X

മസ്തിഷ്‌ക മരണവും അവയവദാന മാഫിയയും; സംശയങ്ങള്‍ ദൂരീകരിക്കപ്പെടേണ്ടതുണ്ട്

എല്ലാ മസ്തിഷ്‌കമരണ പാനലുകളിലും മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മാത്രം മതി; സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലായിടത്തും അവയവദാന ശസ്ത്രക്രിയകള്‍ക്കുള്ള സംവിധാനം ഒരുക്കണം

ജോസഫ് മുറേ എന്ന അമേരിക്കക്കാരനായ ഒരു പ്ലാസ്റ്റിക് സര്‍ജന്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ചതിനു ശേഷം നാട്ടില്‍ തിരിച്ചെത്തി. മോഡേണ്‍ മെഡിക്കല്‍ രംഗത്ത് അതിവേഗ കുതിപ്പുകളുടെ കാലമായിരുന്നു അന്ന്. മുറിഞ്ഞുപോയ രക്തക്കുഴലുകള്‍ തുന്നിച്ചേര്‍ക്കാമെന്നും അതിലൂടെ രക്തം വീണ്ടും ഒഴുക്കി കൈ കാലുകള്‍ സംരക്ഷിക്കാമെന്നും കണ്ടുപിടിക്കുന്നത് ആയിടെയാണ്. അലക്‌സാണ്ടര്‍ കാരല്‍ എന്നൊരാള്‍ മൃഗങ്ങളിലാണ് ആദ്യം ഇത് ചെയ്തത്. കാരലിന് ഈ കണ്ടുപിടുത്തത്തിന് നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.

വൃക്ക, കരള്‍ എന്നിവ പ്രവര്‍ത്തിക്കാത്തതു കാരണം അനേക രോഗികള്‍ മരിച്ചിരുന്നു. ഇന്നും മരിക്കുന്നുണ്ട്. എല്ലാ മനുഷ്യര്‍ക്കും രണ്ട് വൃക്കകളുണ്ട്. എന്തുകൊണ്ട് ഒരെണ്ണം ഇതുപോലെ വൃക്കരോഗം വന്ന് മൃതപ്രായനായ ഒരാള്‍ക്ക് മാറ്റിവച്ചുകൂടാ? ഡോക്ടര്‍ മുറേ അടക്കം ഒരുപാട് പേര്‍ ഇതുപോലെ ചിന്തിച്ചു.

എന്തായാലും സാദ്ധ്യമാവില്ല… ഒരിക്കലും… ഇങ്ങനെയാണ് അന്ന് മിക്കവരും വിചാരിച്ചിരുന്നത്. ഒരു ആര്‍ട്ടറി, ഒരു വെയിന്‍ – അങ്ങനെ രണ്ട് രക്തക്കുഴലുകള്‍ യോജിപ്പിച്ചാല്‍ രക്തയോട്ടം നടക്കും. പക്ഷേ അതിസൂക്ഷ്മ ഞരമ്പുകള്‍, ലിംഫ് കുഴലുകള്‍ എന്നിവ? മാത്രമല്ല, മറ്റൊരാളുടെ അവയവത്തെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ ബാക്ടീരിയകളെ എന്നതുപോലെ ആക്രമിച്ച് പുറന്തള്ളും. അതിനെന്തു ചെയ്യും?

ജോസഫ് മുറെ കൈവിട്ടില്ല. അദ്ദേഹം മൃഗപരീക്ഷണശാലയിലേക്ക് കടന്നു. പന്നികളുടേയും മറ്റും ഒരു വൃക്ക എടുത്തു മാറ്റും. എന്നിട്ടുടന്‍ തന്നെ രക്തക്കുഴലുകള്‍ വീണ്ടും തിരിച്ചുചേര്‍ക്കും. അങ്ങനെ ആ ശസ്ത്രക്രിയയില്‍ വിദഗ്ധനായി. ഒരു പ്രാവശ്യം മൃഗത്തിന്റെ രണ്ട് വൃക്കകളും എടുത്തുമാറ്റി. ഒരെണ്ണം തിരിച്ച് രക്തക്കുഴലുകള്‍ യോജിപ്പിച്ച് പിടിപ്പിച്ചു. മൃഗം ചത്തില്ല. – മൂത്രം ഒഴിക്കുന്നുമുണ്ട്!

