X

കൈരളിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബൃന്ദ കാരാട്ട്; നടിയെ ആക്രമിച്ച സംഭവത്തില്‍ കോടിയേരിയുടെ വാദം തള്ളി

കൈരളി ചാനല്‍ ഇത് സംബന്ധിച്ച് അപമാനകരമായതും ആഭാസകരമായതുമായ വാര്‍ത്ത അവരെ കുറിച്ച് കൊടുത്തു എന്നാണ് എന്‍ഡിടിവി വെബ്‌സൈറ്റിലെ ഒപ്പീനിയന്‍ വിഭാഗത്തില്‍ ബൃന്ദ കാരാട്ട് എഴുതിയത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊടുത്ത വിവാദ വാര്‍ത്തയില്‍ കൈരളി ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കൈരളി ചാനല്‍ ഇത് സംബന്ധിച്ച് അപമാനകരമായതും ആഭാസകരമായതുമായ വാര്‍ത്ത അവരെ കുറിച്ച് കൊടുത്തു എന്നാണ് എന്‍ഡിടിവി വെബ്‌സൈറ്റിലെ ഒപ്പീനിയന്‍ വിഭാഗത്തില്‍ ബൃന്ദ കാരാട്ട് എഴുതിയത്. ഫെബ്രുവരി 22ലേതാണ് ലേഖനം. കൈരളിയും ഇത്തരത്തില്‍ വാര്‍ത്ത കൊടുത്ത മറ്റ് മാദ്ധ്യമങ്ങളും ഇക്കാര്യത്തില്‍ പരസ്യമായി മാപ്പ് പറയാന്‍ ബാദ്ധ്യസ്ഥരാണെന്ന് ബൃന്ദ അഭിപ്രായപ്പെടുന്നു. നടിയ്ക്ക് പ്രതിയുമായി ബന്ധമുണ്ടെന്ന മട്ടിലുള്ള വാര്‍ത്ത വിവാദമാവുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തതോടെ ചാനല്‍ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ കാണിച്ച ആര്‍ജ്ജവത്തില്‍ നടിയെ അഭിനന്ദിക്കുന്ന ബൃന്ദ, ഈ കേസില്‍ ശക്തമായ നിലപാടാണ് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും എടുക്കുന്നതെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാദത്തെ ബൃന്ദ കാരാട്ട് തള്ളിക്കളയുകയാണ്.

ലൈംഗിക പീഡനത്തിനും അതിക്രമത്തിനും സ്ത്രീകള്‍ ഇരയാവുന്ന കേസുകളില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്തിരുന്നത് പ്രതിലോമകരമായതും കേസുകള്‍ അട്ടിമറിക്കുന്ന തരത്തിലുമുള്ള സമീപനമാണെന്ന് ബൃന്ദ കാരാട്ട് ലേഖനത്തില്‍ ആരോപിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് രാഷ്ട്രീയ ഇച്ഛാശക്തിയുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. അതേസമയം കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നതായാണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നുണ്ട്. 2014 ലെ കണക്കനുസരിച്ച് കേരളത്തില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ രജിസറ്റര്‍ ചെയ്യപ്പെടുന്നത് കേരളത്തെ അപേക്ഷിച്ച് കുറവായതിനാല്‍ ആയിരിക്കാം ഇത്. പക്ഷെ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സംഭവങ്ങളും വര്‍ദ്ധിച്ച് വരുകയാണ്. സ്ത്രീകളെ ലൈംഗിക ഉപഭോഗ വസ്തുക്കളായി കാണുന്ന മാനസികാസ്ഥയേയും അതിനെ പ്രോത്സാഹിപ്പിക്കുന്ന കമ്പോള താല്‍പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മൂല്യങ്ങളേയും തിരിച്ചറിഞ്ഞ് ചെറുക്കാന്‍ സാധിച്ചില്ലെങ്കില്‍, പുരോഗമനാശയങ്ങള്‍ക്ക് ശക്തിയുള്ള കേരളത്തില്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് അത് സ്വയം പരാജയപ്പെടുത്തലായിരിക്കുമെന്ന് ബൃന്ദ കാരാട്ട് മുന്നറിയിപ്പ് നല്‍കുന്നു.

This post was last modified on February 25, 2017 10:23 am