X

വരാണസിയില്‍ മോദിക്കെതിരായ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ്; എസ് പി – ബി എസ് പി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയില്ല

മോദിക്കെതിരെ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ശാലിനി യാദവിനെ മാറ്റി മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ മത്സരിപ്പിക്കാന്‍ എസ് പി - ബി എസ് പി മഹാസഖ്യം തീരുമാനിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് നേതാവ് അജയ് റായിയെ പിന്‍വലിക്കില്ല എന്ന് കോണ്‍ഗ്രസ്. എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാലയാണ് ഇക്കാര്യം അറിയിച്ചത്. മോദിക്കെതിരെ പോരാടുന്നവരെല്ലാം അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നയങ്ങളുടെ ഇരകള്‍ ആണ് എന്നും ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ട് എന്നും സൂര്‍ജെവാല പറഞ്ഞു.

മോദിക്കെതിരെ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ശാലിനി യാദവിനെ മാറ്റി മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ മത്സരിപ്പിക്കാന്‍ എസ് പി – ബി എസ് പി മഹാസഖ്യം തീരുമാനിച്ചിരുന്നു. നേരത്തെ സ്വതന്ത്രനായി പത്രിക നല്‍കിയ തേജ് ബഹദൂറിനെ സമാജ്‌വാദി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പികുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ത് പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായി മുന്‍ സൈനികനായ തേജ് ബഹദൂറിനെ മാറ്റുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇത്തരം സംശയങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ മോദിക്കെതിരെ മത്സരിച്ച അജയ് റായ് 75,000ത്തോളം വോട്ടുകള്‍ മാത്രം നേടി മൂന്നാം സ്ഥാനത്തായിരുന്നു.

This post was last modified on April 29, 2019 6:44 pm