അങ്ങനെയാണ് ഇത് സാധ്യമാകും എന്ന് നമുക്ക് മനസ്സിലായത്. സൂക്ഷ്മ ഞരമ്പുകളും ലിംഫ് കുഴലുകളും ഒന്നും വേണ്ട. രക്ത ഓട്ടം മാത്രം മതി. വൃക്ക പ്രവര്‍ത്തിക്കാന്‍.

അങ്ങനെ വീണ്ടും പരീക്ഷണങ്ങള്‍. രോഗപ്രതിരോധ ശക്തിയുടെ ആക്രമണത്തെ എങ്ങനെ ചെറുക്കും? ഇതും ആലോചിച്ചിരിക്കുമ്പോഴാണ് ഒരു കിഡ്‌നി ഫെയിലിറായ (ഗുരുതര വൃക്കരോഗം വന്ന് മരിക്കാറായ) ഒരു രോഗിയെ കാണുന്നത്. ബന്ധുക്കളുടെ കൂടെ അതാ രോഗിയുടെ ഫോട്ടോസ്റ്റാറ്റ് പോലെ വോറൊരുത്തന്‍. ഇരട്ട സഹോദരനാണ്.
ഒരുപോലിരിക്കുന്ന ഇരട്ട സഹോദരന്‍മാരുടെ ജനിതകം ഒരുപോലിരിക്കും. ശരീരത്തിന്റെ പ്രതിരോധശക്തിക്ക് തിരിച്ചറിയാന്‍ പറ്റില്ല. ഡോക്ടറിന്റെ മനതാരില്‍ ഒരു പില്‍ക്കാല സുപ്രസിദ്ധ ലഡു പൊട്ടി. സഹോദരന്റെ കിഡ്‌നിയെടുത്ത് രോഗിക്ക് വച്ചു. രോഗി ജീവിച്ചു. 1954-ലായിരുന്നു അത്.

ശരീരത്തിന്റെ പ്രതിരോധശക്തിയെ മറികടക്കുന്ന മരുന്നുകള്‍ വന്നതോടെ പതുക്കെ ഇത്തരം സര്‍ജറികള്‍ സാധാരണമായി.

ഒരു കുഴപ്പമുണ്ട്. ആരെങ്കിലും അവയവം കൊടുക്കാന്‍ റെഡിയാകണം. എന്തൊക്കെ പറഞ്ഞാലും ശസ്ത്രക്രിയയ്ക്ക് ഒരു അപകട സാധ്യതയുണ്ട്. പ്രത്യേകിച്ച് കരളിന്റെ ഒരു ഭാഗം എടുക്കുന്നതില്‍; പാന്‍ക്രിയാസ്, ഹൃദയം ഇവയൊന്നും എടുക്കാനേ പറ്റില്ല.

ബന്ധുക്കള്‍ കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍? അറിയുക – പരിചയമില്ലാത്ത ഒരാള്‍ക്ക് അവയവം കൊടുക്കാം. പക്ഷേ അവയവകച്ചവടം എന്നൊരപകടം പതിയിരിക്കുന്നുണ്ട്. ഏജന്റുമാര്‍, പാവങ്ങളെ ചെറിയ തുക കൊടുത്ത് ചൂഷണം ചെയ്യുന്നത്, ഇങ്ങനെ ഒരു മാഫിയ തന്നെ പലപ്പോഴും വളര്‍ന്നുവരാം. ഇപ്പോഴുള്ള അവയവദാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തിന്റെ വലിയ ഒരു ജോലിഭാരം ഇതു തടയുക എന്നതാണ്.

