X

തന്റെ സിനിമകളുടെ രാഷ്ട്രീയ നിലപാടുകള്‍ പലരെയും അലോസരപ്പെടുത്തി; ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രസേന്‍

അഴിമുഖം/ഐ എഫ് എഫ് കെ ഡെസ്ക്

മിക്ക സംവിധായകര്‍ക്കും തങ്ങളുടെ സിനിമാ ജീവിതത്തില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നുവെന്ന് അന്താരാഷ്ട്ര ചലച്ചിത്രമേള ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രസേന്‍ എഡ്വേര്‍ഡ് വ്യക്തമാക്കി. ആദ്യകാലങ്ങളില്‍ തന്റെ സിനിമകള്‍ക്ക് നേരിട്ട നിരോധനങ്ങളെല്ലാം രാഷ്ട്രീയ കാരണങ്ങളാലായിരുന്നെന്ന് അദ്ദേഹം ടാഗോര്‍ തിയേറ്ററില്‍ നടന്ന സംവാദത്തില്‍ചൂണ്ടിക്കാട്ടി.

തന്റെ സിനിമകള്‍ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ ആകുന്നതേയുളളൂവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളുടെ രാഷ്ട്രീയ നിലപാടുകള്‍ പലരെയും അലോസരപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം നിരോധനങ്ങളെ അതിജീവിക്കുന്നതിലൂടെയാണ് സംവിധായകന്‍ വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാഷയ്ക്ക് സിനിമയില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിയും. ഒരേ വിഷയത്തിലുളള സിനിമകള്‍ വിവിധ ഭാഷകളിലിറങ്ങുമ്പോള്‍ വ്യത്യസ്തമായ ദൃശ്യാനുഭവം നല്‍കുന്നു. അതിനു കാരണം ഭാഷയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാഷയെ ദൃശ്യങ്ങള്‍ സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ ഷാജി എന്‍ കരുണ്‍, പെറുവിയന്‍ സംവിധായകന്‍ ഡാനിയേല്‍മോള്‍റോ, ചലച്ചിത്ര ഗവേഷകന്‍ പ്രദീപ് ബിശ്വാസ് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.