X

വോട്ടുറപ്പിക്കാന്‍ ‘പേജ് പ്രമുഖ്’ പദ്ധതിയുമായി യോഗി ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാര്‍ കേരളത്തിലേക്ക്

വോട്ടര്‍ പട്ടികയുടെ ഒരു പേജിന്റെ ഒരു വശത്ത് 30 പേരാണുള്ളത്. അഞ്ചോ ആറോ വീടുകളിലാകും ഈ വോട്ടര്‍മാരുണ്ടാവുക. ഇവരുടെ ചുമതല മാത്രമാകും ഒരു പേജ് പ്രമുഖിന്. നിരന്തര ഗൃഹസമ്പര്‍ക്കത്തിലൂടെ ഇവരുടെ വോട്ട് അനൂകൂലമാക്കി വോട്ട് ചെയ്യാന്‍ എത്തിക്കുന്നതുവരെയാണ് ഒരു പേജ് പ്രമുഖിന്റെ ചുമതല.

ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്‌ ബിജെപിയുടെ ‘പേജ് പ്രമുഖ്’ പദ്ധതിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാര്‍ കേരളത്തിലേക്ക് എത്തുന്നു. വോട്ടര്‍പട്ടികയിലെ ഒരു പേജിന്റെ ചുമതല ഒരു പ്രവര്‍ത്തകന് നല്‍കി ആ ജനങ്ങളെ നിരന്തരം കണ്ട് വോട്ടുറപ്പിക്കുന്ന പദ്ധതിയാണ് ‘പേജ് പ്രമുഖ്’. പേജ് പ്രമുഖ്മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും കേരളത്തിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിജെപി ദേശീയ നേതൃത്വം നിയോഗിച്ചു.

ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപി പരീക്ഷിച്ചതാണ് പേജ് പ്രമുഖ് പദ്ധതി. രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പേജിന് രണ്ടുപേര്‍ക്കായിരുന്നു ചുമതല. കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ യോഗി ആദിത്യനാഥ് 14ന് പത്തനംതിട്ടയിലും രണ്ടാഴ്ചയ്ക്കുള്ളില്‍ കോട്ടയത്ത് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും കൊച്ചിയില്‍ രവിശങ്കര്‍ പ്രസാദും പങ്കെടുക്കും. പാലക്കാട് യോഗത്തില്‍ ദേശീയ അധ്യഷന്‍ അമിത് ഷാ നേരിട്ടെത്തും. മറ്റു കേന്ദ്രമന്ത്രിമാര്‍ രണ്ടാം ഘട്ടത്തലാണ് എത്തുക.

കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോഡ് മണ്ഡലങ്ങളില്‍ പേജിന്റെ ചുമതല ചില പ്രദേശങ്ങളില്‍ രണ്ടുപേര്‍ക്കാണ്. തങ്ങളുടെ ചുമതലയില്‍പ്പെട്ട വോട്ടര്‍ പട്ടിക പേജുമായാണ് ഇവര്‍ യോഗത്തിനെത്തേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പേജ് പ്രമുഖര്‍ എല്ലാംകൂടി ഒരു മണ്ഡലത്തില്‍ 25000 മുതല്‍ 30000 പേര്‍ കാണും. ഇവരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് കേന്ദ്ര നേതാക്കളും മുഖ്യമന്ത്രിമാരുമെത്തുന്നത്.

പത്തനംതിട്ടയില്‍ എത്തുന്ന യോഗി ആദിത്യനാഥ് ആദ്യം പങ്കെടുക്കുന്നത് തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങല്‍, പത്തനംതിട്ട ജില്ലകളിലെ ‘ശക്തി കേന്ദ്ര ‘ കോഓര്‍ഡിനേറ്റര്‍മാരുടെ യോഗത്തിലാണ്. ബിജെപി പാര്‍ട്ടി ഘടനയില്‍ അഞ്ചു ബൂത്തുകള്‍ ചേര്‍ത്തഉള്ള പുതിയ സംവിധാനമാണ് ‘ശക്തി കേന്ദ്ര’. സംസ്ഥാന പ്രസിഡന്റിനും ഒരു ശക്തികേന്ദ്രയുടെ ചുമതലയുണ്ട്. ശക്തികേന്ദ്രയില്‍ വോട്ട് കുറഞ്ഞാല്‍ ആ നേതാവാണ് ഉത്തരവാദി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബൂത്ത് കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിയ്ക്കും ഇടയില്‍ ഈ ഘടന തുടരണമെന്നാണ് നിര്‍ദേശം.

വോട്ടര്‍ പട്ടികയുടെ ഒരു പേജിന്റെ ഒരു വശത്ത് 30 പേരാണുള്ളത്. അഞ്ചോ ആറോ വീടുകളിലാകും ഈ വോട്ടര്‍മാരുണ്ടാവുക. ഇവരുടെ ചുമതല മാത്രമാകും ഒരു പേജ് പ്രമുഖിന്. നിരന്തര ഗൃഹസമ്പര്‍ക്കത്തിലൂടെ ഇവരുടെ വോട്ട് അനൂകൂലമാക്കി വോട്ട് ചെയ്യാന്‍ എത്തിക്കുന്നതുവരെയാണ് ഒരു പേജ് പ്രമുഖിന്റെ ചുമതല.

This post was last modified on February 12, 2019 8:16 am