എഴുപതുകളോടെയാണ് ഇതിനോടു ബന്ധമില്ലാത്ത ഒരു കാര്യം പ്രശ്‌നമായിത്തുടങ്ങുന്നത്. കൃത്രിമ ശ്വാസോച്ഛ്വാസം, മറ്റു തീവ്രപരിചരണ പരിപാടികള്‍ എന്നിവയുടെ വളര്‍ച്ച മൂലം മസ്തിഷ്‌കം മരിച്ചു കഴിഞ്ഞാലും ചില രോഗികളുടെ ഹൃദയം മിടിച്ചുകൊണ്ടിരിക്കും. ശ്വസനയന്ത്രം മാറ്റിയാലുടന്‍ രോഗി മരിക്കും. ചുമ, ഞരക്കങ്ങല്‍, മറ്റനക്കങ്ങള്‍ – ഒന്നുമില്ല. മരണം തന്നെ – എന്നാല്‍ മരിച്ചിട്ടുണ്ടോ? അതാണ് ചോദ്യം. എണ്‍പതുകളോടെ ഒരു മാതിരി എല്ലാ ലോകവിദഗ്ധരും ഒന്നിച്ചു കൂടി മസ്തിഷ്‌കമരണത്തെ ശരിയായി നിര്‍വചിച്ചു. അതോടെ മരിച്ച മനുഷ്യരുടെ അവയവങ്ങള്‍ എടുക്കാം എന്ന നില വന്നു.

1994- ഓടെയാണ് ഇന്ത്യന്‍ ട്രാന്‍സ്പ്ലാന്റ് നിയമത്തിലൂടെ മസ്തിഷ്‌കമരണം ഇന്ത്യയില്‍ നിര്‍വ്വചിക്കുന്നത്. അവയവമാറ്റ സര്‍ജറിയുമായി ഒരു ബന്ധവുമില്ലാത്ത നാല് ഡോക്ടര്‍മാര്‍ (വിദഗ്ധര്‍) രണ്ടു പ്രാവശ്യം (സമയംഇടവിട്ട്) കര്‍ശന വ്യവസ്ഥകളോടെയുള്ള പരിശോധനയിലൂടെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്.

ഒന്നു നാമറിയണം. മസ്തിഷ്‌ക മരണം, മരണം തന്നെയാണ്. അവയവദാനത്തിന് ബന്ധുക്കള്‍ സമ്മതിച്ചില്ലെങ്കില്‍ ശ്വസനയന്ത്രം മാറ്റും. മാറ്റണം. ഇല്ലെങ്കില്‍ നിയമപ്രകാരം മരിച്ച ആളെയാണ് വെന്റിലേറ്ററില്‍ ഇട്ടിരിക്കുന്നത്. ഇതുവരെ അങ്ങനൊരാള്‍ ജീവിച്ചുവന്നതായി ചരിത്രമില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നിട്ടാലും ക്രമേണ ഹൃദയവും നില്‍ക്കും. തീര്‍ച്ച. ഇങ്ങനെ ആലോചിക്കുമ്പോള്‍ മാത്രമേ മരണപ്പെട്ട രോഗിയില്‍ നിന്ന് അവയവം എടുക്കുന്നതിലെ ശരി നമുക്ക് മനസ്സിലാവുകയുള്ളു.

അവയവദാനം ശരിതെറ്റ് സംവാദങ്ങളുടെ ഒരു ആയോധക്കളരിയാണ്. അതു വേണം താനും. കുറേയേറെപ്പേര്‍ അവയവങ്ങള്‍ക്ക് കാത്തിരിപ്പുണ്ട്. ഏകദേശം അഞ്ചുലക്ഷം രോഗികളെങ്കിലും ഓരോ കൊല്ലവും ഇന്ത്യയില്‍ അവയവദാനത്തിനായി മൃതപ്രായരായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. എന്നാല്‍ ഏതാണ്ട് ആയിരം കരള്‍മാറ്റ ശസ്ത്രക്രിയകളും പതിനായിരം വൃക്കമാറ്റല്‍ ശസ്ത്രക്രിയകളും മാത്രമേ നടക്കുന്നുള്ളു.

എങ്കിലും ആരോഗ്യവാനോ ആരോഗ്യവതിയോ ആയ ഒരാള്‍ മരിക്കാന്‍ കാത്തിരിക്കണ്ടേ അവയവം കിട്ടാന്‍?

