ജവാന്മാര്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ താഴെത്തട്ടില്‍ ലഭിക്കാത്തതിനെതിരേ പ്രതികരിച്ചു എന്ന പേരില്‍ മേലധികാരികളുടെ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വരികയും അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയും ചെയ്ത ബിഎസ്എഫ് ജവാന്‍ ആലപ്പുഴ സ്വദേശി ഷിബിന്‍ ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി. ഷിബിനെ ബിഎസ്എഫില്‍ നിന്നും പിരിച്ചുവിട്ടതായാണു പറയുന്നത്. ഇതു രണ്ടാമത്തെ തവണയാണു ഷിബിനെ ബിഎസ്എഫില്‍ നിന്നും പിരിച്ചുവിടുന്നത്. ആലപ്പുഴ വടക്കനാര്യാട് ഇട്ടിയംവെളിയില്‍ ഷിബിന്‍ തോമസ് പശ്ചിമബംഗാളില്‍ ബിഎസ്എഫിന്റെ 28ാം ബറ്റാലിയനിലാണ് ജോലി ചെയ്തിരുന്നത്. 13 വര്‍ഷമായി ബിഎസ്എഫില്‍ ജോലി ചെയ്യുന്ന ഷിബിന്‍ മുമ്പ് പശ്ചിമബംഗാളില്‍ തന്നെ 41ാം ബറ്റാലിയനിലായിരുന്നു. ജവാന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ താഴെത്തട്ടില്‍ ലഭ്യമാകാത്തതിനെതിരെ 2015 ഡിസംബറില്‍ പ്രതികരിച്ചതോടെയാണ് മേലധികാരികള്‍ പീഡനം തുടങ്ങിയത്.
ഷിബിന്‍ എവിടെ? ഭക്ഷണത്തിന്റെ കണക്കുചോദിച്ചതിന് മലയാളി ജവാനെ തടങ്കലിലാക്കിയെന്ന് കുടുംബം
ജവാന്മാര്‍ക്ക് നല്‍കേണ്ട സാധനങ്ങള്‍ ചില മേലധികാരികള്‍ മറിച്ചുവില്‍ക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം ഷിബിന്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. ഒരു ജവാനായി സര്‍ക്കാര്‍ എന്തെല്ലാം നല്‍കുന്നുവെന്ന ചോദ്യമാണ് ഉന്നയിച്ചത്. ഇതിനു ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയില്ല. വൈകാതെ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ചില കുറ്റങ്ങള്‍ ചുമത്തി സര്‍വീസില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ഷിബിന്‍ നാട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അമ്മ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. തനിക്ക് നീതി ലഭ്യമാക്കണമെന്നഭ്യര്‍ഥിച്ച് ഷിബിന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ബിഎസ്എഫ് അധികാരികള്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ജോലി തിരികെ ലഭിക്കാനുള്ള പോരാട്ടങ്ങള്‍ ഫലം കണ്ടു. ഷിബിനെ തിരിച്ചെടുത്തുകൊണ്ടുള്ള ബിഎസ്എഫ് അധികൃതരുടെ ഉത്തരവ് കഴിഞ്ഞ നവംബറില്‍ ലഭിച്ചു. എന്നാല്‍ ചുമതലയേല്‍ക്കാന്‍ ചെന്നപ്പോള്‍ നാല് ദിവസം വൈകിയാണ് ഇതിന് അനുവദിച്ചത്. സേനയില്‍ തിരിച്ചെത്തിയ ഷിബിനെ 41ാം ബറ്റാലിയനില്‍ നിന്ന് 28ാം ബറ്റാലിയനിലേക്ക് മാറ്റി. എന്നാല്‍ അവിടെയും കാത്തിരുന്നത് ദുരനുഭവങ്ങള്‍ തന്നെയായിരുന്നു. ഷിബിന്റെ പേരിലുള്ള പഴയ കേസുകള്‍ അന്വേഷിക്കാന്‍ ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി. അന്വേഷണം നടക്കുമ്പോള്‍ തന്നെ ഷിബിനെ ബാംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് സ്ഥലം മാറ്റുകയുമുണ്ടായി. എതിര്‍കക്ഷികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ട് ഒപ്പിട്ട് നല്‍കാന്‍ ഷിബിനെ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
ജോലിയില്‍ തുടര്‍ന്ന ഷിബിന് കടുത്ത പീഡനങ്ങളാണു ബിഎസ്എഫില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ മാസം അവസാനത്തോടെ ഷിബിനെ ഫോണില്‍ ബന്ധപ്പെടാന്‍ പോലും കുടുംബത്തിനു കഴിയാതെ വന്നു. ഷിബിന്റെ ഭാര്യ സോഫിയയും പിതാവ് തോമസ് ജോണും പലതവണ ശ്രമിച്ചിട്ടും ഷിബിനെ ഫോണില്‍ കിട്ടാതെ വന്നതോടെ കുടുംബം ഭയത്തില്‍ മുങ്ങി.
ഒടുവില്‍ ബിഎസ്എഫിലെ ഒരു പരിചയക്കാരന്‍ വഴി അന്വേഷിച്ചപ്പോള്‍ ഷിബിന്‍ ഇപ്പോള്‍ തടങ്കലിലാണെന്ന വിവരമാണ് ഇവര്‍ക്ക് ലഭിച്ചത്. മകന്‍ എവിടെയാണെന്ന് അറിയണമെന്ന് കാണിച്ച് തോമസ് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് ഫോണില്‍ കുടുംബത്തെ ബന്ധപ്പെടാന്‍ ഇയാള്‍ക്ക് അനുമതി ലഭിച്ചു. ആ സംഭാഷണത്തില്‍ താന്‍ വീട്ടുതടങ്കലില്‍ ആണെന്നും ഇരുട്ടുമുറിയില്‍ അടച്ചിരിക്കുകയാണെന്നും ഷിബിന്‍ പറഞ്ഞു. പക്ഷെ കൂടുതല്‍ പറയുന്നതിനു മുമ്പ് ഫോണ്‍ കട്ടായി. ഈ വിവരങ്ങള്‍ ഷിബിന്റെ ഭാര്യയും പിതാവും വാര്‍ത്താസമ്മേളനം നടത്തി പറയുമ്പോഴാണു പുറംലോകം അറിയുന്നത്. ഷിബിനെ തിരികെ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ബന്ധപ്പെട്ട അധികാരികള്‍ക്കു പരാതി നല്‍കി കാത്തിരിക്കുന്നതിനിടയിലാണു ഷിബിന്‍ തിരിച്ചെത്തുന്നത്. ജോലി പോയാലും ഷിബിന്‍ ജീവനോടെ തിരികെ എത്തിയതിന്റെ ആഹ്ലാദമാണു കുടുംബത്തിന്.
Leave a Comment