X

കൊടുങ്ങല്ലൂരെ മീശ വടി; അസഹിഷ്ണുതയുടെ മറ്റൊരു സംഘപരിവാര്‍ മുഖം

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കാത്തതിനാണ് കണ്ണനെ ബിജെപിക്കാര്‍ ബലംപ്രയോഗിച്ച് മീശ വടിച്ചതെന്നും ആരോപണമുണ്ട്

വാതുവയ്പ്പുകള്‍ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാണ്. യാതൊരു ഉറപ്പുമില്ലാത്ത കാര്യങ്ങളില്‍ പോലും വാതുവയ്ക്കുന്നവരെയും നാം നമ്മുടെ ചുറ്റിലും കാണാറുണ്ട്. തെരഞ്ഞെടുപ്പ്, ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്നിവയുടെയെല്ലാം ആവേശത്തിന്റെ പാരമ്യതയില്‍ എന്തെല്ലാം വാതുവയ്പ്പുകളാണ് നമുക്ക് ചുറ്റും നടക്കാറ്. പലപ്പോഴും പലതും പിന്നീട് ചിരിച്ചു തള്ളുന്നതാണ് നാം കാണാറ്.

കൊടുങ്ങല്ലൂരില്‍ ഏഴ് മാസം മുമ്പുണ്ടായ ഒരു വാതുവയ്പ്പും അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചയാകുകയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന വാതുവയ്പ്പില്‍ പരാജയപ്പെട്ട ഹോട്ടല്‍ തൊഴിലാളിയെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പാതി മീശ വടിച്ചതാണ് സംഭവം. ചന്തപ്പുര പടിഞ്ഞാറ് കരിച്ചാംകുളത്ത് അമൃതാനന്ദമയി മഠത്തിന് സമീപം ഇന്നലെ പകല്‍ 2.30നായിരുന്നു സംഭവം. ചള്ളിയില്‍ കണ്ണന്‍ എന്ന ഹോട്ടല്‍ തൊഴിലാളിയെയാണ് ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചുവച്ച് മീശ വടിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നായിരുന്നു കണ്ണന്റെ വാതുവയ്പ്പ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ വിജയിക്കുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ ജോലി സ്ഥലത്തു നിന്നും കണ്ണന്‍ ഇടക്കിടെ കൊടുങ്ങല്ലൂരില്‍ വരാറുണ്ടെങ്കിലും മീശ വടിക്കാത്തത് ആരും കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഏഴ് മാസത്തിന് ശേഷം ഇന്നലെ യാതൊരു പ്രകോപനവും ഇല്ലാതെ ബിജെപി പ്രവര്‍ത്തകര്‍ നേരിട്ടിറങ്ങി ആ പ്രവൃത്തി ചെയ്യുകയായിരുന്നു.

അതേസമയം ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കാത്തതിനാണ് കണ്ണനെ ബിജെപിക്കാര്‍ ബലംപ്രയോഗിച്ച് മീശ വടിച്ചതെന്നും ആരോപണമുണ്ട്. കണ്ണന്റെ മീശ വടിച്ച ശേഷം ബിജെപി പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടിയുയര്‍ത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പൊതുജന മധ്യത്തില്‍ വച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ഈ ക്രൂരതയെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്ണനെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പതിനഞ്ച് പേരടങ്ങുന്ന സംഘം ഭീഷണിപ്പെടുത്തിയിട്ടും സിപിഐ(എം)നും പിണറായി വിജയനും അനുകൂലമായാണ് ഇയാള്‍ മുദ്രാവാക്യം വിളിച്ചതെന്നത് അക്രമികളെ പ്രകോപിതരാക്കി.

തുടര്‍ന്ന് നാല് പേര്‍ ചേര്‍ന്ന് കണ്ണന്റെ കൈകള്‍ പിന്നോട്ട് വലിച്ച് പിടിക്കുകയും മറ്റുള്ളവര്‍ ചേര്‍ന്ന് ദേഹത്ത് പിടിക്കുകയും ചെയ്ത ശേഷം പകുതി മീശ വടിക്കുകയായിരുന്നു.ജോലി കഴിഞ്ഞ് തിരികെ സൈക്കിളില്‍ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ നാല് സംഘപരിവാര്‍-ബിജെപി പ്രവര്‍ത്തകരെ കണ്ണന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ദിനേശ്, ശിവന്‍, റെനീഷ്, സനും എന്നിവരാണ് അറസ്റ്റിലായത്.

മീശവടിക്കുന്ന സമയത്ത് പ്രദേശത്തെ ബിജെപി കൗണ്‍സിലര്‍ ബിന്ദുവും സ്ഥലത്തുണ്ടായിരുന്നു. മുമ്പും ബിജെപിയുടെ അക്രമ രാഷ്ട്രീയം അരങ്ങേറിയ പ്രദേശമാണ് കരിച്ചാംകുളം. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ്പ്രസിഡന്റ് കെ യു ബിജുവിനെ ബിജെപിക്കാര്‍ കൊലപ്പെടുത്തിയതും ഇവിടെയാണ്.

സംവിധായകന്‍ കമലിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടത്തിയതും കൊടുങ്ങല്ലൂരിലാണ്. കമലിന്റെ കോലം കത്തിച്ചത് കൂടാതെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ദേശീയഗാനം ആലപിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

This post was last modified on January 18, 2017 7:15 pm