X

ബൈക്കോടിക്കുമ്പോള്‍ തെറ്റ് ചെയ്ത് ശരി പഠിക്കാനാകില്ല

ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ പ്രതികരണങ്ങള്‍ ഉറപ്പാണ്, പറഞ്ഞില്ലെങ്കിലോ നമ്മള്‍ പ്രതികരണ ശേഷിയില്ലാത്ത പ്രതിമകള്‍ക്ക് തുല്യമാവും.

ചിലരുടെയെങ്കിലും നെറ്റി ചുളിയുമെങ്കിലും തുറന്നു പറഞ്ഞോട്ടെ, നമ്മുടെ നാട്ടിലെ മിക്കവാറും ടു വീലെര്‍ ഡ്രൈവിംഗ് ഒരു മരണക്കളി തന്നെയാണ്. വളരെ ബുദ്ധിമുട്ടി എതിരെ വരുന്ന വണ്ടിക്കു സൈഡ് കൊടുക്കുകയോ, മറ്റൊരു വണ്ടിക്കു പോകാനായി സ്പീഡ് കുറയ്ക്കുകയോ, വഴിയാത്രക്കാരനായി വണ്ടി നിര്‍ത്തുകയോ ചെയ്യുമ്പോള്‍ താങ്കള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ വളരെ സാഹസികമായി ഒരു ബൈക്ക് യാത്രികന്‍ അതിലെ കടന്നു പോകും. പലപ്പോഴും വെട്ടിച്ചും വളച്ചും കടന്നു പോകുന്ന ഇവരുടെ മനസ്സില്‍ ഒരു തോന്നലുണ്ടാകാം ഞാന്‍ അതിസമര്‍ത്ഥനായ ഒരു ഡ്രൈവര്‍ തന്നെയെന്ന്. പ്രിയ സുഹൃത്തെ സ്‌നേഹത്തോടെ പറഞ്ഞോട്ടെ അത് താങ്കളുടെ വലിയ തെറ്റിദ്ധാരണയാണ്. തൊട്ടു പിന്നില്‍ താങ്കള്‍ ഓവര്‍ ടേക്ക് ചെയ്ത കാറിന്റേയും അതിനു പുറകില്‍ വളച്ചൊടിച്ച ലോറിയുടേയും ഡ്രൈവര്‍ ബ്രേക്ക് നന്നായി അമര്‍ത്തുകയോ സൈഡിലേക്കു മാറ്റുകയോ ചെയ്തിരുന്നില്ലെങ്കില്‍ താങ്കള്‍ കരുതുന്ന പോലെയാകുമായിരുന്നില്ല കാര്യങ്ങള്‍. അതുപോലെ തന്നെ ഒരു സ്ത്രീ കാര്‍ ഓടിക്കുകയാണെങ്കില്‍ അവരെ ഓവര്‍ ടേക്ക് ചെയ്തു എന്തെങ്കിലും രണ്ടു വര്‍ത്തമാനം പറഞ്ഞേ തീരൂ എന്നുള്ളത് നമ്മുടെ ബൈക്കുകാരില്‍ ചിലരുടെയെങ്കിലും ഒരു നിര്‍ബന്ധമാണ്.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഏതാണ്ട് 1,40,000-നടുത്ത് ജീവനുകള്‍ നടുറോഡില്‍ പൊലിഞ്ഞിട്ടുണ്ട്. അതില്‍ 75,000 പരം യുവാക്കളാണെന്നും അതുപോലെ തന്നെ മൊത്തം അപകടത്തിന്റെ 23%-ത്തിലേറെ ഇരുചക്ര വാഹനക്കാരാണെന്നും പറയുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ ഊഹിക്കാമല്ലോ ഈ ഞാണിന്മേല്‍ക്കളിയുടെ സുരക്ഷിതത്വം.

ബൈക്ക് യാത്രക്കാര്‍ എല്ലാവരും പ്രശന്ക്കാരെന്നോ ബൈക്ക് തന്നെ പ്രശ്‌നമെന്നോ ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല. നമ്മുടെ നാട്ടിലെ ബൈക്കപകടങ്ങള്‍ എടുത്തു നോക്കിയാല്‍ 90 ശതമാനവും യുവാക്കളും സ്‌കൂള്‍, കോളേജ് കുട്ടികളുമാണ് കാരണക്കാര്‍. എന്താണിതിനു കാരണം? ചോറ് കഴിക്കാമെങ്കില്‍ ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ കാണിക്കാം എന്ന് പറഞ്ഞു തുടങ്ങുന്ന നമ്മള്‍ മാതാപിതാക്കള്‍ തന്നെ വെച്ചു നീട്ടുന്ന നിര്‍ബന്ധിത ഉപാധികള്‍ വളരുന്ന പ്രായത്തിനൊപ്പം കുട്ടികളും മുതലെടുക്കുന്നു എന്നത് തന്നെയല്ലേ.

