X

ചോര പടരുന്ന യൂണിഫോമുകള്‍; കൃത്യമായ തീയതിയും സമയവും പറഞ്ഞു വരുന്ന വിരുന്നുകാരനല്ല ആര്‍ത്തവം

ഒരു പാഡില്‍ നില്‍ക്കാതെ അടിവസ്ത്രവും കഴിഞ്ഞ് ചുരിദാറിന്റെ പിന്നില്‍ രക്തം പടരുന്ന അവസ്ഥ സ്ഥിരമായി പലര്‍ക്കും കാണാറുണ്ട്

എന്നാണിനി നമ്മുടെ സ്‌കൂളുകള്‍ പെണ്‍ സൗഹൃദ ഇടങ്ങളാവുക?

സ്‌കൂള്‍ യൂണിഫോമിനെക്കുറിച്ചു തന്നെ; ആര്‍ത്തവത്തെക്കുറിച്ചും. കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ യൂണിഫോം വെള്ള ചുരിദാര്‍. ആര്‍ത്തവം തുടങ്ങുന്ന പ്രായം. കൃത്യമായ തീയതിയും സമയവും പറഞ്ഞു വരുന്ന വിരുന്നുകാരനല്ല ആര്‍ത്തവം. പുറത്തു പോകുന്ന രക്തത്തിന്റെ അളവും നിയന്ത്രിക്കാനോ മുന്‍കൂട്ടി നിശ്ചയിക്കാനോ കഴിയില്ല. അതുകൊണ്ടു തന്നെ പാഡ് ഒക്കെ വച്ചുകെട്ടി എന്നും സ്‌കൂളില്‍ പോകേണ്ട അവസ്ഥയാണ്. ഒരു പാഡില്‍ നില്‍ക്കാതെ അടിവസ്ത്രവും കഴിഞ്ഞ് ചുരിദാറിന്റെ പിന്നില്‍ രക്തം പടരുന്ന അവസ്ഥ സ്ഥിരമായി പലര്‍ക്കും കാണാറുണ്ട്.

പെട്ടന്ന് രക്തസ്രാവം ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ വേദനകളും അസ്വസ്ഥതയും തോന്നാത്തവര്‍ അറിയുക രക്തം വസ്ത്രത്തില്‍ പടര്‍ന്നു കഴിഞ്ഞാവും. സ്‌കൂളില്‍ നിന്ന് ഉടന്‍ തിരിച്ചു പോരേണ്ടി വരികയാണ് പലര്‍ക്കും. തിരിച്ചുവിളിക്കാന്‍ ഗാര്‍ഡിയന്‍ എത്തേണ്ടതും അത്യാവശ്യം. പേരന്റ്‌സ് അകലെയാണ് ജോലി ചെയ്യുന്നതെങ്കില്‍ പ്രശ്‌നം ഗുരുതരമാവും. എന്റെ കൊച്ചുമകള്‍ രണ്ടു പാന്റീസും പാഡും ധരിച്ചിട്ട് ഇടക്കു മാറുവാന്‍ വേണ്ടിയും പാഡു കൊണ്ടു പോകുന്നു. എന്നിട്ടും ചോര പടര്‍ന്ന യൂണിഫോം പതിവാകുന്നു. കഴുകി വൃത്തിയാക്കുക ദുഷ്‌ക്കരം.

കഴിഞ്ഞ രണ്ടു മാസങ്ങളിലും സ്‌കൂളില്‍ വച്ച് ആര്‍ത്തവമുണ്ടാവുകയും കുട്ടിയുടെ അച്ഛനെ ഫോണ്‍ ചെയ്ത് ഉടന്‍ വന്നു കൊണ്ടു പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു ടീച്ചര്‍. കുട്ടിയുടെ അച്ഛന്‍ തൃശൂരില്‍, അവന്‍ ഭയന്നു പോയി അസുഖമെന്ത് എന്നോര്‍ത്ത്. കുട്ടിക്കും ഭയവും അപകര്‍ഷതാബോധവുമുണ്ടാകുന്നു. എന്തുകൊണ്ട് കളര്‍ യൂണിഫോം… മെറൂണോ റെഡോ ആയിക്കൂടാ നമ്മുടെ പെണ്‍കുട്ടികള്‍ക്ക്.

ആരോടാണ് പറയുക നമ്മള്‍.
ആരോട് ആവശ്യപ്പെടണം.

(പോസ്റ്റല്‍ വകുപ്പ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ മാതാവുമായ എഴുത്തുകാരി ഗീത പുഷ്‌കരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്)