാ ഭാഗത്തു നിന്നുമുള്ള കണ്ടംപററി ഡാന്‍സ് അവതരണങ്ങളുണ്ടാവാറുണ്ട്. ഔദ്യോഗിക പരിപാടികളിലും ഇപ്പോള്‍ Sareyyet നൃത്തമവതരിപ്പിക്കുന്നു.

കഴിഞ്ഞ മാസം നഗരത്തിലെ യാസര്‍ അറാഫത്ത് മ്യൂസിയം ഉദ്ഘാടനത്തിന് ഇവരുടെ പരിപാടിയുണ്ടായിരുന്നു. പാലസ്തീനിയന്‍ അതോറിറ്റിയില്‍ നിന്നും അറബ് രാജ്യങ്ങളില്‍ നിന്നുമൊക്കെയുള്ള വിശിഷ്ടവ്യക്തികള്‍ക്കൊപ്പം പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും സന്നിഹിതനായിരുന്നു.

“അബു മസന് വളരെ സന്തോഷമായി; പരിപാടി കഴിഞ്ഞപ്പോള്‍ ‘ബ്രാവോ’ എന്നാര്‍പ്പു വിളിച്ചു,” പാലസ്തീന്‍ പ്രസിഡന്‍റിന്‍റെ പ്രസിദ്ധമായ വിളിപ്പേര് സൂചിപ്പിച്ചുകൊണ്ട് ഡാബിസ് പറഞ്ഞു.

ഇത്തരം ഡാന്‍സ് പരിപാടികളെന്നാല്‍ മിക്ക പാലസ്തീന്‍കാരും പ്രതീക്ഷിക്കുന്നത് നാടന്‍നൃത്തരൂപങ്ങളാണ്. “എന്നാല്‍ അത്തരം പരിചിതരീതികളില്‍ നിന്ന് ആളുകളെ പുറത്തു കൊണ്ടുവരാനും പ്രകോപിപ്പിക്കാനും മാറാന്‍ പ്രേരിപ്പിക്കാനുമൊക്കെയാണ് ഞങ്ങള്‍ക്ക് താല്‍പ്പര്യം. കാര്യങ്ങള്‍ അവര്‍ക്ക് അനുഭവവേദ്യമാകണം,” ഡാബിസ് പറഞ്ഞു. പകല്‍ സമയങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ഡാബിസ് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് കണ്ടംപററി ഡാന്‍സ് പഠിച്ചിട്ടുണ്ട്.

എങ്കിലും മ്യൂസിയത്തിലെ പ്രത്യേക ചടങ്ങായതു കൊണ്ട് അവതരണത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയതായി അവര്‍ സമ്മതിക്കുന്നു. പൊതുവേ സ്വതന്ത്രമായി ഒഴുകുന്ന തങ്ങളുടെ രീതിയില്‍ ചില ഡാബ്കെ ചുവടുകള്‍ കൂടെ ഉള്‍പ്പെടുത്തി.

“ആ അവസരത്തിന് അനുയോജ്യമായ രീതിയില്‍ വേഷം ധരിക്കാന്‍ ഞാന്‍ ഗ്രൂപ്പ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കറുത്ത ലെഗിങ്സും ചെറിയ കൈയ്യുള്ള ടീ-ഷര്‍ട്ടുകളും ഉപയോഗിക്കാമെന്നാണ് തീരുമാനിച്ചത്. എന്നിട്ടും ആരോ സ്ലീവ്ലെസ്സ് ഇട്ടു,” കുസൃതിയോടെ പുഞ്ചിരിച്ചുകൊണ്ട് ഡാബിസ് പറഞ്ഞു.

സ്ത്രീകള്‍ തല മറച്ചും യാഥാസ്ഥിതിക വേഷത്തിലും കഴിയുന്ന ഒരു സമൂഹത്തെ സംബന്ധിച്ച് അത് ചെറുതെങ്കിലും ധീരമായ ഒരു ചുവടുവയ്പ്പായിരുന്നു.

“ഞങ്ങള്‍ എന്താണു ചെയ്യുന്നതെന്ന് ഞങ്ങളുടെ നേതാക്കള്‍ക്ക് കാണിച്ചുകൊടുക്കാനുള്ള ഒരു നല്ല അവസരമായി അത്,” ആമിന ബസ്സ (20) പറഞ്ഞു. ബാലേ നൃത്തത്തില്‍ പരിശീലനം നേടിയ ബസ്സ കണ്ടംപററി ഡാന്‍സിന്‍റെ സ്വാതന്ത്ര്യം കൂടുതലിഷ്ടപ്പെടുന്നു.

എങ്കില്‍കൂടെ ആധുനിക നൃത്തരൂപങ്ങള്‍ വെസ്റ്റ് ബാങ്കില്‍ പല പ്രതിബന്ധങ്ങളും നേരിടുന്നതായി അവര്‍ പറഞ്ഞു.