അഞ്ചാം ക്ലാസില്‍ ഒന്നാമനായാല്‍ പുതിയ സൈക്കിള്‍, പത്തില്‍ മുഴുവന്‍ എ+ കിട്ടിയാല്‍ കൈനറ്റിക്, പ്ലസ് ടുവിനു അയല്‍വാസിയുടെ മകനെ തോല്‍പ്പിച്ചാല്‍ 200cc ബൈക്ക് അങ്ങനെ പോകുന്നു നമ്മുടെ മക്കള്‍ക്കായി നാം നല്‍കുന്ന സ്‌നേഹോപഹാരങ്ങള്‍. സൈക്കിളില്‍ പോകേണ്ട ദൂരത്തു ബൈക്ക് വേണ്ടതുണ്ടോ എന്നും, എന്തിലും ഏതിലും സാമര്‍ത്ഥ്യം കാണിക്കാന്‍ മുതിരുന്ന പ്രായത്തില്‍ നിയമങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും കുട്ടികള്‍ എത്ര മാത്രം ഗൗനിക്കും എന്നതും നാം ചിന്തിക്കാറില്ല.

രണ്ടു പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ബൈക്കില്‍ മൂന്നും നാലും കുട്ടികള്‍ യാത്ര ചെയ്യുന്നതും, ഹെല്‍മെറ്റ് കയ്യില്‍ തൂക്കിയുള്ള യാത്രയുമെല്ലാം നമ്മുടെ യുവജനത്തിനു വളരെ പ്രിയമുള്ള കാര്യങ്ങളാണ്.

കഴിഞ്ഞ പെരുന്നാളിന് മകന്റെ ജീവന്‍ പൊലിഞ്ഞ ഒരു അടുത്ത സുഹൃത്ത് പറയുന്നത് ഞാനിപ്പോഴും ഓര്‍ക്കും ‘വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഹെല്‍മറ്റു വെച്ചു പോയാലും കൂട്ടുകാരന്‍ പുറകില്‍ കയറിയാല്‍ അപ്പഴേ അതഴിച്ചു മാറ്റും’

എല്ലാക്കാര്യങ്ങളും നമുക്ക് തെറ്റ് ചെയ്തു ശരി പഠിക്കാന്‍ പറ്റിയെന്നു വരില്ല. എല്ലായ്‌പ്പോഴും ഋഷിരാജ് സിങ്ങുമാര്‍ നമ്മുടെ കുട്ടികളെ നേരെനടത്താന്‍ വന്നെന്നും വരില്ല. കുട്ടികള്‍ക്ക് ലോകം മുഴുവനും സമ്മാനം നല്‍കിയാലും മതിവരാത്ത മാതാപിതാക്കള്‍ കുട്ടികളുടെ ജല്പനങ്ങള്‍ മുഴുവന്‍ അംഗീകരിച്ചു കൊടുക്കാന്‍ നിന്നാല്‍ ആ കുട്ടികളും മുതിര്‍ന്നവരും തമ്മില്‍ എന്ത് വ്യത്യാസം?

ഒരു പക്ഷെ കേരളത്തില്‍ മാത്രം കണ്ടു വരുന്ന മറ്റൊരു ഗതാഗത നിയമം കൂടി ഇവിടെ പറയാമെന്നു തോന്നുന്നു. ഏതെങ്കിലും ഒരു അപകടം നടന്നാല്‍ ആരുടെ പക്ഷമാണ് കുറ്റം എന്നല്ല കൂടിയിരിക്കുന്നവര്‍ നോക്കുക. ഒരൊറ്റ നിയമമെ ഉള്ളൂ, അപകടത്തില്‍പ്പെട്ടതില്‍ ഏതു വണ്ടിയാണ്, വലുത് അവരാണ് തെറ്റുകാര്‍. ബൈക്കും സൈക്കിളും കൂട്ടിയിടിച്ചാല്‍ തെറ്റ് ബൈക്കിന്, കാറും ബൈക്കും തമ്മിലെങ്കില്‍ കാറിന്, കാറും ബസ്സും തമ്മിലെങ്കില്‍ ബസ്സിന്. ഇതാണ് കേരളത്തിലെ പൊതു അലിഖിത നിയമം.

ഇതിനെല്ലാം കാരണം കേരളത്തിലെ റോഡ് വികസനത്തിലുള്ള പോരായ്മയാണെന്നു വാശിപിടിക്കുന്നവര്‍ ബാംഗ്ലൂര്‍ പോലുള്ള മെട്രോയിലെ അവസ്ഥ ഒന്ന് പോയി കാണാണേ, അപ്പഴേ മനസ്സിലാകൂ നമ്മുടെ നാട്ടിലെ റോഡിന്റെ ഗുണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തോമസ് ചെറിയാന്‍

കഴിഞ്ഞ ആറ് വര്‍ഷമായി ദോഹയില്‍ എണെസ്റ്റ് ആന്‍ഡ് യംഗില്‍ ഓഫീസ് കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന തോമസ് ചെറിയാന്‍ കോഴിക്കോട് സ്വദേശിയാണ്.

More Posts

This post was last modified on September 18, 2015 7:58 am