X

മാന്യതയുടെ പേരില്‍ ചങ്കുപൊട്ടിക്കരയുന്ന ഉമ്മന്‍ ചാണ്ടി വ്യക്തമാക്കേണ്ട ചില കാര്യങ്ങള്‍

ശരത് കുമാര്‍

ഒടുവില്‍ സര്‍ക്കാര്‍ നിരുപാധികം നിയമസഭയില്‍ നിന്നും ഒളിച്ചോടി. സാമാന്യബുദ്ധി, വിവേകം, പക്വത തുടങ്ങിയ ശീലങ്ങള്‍ തീരെ പ്രദര്‍ശിപ്പിക്കാത്ത ഒരു സര്‍ക്കാരില്‍ നിന്നും അതിന്റെ നേതാക്കളില്‍ നിന്നും ഇതിനപ്പുറം ഒരു പ്രതികരണം കേരള ജനത പ്രതീക്ഷിക്കുന്നതും ഉണ്ടാവില്ല. വ്യാഴാഴ്ച മുതല്‍ ഇങ്ങോട്ട് നടന്നിട്ടുള്ള സംഭവങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചിട്ട് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വയം മനസ് തുറന്ന് ഒന്നാലോചിച്ചു നോക്കണം. ആരായിരുന്നു ഈ സംഭവങ്ങള്‍ക്കൊക്കെ മൂലകാരണം എന്ന്.

ഭരണത്തിലിരിക്കുന്ന ഒരു മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉണ്ടാവുന്നത് പുത്തരിയല്ല. എന്നാല്‍ അതേ ഭരണഘടന സ്ഥാപനത്തില്‍ ഇരിക്കുന്ന ഒരു മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമ്പോഴും ആ മന്ത്രി സ്ഥാനത്ത് തുടരുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. അദ്ദേഹം ആ സ്ഥാനത്ത് നിന്നും മാറി നിന്ന് അന്വേഷണം നടത്തണമെന്ന് പറയുന്നത് എങ്ങനെ ജനാധിപത്യ വിരുദ്ധമാവും എന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവേണ്ടിയിരിക്കുന്നു.

ബജറ്റ് തീരുമാനങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയെന്നാണ് ധനമന്ത്രി കെ എം മാണിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഏറ്റവും ഗുരുതരമായ ആരോപണം. അങ്ങനെ ആരോപണം നേരിടുന്ന ഒരാളെ സംരക്ഷിക്കാന്‍ ഒരു മുഖ്യമന്ത്രി ശ്രമിക്കുകയും ഒരു നിയമസഭ സ്പീക്കര്‍ അതിന് അരുനില്‍ക്കുകയും ചെയ്യുമ്പോള്‍ സഭയില്‍ ഇതും ഇതിലപ്പുറവും സംഭവിച്ചാല്‍ എങ്ങനെയാണ് ഒരു ജനതയ്ക്ക് നാണക്കേടാവുക? ആരോപണ പ്രകാരം സത്യപ്രതിജ്ഞ ലംഘനമാണ് മാണി നടത്തിയിരിക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടിയെയും നമ്മുടെ സ്പീക്കറെയും ആരാണ് പറഞ്ഞു മനസിലാക്കുക? സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഒരു മന്ത്രി മാറി നില്‍ക്കണം എന്ന് പറയുന്നത് ന്യായവും സ്വാഭാവികവുമല്ലെ?

