X

നൂറു സിംഹാസനങ്ങള്‍ വെറുമൊരു കഥയല്ലെന്നും, ഉണ്ടയിലെ ബിജു കുമാര്‍ വെറുമൊരു കഥാപാത്രമല്ലെന്നും നമ്മള്‍ക്ക് മനസിലാകാന്‍ കുമാറിനെ പോലുള്ളവര്‍ ഇനിയും ജീവനൊടുക്കണോ?

ആദിവാസിയായതിന്റെ പേരില്‍ നേരിടേണ്ടി വന്ന മാനസികപീഡനമാണ് കുമാറിനെ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കിയത്

‘ഉണ്ട’യിലെ സിവില്‍ പൊലീസ് ഓഫിസര്‍ ബിജു കുമാര്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമായിരുന്നില്ലെന്നു കേരളത്തെ ഓര്‍മിപ്പിക്കുകയാണ് കുമാര്‍ എന്ന പൊലീസുകാരന്‍. ആദിവാസിയായതിന്റെ പേരില്‍ നേരിടേണ്ടി വന്ന മാനസികപീഡനമാണ്
പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുകാരനായ കുമാറിനെ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. മറ്റുള്ളവര്‍ നമ്മുടെ ജീവിതം തീരുമാനിക്കുന്നൊരു അവസ്ഥ’യെക്കുറിച്ച് ഉണ്ടയില്‍ ബിജു കുമാര്‍ പറയുന്നുണ്ട്. അതെത്ര പേര്‍ മനസിലാക്കി? ആദിവാസിയും ദളിതനും ന്യൂനപക്ഷക്കാരനും ഇന്ത്യയില്‍ എല്ലായിടത്തും മറ്റുള്ളവരുടെ തീരുമാനത്തിന്‍ പ്രതി ജീവിക്കേണ്ടി വരുന്നവരായിട്ടും; കാട്ടില്‍ നിന്നുമാത്രമല്ല, സാമൂഹ്യ ജീവിതത്തില്‍ നിന്നും ആദിവാസിയേയും ദളിതനെയും ഇറക്കിവിട്ടുകൊണ്ടിരിക്കുകയാണെന്നറിയാമായിരുന്നിട്ടും.

എന്നിട്ടും നമ്മള്‍ ചര്‍ച്ച ചെയ്തതും വികാരം കൊണ്ടതും ബസ്തറിലെ അദിവാസികളെ കുറിച്ചായിരുന്നല്ലോ! ബിജു കുമാര്‍ പറഞ്ഞത് ഉത്തരേന്ത്യന്‍ അവസ്ഥയെ കുറിച്ചായിരുന്നില്ല, തന്റെ നാടിനെക്കുറിച്ചായിരുന്നു. ആദിവാസിയും ദളിതനും എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്ന മലയാളി മനോഭാവത്തെ കുറിച്ച്. മരണത്തിനു മുന്നിലേക്ക് കയറി നിന്നുകൊണ്ട് കുമാര്‍, അതേ ഡയലോഗ് ഒന്നാവര്‍ത്തിക്കുക മാത്രമല്ലെ ചെയ്തത്. തങ്ങളെക്കാള്‍ ജാതിയിലും സമ്പത്തിലും മുകളില്‍ നില്‍ക്കുന്നവര്‍ വിലയിടുന്ന ജീവിതമാണ് ഓരോ ആദിവാസിയും ദളിതനും ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നത്. അതിന് കഴിയാത്തവന് മരണമാണ് പിന്നെയൊരു വഴി. ഇവിടെ നിന്നു തിരിച്ചു പോകാന്‍ കഴിഞ്ഞാല്‍ എല്ലാം വിട്ടെറിഞ്ഞു പോകുമെന്നു നിരാശയും രോഷവും കലര്‍ന്നു ബിജു കുമാര്‍ പറഞ്ഞതുപോലെ.