അതു ശരിയാണ്. ഈ ആളുകളുടെ മരണം കഷ്ടമാണ്. എങ്കില്‍ വാഹനാപകടത്തിലോ, തലച്ചോറില്‍ രക്തസ്രാവം മുതലായവ മൂലമോ കുറേപ്പേര്‍ എത്ര തടയാന്‍ നാം ശ്രമിച്ചാലും മരണപ്പെടുന്നു. ഇവരുടെ അവയവങ്ങള്‍ വേറെ നിവൃത്തിയില്ലാത്തതു കൊണ്ട് നമുക്ക് എടുക്കാന്‍ ശ്രമിക്കേണ്ടിവരുന്നു എന്നതാണ് സത്യം.

കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് എന്ന സര്‍ക്കാര്‍ വ്യവസ്ഥിതി (കെ.എന്‍.ഒ.എസ്.) ആണ് വെയിറ്റിംഗ് ലിസ്റ്റ് കര്‍ശനമായി നിയന്ത്രിക്കുന്നത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന പാനലില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും നിശ്ചയമായും ഉണ്ടായിരിക്കണം.

ഈയടുത്തായി മസ്തിഷ്‌കമരണത്തെപ്പറ്റി ചില തെറ്റിദ്ധാരണകള്‍ പരന്നിട്ടുണ്ട്. അതിലൊന്ന് കെ.എന്‍.ഒ.എസ്. ഉണ്ടായതിനുശേഷം മസ്തിഷ്‌കമരണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായി എന്നതാണ്. അത് സ്വാഭാവികമാണ്. കെഎന്‍ഒഎസ് ഉണ്ടായി അവയവദാനത്തെപ്പറ്റി അവബോധം വന്നപ്പോഴാണ് പല ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിക്കാന്‍ പാനലിനേയും മറ്റും വിളിച്ച് സംവിധാനത്തെ ഉപയോഗിക്കാന്‍ തുടങ്ങിയത്. അല്ലെങ്കില്‍ ഈ രോഗികള്‍ മസ്തിഷ്‌കമരണത്തെ തുടര്‍ന്ന്, അതറിയാതെ തന്നെ ഉടന്‍ മരിച്ചുപോകുമായിരുന്നു.

മറ്റൊരു പ്രചരണം നടന്നത്, ചില മസ്തിഷ്‌കമരണങ്ങള്‍ക്കെതിരെ ഹര്‍ജി കൊടുത്തപ്പോള്‍ ഉടനെ പൊതുവേ മസ്തിഷ്‌കമരണങ്ങള്‍ കുറഞ്ഞു എന്നതാണ്. ഇത് സംശയാസ്പദമത്രേ.
ഇത് സത്യമാണെങ്കില്‍ സംശയാസ്പദമല്ല, അതിദാരുണമാണ് സ്ഥിതി. ‘എന്തിനു പുലിവാലു പിടിക്കണം’ എന്ന് ചിന്തിച്ച് മസ്തിഷ്‌കമരണം റിപ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ടായിരിക്കാം അത്.
ഇത്ര കഷ്ടപ്പെട്ട് അവയവം മാറ്റിവച്ചിട്ട് കാര്യമുണ്ടോ?

ഈ ചോദ്യത്തില്‍ കാര്യമുണ്ട്. അവയവം മാറ്റിവച്ചതു കൊണ്ട് മന്ത്രം കൊണ്ടെന്നതുപോലെ രോഗി ആരോഗ്യവാനാകുന്നില്ല. എന്നാല്‍ വൃക്കരോഗികള്‍ അഞ്ചും പത്തും പതിനഞ്ചു വര്‍ഷം കൂടി ജീവിക്കുമ്പോള്‍ കരള്‍ രോഗികള്‍ കുറേക്കൂടി ജീവിച്ചേക്കും. എന്നാല്‍ മരുന്നുകള്‍ തുടര്‍ന്ന് കഴിക്കണം. പതിനായിരം രൂപയോളം എല്ലാ മാസവും ചിലവാകും. പാര്‍ശ്വഫലങ്ങളും ഉണ്ടാവും. ശസ്ത്രക്രിയയ്ക്കും റിസ്‌ക് ഉണ്ട്.