ഭരണനിര്‍മാണ സഭകളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അതിരുകടന്നതിന്റെ പേരില്‍ ജനതയ്ക്ക് മാനം നഷ്ടപ്പെടുമെങ്കില്‍ ജപ്പാന്‍കാര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ സാധിക്കുമായിരുന്നില്ല. ജയലളിത എന്ന പ്രതിപക്ഷ നേതാവിന്റെ സാരി വലിച്ചഴിക്കാന്‍ തുടങ്ങിയ ഡിഎംകെ ഭരണപക്ഷത്തിന്റെ പേരില്‍ തമിഴ്‌നാട്ടുകാരും ഇപ്പോള്‍ തലയില്‍ മുണ്ടിട്ടാവും നടക്കുക. അങ്ങനെ നിരവധി സംഭവങ്ങള്‍ ലോക പാര്‍ലമെന്റ് ചരിത്രത്തില്‍ തന്നെ കണ്ടെത്താനാവും. അനീതിക്കെതിരെ എന്ന് സ്വയം ബോധ്യമുള്ള സമരത്തില്‍ ആത്മസംയമനത്തിന് എന്ത് പ്രസക്തിയെന്നും ആ സമരത്തിന്റെ ലക്ഷ്മണരേഖ എവിടം വരെയായിരിക്കണമെന്നും കേരള ജനതയുടെ മാന്യതയുടെ പേരില്‍ ചങ്കുപൊട്ടിക്കരയുന്ന ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം. സ്വന്തം ഓഫീസിലെയും പേഴ്‌സണല്‍ സ്റ്റാഫിലെയും അംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടപ്പോഴും ആരോപണത്തിന്റെ മുന കുടുംബത്തോളം നീണ്ടപ്പോഴും എന്ത് അപമാനം സഹിച്ചും മുഖ്യമന്ത്രി കസേരയില്‍ നിന്നും ഇറങ്ങില്ല എന്ന് വാശിപിടിച്ച ഒരു മുഖ്യമന്ത്രി ഭരിക്കുന്ന ജനതയ്ക്ക് എന്ത് മാന്യതയാണ് ബാക്കിയുള്ളത് എന്നു കൂടി അദ്ദേഹം വ്യക്തമാക്കണം.

സ്ത്രികള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നത് പോലും പീഢനമായി ഗണിക്കപ്പെടുന്ന ഒരു രാജ്യത്ത് ലോകം മുഴുവന്‍ കാണെ വനിത എംഎല്‍എമാര്‍ക്ക് നേരെ കൈയേറ്റം നടക്കുമ്പോള്‍ കാണാതിരിക്കാന്‍ മാത്രം വിവേകമുള്ള ഒരു നിയമസഭ നാഥന്‍ ഇരിക്കുന്ന സഭയാണ് നമ്മുടേത്. സ്ത്രീയുടെ പരാതി മാത്രം കണക്കിലെടുത്ത് പ്രഥമദൃഷ്ട്യ കുറ്റം ചെയ്തതായി കണക്കാക്കി ആരോപണ വിധേയനായ ആളെ കസ്റ്റഡിയിലെടുക്കാമെന്നിരിക്കെ അതിനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ പരസ്യമായി പ്രതിപക്ഷം മാത്രം തെറ്റ് ചെയ്തു എന്ന് ന്യായീകരിക്കാന്‍ ശ്രമിച്ച എന്‍ ശക്തന്‍ എന്ന നമ്മുടെ സ്പീക്കര്‍ നിയമനിര്‍മ്മാണ സഭയുടെ അധ്യക്ഷനായി ഇരിക്കുന്ന ഈ നാട്ടിലെ ജനങ്ങള്‍ക്ക് എന്ത് മാന്യതയാണ് ബാക്കിയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. താനിരിക്കുന്ന കസേരയുടെ അധികാരങ്ങള്‍ തിരിച്ചറിയാതെ ഒരു സാധാരണ പോലീസ് സബ്ഇന്‍സ്‌പെക്ടറുടെ മുന്നില്‍ പരാതി ബോധിപ്പിക്കാന്‍ പോയ ആ സ്പീക്കറാണോ കേരള ജനതയുടെ മാന്യത സംരക്ഷിക്കുന്നതെന്നും നമ്മെ ഭരിക്കുന്നവര്‍ വ്യക്തമാക്കണം. ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന അതീവ ഗുരുതരമായ പരാതിയില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചില്ലെങ്കിലും സ്പീക്കറെങ്കിലും വെളിപ്പെടുത്തേണ്ടതല്ലെ?