ആദിവാസിയെക്കൊണ്ട് ഇന്നും അടിമ പണി ചെയ്യിപ്പിക്കുന്നവരാണ് നമ്മള്‍. 28 വര്‍ഷമായി അടിമ വേല ചെയ്തു വന്ന ശിവാളിനെ കുറിച്ച് വായിച്ചിട്ട് ദിവസങ്ങള്‍ അധികം കഴിഞ്ഞില്ലല്ലോ. ഇപ്പോഴും എത്രയെത്ര ശിവാളുമാര്‍ അടിമകളായി ജീവിക്കുന്നുണ്ടാകും. അഗ്രഹാരങ്ങളിലെ ബുദ്ധിമുട്ടുകളെക്കുറിച്ചോര്‍ത്തു അനുതപിക്കുമ്പോഴും കാടും നാടുമില്ലാതെ പുറമ്പോക്കുകളില്‍ എത്രയോ ആദിവാസികള്‍ കഴിയുന്നുണ്ടെന്നു ശ്രദ്ധിക്കാതെ പോകുന്നവരാണ് നാം. സാമൂഹ്യ ജീവിതത്തിന്റെ അധികാരത്തട്ടുകള്‍ ഇന്നും നിലനിര്‍ത്തുന്നവരായതുകൊണ്ടാണ് നമുക്ക് ബ്രാഹ്മാണനോടു തോന്നുന്ന അനുതാപം ആദിവാസിയോട് തോന്നാത്തത്. തമ്പുരാന്‍ ഇമേജും അട്ടപ്പാടി ലുക്കും ഇന്നും അവേശവും കോമഡിയുമായി കൊണ്ടു നടക്കുന്നവരാണ് നമ്മളെന്നതിനാലാണ് കുമാറുമാര്‍ക്ക് മരിക്കേണ്ടി വരുന്നത്.

ആദിവാസിക്ക് ബുദ്ധിയില്ല, വിവരമില്ല എന്നു തീര്‍ച്ചപ്പെടുത്തുന്ന പൊതുബോധം നമുക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന് ഉണ്ടയിലെ സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ ആക്രോശിച്ചപ്പോഴെല്ലാം നമ്മളിലെത്രപേര്‍ ഉത്കണ്ഠപ്പെട്ടു! കുമാറിനു നേരിടേണ്ടി വന്നതും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള അതേ പരിഹാസമായിരുന്നു. അവരയാളെ അര്‍ദ്ധനഗ്നനാക്കി നിര്‍ത്തി. ഒന്നിനും കൊള്ളാത്തവനും വിവരമില്ലാത്തവനുമെന്നു പറഞ്ഞു കളിയാക്കി, ശാരീരികമായി ഉപദ്രവിച്ചു. നിറവും രൂപവും പറഞ്ഞ് ഇപ്പോള്‍ വേണമെങ്കിലും കളിയാക്കാവുന്നരാണല്ലോ ആദിവാസിയും ദളിതനും; അവനതൊക്കെ സഹിക്കണം. ഉണ്ടയില്‍ കണ്ടതല്ലേ, ബിജു കുമാറിന്റെ സഹനം. ചിലപ്പോള്‍ ഒരു നേരംപോക്കുപോലെ, അതല്ലെങ്കില്‍ അധികാരം കാണിക്കാന്‍ എങ്ങനെ വേണമെങ്കിലും ആദിവാസിയേയും ദളിതനെയും അവന്റെ സ്വത്വം പറഞ്ഞ് താറടിക്കാം. എത്രയോ നാളായി തുടരുന്ന രീതികള്‍.

ഉണ്ടയില്‍ ബിജു കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലുക്ക്മാനോട് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ആദ്യം പറഞ്ഞത്, ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ വായിക്കാനായിരുന്നു. ജാതീയ അസമത്വം എത്ര ഭീകരമാണെന്ന് സ്വയം മനസിലാക്കിയെടുക്കാന്‍ ഒരു നടനോട് സംവിധായകന് ഒരുപക്ഷേ, ആ കഥയോളം ഉചിതമായ മറ്റൊന്നു നിര്‍ദേശിക്കാന്‍ ഉണ്ടാകില്ല. നിങ്ങള്‍ ആരായാലും എത്ര പഠിച്ചാലും ഉദ്യോഗം നേടിയാലും ആദിവാസിയും ദളിതനുമാണെങ്കില്‍ അതു മാത്രമായിരിക്കും മറ്റുള്ളവര്‍ക്ക് എന്നത് പറഞ്ഞു വച്ച നൂറു സിംഹാസനങ്ങള്‍ വെറുമൊരു കഥയല്ലെന്നും, ഉണ്ടയിലെ ബിജു കുമാര്‍ വെറുമൊരു കഥാപാത്രമല്ലെന്നും ഇനിയെങ്കിലും നമ്മള്‍ മനസിലാക്കുമോ? അതോ ഇനിയും തെളിവുകളായി കുമാറിനെ പോലുള്ളവര്‍ ഉണ്ടാകണോ?

Read More: പാലക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത് ജാതി വിവേചനം മൂലമെന്ന് ഭാര്യ

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on July 27, 2019 6:56 pm