“നിയന്ത്രണങ്ങള്‍ ശാരീരികം മാത്രമല്ല, സാംസ്കാരികം കൂടിയാണ്. ഇസ്രയേലികള്‍ ഞങ്ങളുടെ നൃത്തവും പാട്ടും സംസ്കാരവുമെല്ലാം നശിപ്പിക്കുകയാണ്,” പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ നിയന്ത്രണങ്ങളെയും നിത്യജീവിതത്തിലെ മറ്റ് പ്രശ്നങ്ങളെയും സൂചിപ്പിച്ചു കൊണ്ട് ജാസിയ മുറാദ് (17) പറഞ്ഞു.

“ഞങ്ങള്‍ ചെയ്യുന്നത് ഭംഗിയുള്ള വെറും നൃത്തമല്ല, ഇവിടത്തെ രാഷ്ട്രീയത്തില്‍ നിന്നാണ് അത് തുടങ്ങുന്നത്,” ഡാബിസ് കൂട്ടിച്ചേര്‍ത്തു.

ഒക്ടോബറില്‍ ബെര്‍ലിനിലെ ഒരു ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഈ ട്രൂപ്പ് തങ്ങളുടെ ‘അജല്‍’ എന്ന ഐറ്റം അവതരിപ്പിച്ചു. ‘അഭയാര്‍ത്ഥി’ എന്നര്‍ത്ഥം വരുന്ന അറബി വാക്കിന്‍റെ ചുരുക്കമാണ് ‘അജല്‍’. ലോകത്തെ കുടിയേറ്റ പ്രശ്നങ്ങളെ ആസ്പദമാക്കി രൂപപ്പെടുത്തിയ ഈ നൃത്തയിനത്തിലൂടെ അഭയാര്‍ത്ഥികളെയും മനുഷ്യരായി കാണാന്‍ ആളുകളോട് പറയുകയാണ് ഇവര്‍.

കണ്ടംപററി ഡാന്‍സ് രീതിയില്‍ ഓരോ നര്‍ത്തകിയോടും അഭയാര്‍ത്ഥി വിഷയത്തില്‍ അനുഭവപ്പെടുന്ന വികാരങ്ങളെ സ്വന്തമായി ആവിഷ്കരിക്കാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം ഡാബിസ് ആ ചലനങ്ങളെ കൂട്ടിച്ചേര്‍ത്ത് നൃത്തരൂപം നല്‍കി. ബെര്‍ലിന്‍ ഷോയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.

“ആ പ്രശ്നത്തിന്‍റെ മാനുഷിക വശം കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അതുവരെ സാധാരണ ജീവിതം നയിച്ചിരുന്നവര്‍ക്ക് പെട്ടന്നൊരു ദിവസം കെട്ടിപ്പെറുക്കി നാടു വിടേണ്ടി വരികയാണ്. പാലസ്തീന്‍കാരാണ് അങ്ങേയറ്റത്തെ അഭയാര്‍ത്ഥികള്‍. ഇസ്രായേലി കടന്നുകയറ്റം മൂലം ഞങ്ങള്‍ അനുഭവിക്കേണ്ടി വന്നതാണ് ആ അവസ്ഥ,” ഡാബിസ് പറഞ്ഞു.

ഏപ്രിലില്‍ നടക്കുന്ന രാമള്ള ഫെസ്റ്റിവലില്‍ ‘അജല്‍’ അവതരിപ്പിക്കാമെന്നാണ് ട്രൂപ്പിന്‍റെ പ്രതീക്ഷ. മറ്റ് പാലസ്തീനിയന്‍ നഗരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കോസ്മോപൊളിറ്റനും കുറവ് നിയന്ത്രണങ്ങള്‍ ഉള്ളതുമായ നഗരമാണത്. ആധുനിക സംഗീതം, റാപ്പേഴ്സ്, ബ്രേക്ക് ഡാന്‍സേഴ്സ് ഒക്കെ ഇവിടെയുണ്ട്. പാരമ്പര്യരീതികളില്‍ നിന്നു മാറി നടക്കുന്ന ഈ ഡാന്‍സര്‍മാരും ആ പെരുമയില്‍ തങ്ങളുടെ പങ്കു തേടുകയാണ് ഇപ്പോള്‍.

“കണ്ടംപററി ഡാന്‍സ് പരിചിതമാവാന്‍ സമയമെടുക്കുമെന്നറിയാം. എങ്കിലും ആള്‍ക്കാരെ അതിലേയ്ക്ക് നയിക്കേണ്ട സമയമായി,” ഡാബിസ് പറഞ്ഞു.
വാഷിംഗ്ടൻ പോസ്റ്റ്

This post was last modified on December 15, 2016 9:27 am