ശക്തമായ നടപടികളിലൂടെ സഭ കൃത്യമായി നിയന്ത്രിച്ചിരുന്ന സ്പീക്കര്‍മാര്‍ ജീവിച്ചിരുന്ന നാടാണിത്. ഇപ്പോഴത്തെ യുഡിഎഫ് നേതാക്കളായ വിഎം സുധീരനും വക്കം പുരുഷോത്തമനുമൊക്കെ ഈ ഗണത്തില്‍ വരുന്നവരാണ്. കഴിഞ്ഞ ദിവസം അന്തഃരിച്ച ജി കാര്‍ത്തികേയനും ആ പട്ടികയില്‍ ഇടംപിടിച്ചു. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്ന് ചിലരെങ്കിലും ആത്മാര്‍ത്ഥമായി ആഗ്രഹിച്ച നാളുകളാണിത്. സഭയില്‍ സമരം നടത്തുന്ന പ്രതിപക്ഷത്തെ തന്റെ ചേംബറില്‍ വിളിച്ച് ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാനുള്ള വിവേകമെങ്കിലും അദ്ദേഹം കാണിക്കുമായിരുന്നു. അല്ലെങ്കില്‍ തന്നെ, സ്വന്തം പക്ഷത്തുണ്ടായിരുന്ന കാര്‍ത്തികേയന്റെ അകാലവിയോഗത്തിന്റെ പേരില്‍ സംസ്ഥാനത്ത് ദുഃഖാചരണം നടക്കുമ്പോള്‍ തന്നെ സഭയില്‍ ചട്ടവിരുദ്ധമായി ലഡു വിതരണം ചെയ്ത് ധാര്‍ഷ്ട്യം കാണിക്കുന്ന രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന ഒരു ജനത ഒരിക്കലും മാന്യത അര്‍ഹിക്കുന്നില്ല.

സഭയില്‍  കാണിച്ച ഗുണ്ടായിസത്തിന്റെ പേരില്‍ 5 പ്രതിപക്ഷ എം എല്‍ എ മാരെ പുറത്താക്കിയ നടപടിയെ ന്യായീകരിക്കുമ്പോള്‍ തന്നെ ഭരണ പക്ഷത്തിന്റെ ഭാഗത്ത് നിന്നു സഭയില്‍ നടന്ന മറ്റ് ചട്ട ലംഘനങ്ങളും സഭാ മര്യാദ ലംഘനങ്ങളും എന്തുകൊണ്ട് സ്പീക്കര്‍ കണ്ടില്ല എന്നതായിരിക്കും ഇനി ചര്‍ച്ചചെയ്യപ്പെടാന്‍ പോകുന്നത്. കേരള നിയമ സഭയുടെ ഇനി അങ്ങോട്ടുള്ള നടത്തിപ്പില്‍ എന്‍ ശക്തന്‍ എത്രത്തോളം പ്രാപ്തനാണ് എന്ന് തെളിയിക്കുക ഈ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന ഉത്തരങ്ങള്‍ ആയിരിക്കും. 

ഈ ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയോടും അദ്ദേഹത്തിന്റെ അനുയായികളോടും കേരള ജനതയ്ക്ക് ഒരപേക്ഷയെ ഉണ്ടാവൂ. ഞങ്ങളുടെ മാന്യത എതായാലും നിങ്ങള്‍ വിറ്റുതുലച്ചു. ഇനിയെങ്കിലും ഒന്നിറങ്ങിപ്പോയാല്‍ അവശേഷിക്കുന്ന കുറച്ച് സമ്പത്തെങ്കിലും ബാക്കി കാണുമെന്ന്. ആ സമ്പത്ത് വച്ചെങ്കിലും കുറച്ച് മാന്യത തിരികെ പിടിക്കാമല്ലോ?

*Views are Personal

This post was last modified on March 16, 2015 5:58 pm