ഇങ്ങനെയാണെങ്കില്‍ ചെയ്യുന്നതില്‍ കാര്യമില്ല എന്ന് വാദിക്കുന്നവര്‍ ഇല്ലാതില്ല. സ്വയം അസുഖം വന്നാലോ, ഉറ്റവര്‍ക്ക് വന്നാലോ ഇങ്ങനെ ചിന്തിക്കുമോ എന്നൊരു പരിശോധന നന്നായിരിക്കും.
വേറൊരു പ്രധാന കാര്യം, ഉറ്റവരുടെ അവയവങ്ങള്‍ എടുക്കാനായി സമ്മതിക്കുന്ന ബന്ധുക്കള്‍ വളരെ വലിയ ഒരു ഔദാര്യമാണ് പൊതുസമൂഹത്തിനായി ചെയ്യുന്നത്. അതിപ്പോള്‍ കുറേയൊക്കെ സ്വന്തം പോക്കറ്റില്‍ നിന്ന് കാശു മുടക്കുന്നവര്‍ക്കേ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നുള്ളു എന്നതാണ്. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്.

അവയവദാനം സുരക്ഷിതമായി ചെയ്യാന്‍ പറ്റുന്ന ഒരു വ്യവസ്ഥിതി ഉണ്ടാക്കി ചെയ്യണമെങ്കില്‍ വൃക്കമാറ്റത്തിന് രണ്ടു മൂന്നു ലക്ഷവും, കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് പതിനഞ്ച് – ഇരുപത് ലക്ഷം രൂപയും മിനിമം ആകും എന്നത് പരമാര്‍ത്ഥമാണ്. ഇത് ഏറ്റെടുക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രമേ ശസ്ത്രക്രിയ സാധ്യമാവൂ എന്നു വരുന്നതാണ് ഏറ്റവും ദാരുണം. എന്നാല്‍ ഇത് പെട്ടെന്ന് പരിഹരിക്കാവുന്നതേയുള്ളു.

എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലായിടത്തും എപ്പോള്‍ വേണമെങ്കിലും ഈ ശസ്ത്രക്രിയകള്‍ സാദ്ധ്യമാകുന്ന ഒരു സംവിധാനം ഉടന്‍ കൊണ്ടുവരിക. കുറേയൊക്കെ സ്വകാര്യ ആശുപത്രിയിലേ നടക്കൂ എന്നുണ്ടെങ്കില്‍, അവയവമാറ്റ ശസ്ത്രക്രിയകളുടെ പ്രത്യേക സ്വഭാവം മനസ്സിലാക്കി, അതിനു വരുന്ന ന്യായമായ ചെലവ് കണക്കാക്കി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക.

(നടക്കാത്തതൊന്നുമല്ല. ഏതൊരു ഇടത്തരം സംരംഭം/ബിസിനസ് നടത്തുന്ന പൗരന്റേയും കൈയ്യില്‍ നിന്ന് പലവകയായി ലാഭത്തിന്റെ അമ്പത് – അറുപത് ശതമാനം വരെ ഈടാക്കുന്ന ഒരു സര്‍ക്കാരാണ് നമുക്കുള്ളത്. ഓരോ മന്ത്രിയുടെയും പത്തിരുപത്തഞ്ച് പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്ക്ആ ജീവനാന്ത പെന്‍ഷനുണ്ട്.)

ഇതുകൂടാതെ എല്ലാ മസ്തിഷ്‌കമരണ പാനലുകളിലും മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മാത്രം മതി. എപ്പോള്‍ ആവശ്യം വന്നാലും പോകാന്‍ റെഡിയായി ഇവരെ സദാ ഒതുക്കി നിര്‍ത്തണം. ഷിഫ്ടായി പ്രവര്‍ത്തിക്കാന്‍ വിദഗ്ധരെ പി.എസ്.സി. വഴി നിയമിക്കണം.

ഇതുപോലെ തടസ്സങ്ങള്‍ മാറ്റിയെടുത്ത് പൊതുജനത്തെ വിശ്വാസത്തിലെടുക്കാന്‍ വിഘ്‌നേശ്വരനോട് പ്രാര്‍ത്ഥിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

This post was last modified on February 24, 2017 9:02 am