X
    Categories: ബ്ലോഗ്

ബ്യൂറോക്രസി വീണുപോകുന്നിടത്ത് ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ മുന്നോട്ടു വരുന്നത് ഇങ്ങനെയാണ്

ബ്യൂറോക്രസി സ്വയം തോറ്റ് കൊടുത്തത് കൊണ്ടാണ് അയാൾക്ക് അങ്ങനെയൊരു അധികബാധ്യതയേൽക്കേണ്ടി വന്നത്

ബ്യൂറോക്രസിക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഇന്ത്യൻ ബ്യൂറോക്രസിക്ക് അതിന്റേതായ ചില പരിമിതികളുണ്ടെങ്കിലും നെഹ്റുവും അംബേദ്കറും ഇടത് ട്രേഡ് യൂണിയനുകളും പല ദിക്കുകളിൽ നിന്നായ് കൊണ്ട് വന്ന പരിവർത്തനങ്ങൾ അതിനെ ജനപക്ഷത്ത് നിൽക്കാൻ പര്യാപ്തമാക്കിയിട്ടുണ്ട്.

പക്ഷേ ബ്യൂറോക്രസി വീണ് പോകുന്ന ചില മുഹൂർത്തങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിലാണ് പരീക്ഷാസംവിധാനങ്ങൾ തിരഞ്ഞെടുത്തവരെ മറികടന്ന് ജനങ്ങൾ തിരഞ്ഞെടുത്തവർ മുന്നോട്ട് വരുന്നത്.

തിരുവനന്തപുരം ജില്ലയിൽ നിന്നും വലിയ സഹായങ്ങളൊന്നും എത്തിക്കേണ്ടതില്ലെന്നൊരു വിധിയുമെഴുതി ലീവെടുത്ത് കൈകഴുകിയ പീലാത്തോസൈയേസ് സൃഷ്ടിച്ച ശൂന്യതയെ തന്റെ രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ട് പ്രവർത്തനോന്മുഖമാക്കി ജനപക്ഷത്തേക്ക് ആനയിച്ച മേയർ പ്രശാന്തിനെ ആ ഒരു കോണിൽ നിന്ന് വേണം നോക്കി കാണേണ്ടതെന്ന് തോന്നുന്നു. പരീക്ഷയെഴുത്തിൽ പീലാത്തോസൈയേസിന്റെ അത്ര ഐക്യു (ഇന്റലിജൻസ് കോയെഫിഷന്റ്) ഒന്നും ഇല്ലാത്തൊരാളാവാം ആ മേയർ, അതൊന്നും കൃത്യമായ് പറയാനാവില്ല എങ്കിലും തെളിവുകളുടെ അഭാവത്തിൽ അങ്ങനെയാണെന്ന് തന്നെ കരുതുക. പക്ഷേ അയാളുടെ പിക്യു (പൊളിറ്റിക്കൽ കോയെഫിഷന്റ്) പീലാത്തോസൈയേസിനേക്കാൾ വളരെ ഉയർന്ന ഒരു ഇൻഡക്സിലാണുള്ളതെന്ന കാര്യം കഴിഞ്ഞ കുറെ മണിക്കൂറുകൾ ബോധ്യപ്പെടുത്തുന്നുണ്ട്.

Also Read: 44ാമത്തെ ലോഡ് കേറുന്നു: മലബാറിലേക്ക് സ്നേഹത്തിന്റെ പ്രളയം കയറ്റിവിട്ട് തിരുവനന്തപുരം മേയറും കൂട്ടരും

ബ്യൂറോക്രസി സ്വയം തോറ്റ് കൊടുത്തത് കൊണ്ടാണ് അയാൾക്ക് അങ്ങനെയൊരു അധികബാധ്യതയേൽക്കേണ്ടി വന്നത്. ബ്യൂറോക്രസി മാത്രമല്ല, ജുഡീഷറിയും ഫോർത്ത് എസ്റ്റേറ്റും അടക്കം ജനാധിപത്യത്തിന്റെ ഏതൊരു ഘടകം പണിമുടക്കിയാലും അത് പരിഹരിക്കാൻ കഴിയുന്നത് സർഗാത്മകമായ രാഷ്ട്രീയത്തിന് മാത്രമാണ്. രാഷ്ട്രീയം തന്നെ ജനാധിപത്യവിരുദ്ധമാവുന്നൊരിടത്ത് അവശേഷിക്കുന്ന അനന്തരസാധ്യതയും ഒരു ഇതരരാഷ്ട്രീയം തന്നെയായിരിക്കും.

(ഹരിശങ്കര്‍ കര്‍ത്ത ഫേസ്ബുക്കില്‍ എഴുതിയത്)

Read Azhimukham: പ്രളയകാലത്തിന്റെ ഓമനയായി മനുഷ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ കൊച്ചുമിടുക്കിക്ക് ‘വല്യ സ്‌പോര്‍ട്‌സുകാരി’യാകണം; ഇപ്പോള്‍ വേണ്ടത് ഒരു വീടാണ്