X

ബീഹാര്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

അഴിമുഖം പ്രതിനിധി

ബീഹാര്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. നിര്‍ണായകമായ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തില്‍ ബീഹാറിലെ അഞ്ചിലൊന്ന് വോട്ടര്‍മാര്‍ ബൂത്തിലെത്തും. 49 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 29 എണ്ണം നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന്റെ സിറ്റിങ് സീറ്റാണ്. 2010-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരുടെ സഖ്യകക്ഷിയായിരുന്ന ബിജെപി ഇന്ന് എതിരാളികളാണ്. ഇന്നത്തെ സുഹൃത്ത് ലാലു പ്രസാദ് യാദവ് ശത്രുപക്ഷത്തുമായിരുന്നു. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന 49 സീറ്റുകളില്‍ 24 എണ്ണത്തില്‍ ജെഡിയുവാണ് മത്സരിക്കുന്നത്. ലാലുവിന്റെ ആര്‍ജെഡി 17 സീറ്റുകളിലും മറ്റൊരു സഖ്യകക്ഷിയായ കോണ്‍ഗ്രസ് 17 സീറ്റുകളിലും മത്സരിക്കുന്നു. ബിജെപി 27 സീറ്റുകളിലും സഖ്യകക്ഷിയായ രാംവിലാസ് പസ്വാന്റെ എല്‍ജെപി 13 സീറ്റുകളിലും മത്സരിക്കുന്നു. ഈ മേഖലയിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ നാലെണ്ണവും എല്‍ജെപിയുടേതാണ്. മറ്റു സഖ്യകക്ഷികള്‍ക്കെല്ലാം കൂടെ ഒമ്പത് സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്നുവെങ്കിലും ഈ 49 സീറ്റുകളില്‍ 30 എണ്ണത്തിലെങ്കിലും വിജയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

This post was last modified on October 12, 2015 10:14 am