X

ഇന്ത്യയുടെ കയറ്റുമതി മൂല്യം 314 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷ

കഴിഞ്ഞ വര്‍ഷങ്ങളിലായി കയറ്റുമതി രംഗത്ത് സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് ഇന്ത്യ കൈവരിക്കുന്നത്

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതി മൂല്യം 314 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാണിജ്യ സെക്രട്ടറി അനുപ് വാധ്വാന്‍ അറിച്ചു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ വാണിജ്യ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായിരിക്കുമിത്.പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, രത്നങ്ങള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, ടെക്സ്റ്റെല്‍സ്,ഫാര്‍മ, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയെ പിന്തുണയ്ക്കുന്ന പ്രധാന ഉല്‍പ്പന്ന വിഭാഗങ്ങള്‍.

കഴിഞ്ഞ വര്‍ഷങ്ങളിലായി കയറ്റുമതി രംഗത്ത് സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് രാജ്യം കൈവരിക്കുന്നത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യന്‍ കയറ്റുമതി മേഖലക്ക് ഗുണം ചെയ്തിട്ടുണ്ട്. ഐടി കയറ്റുമതിയില്‍ പത്ത് ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയ കേന്ദ്ര വാണിജ്യ സെക്രട്ടറി ആഗോള ഐടി മേഖലയില്‍ ഭാവിയിലും ഇന്ത്യ ആധിപത്യം തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നയങ്ങളില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളും ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനായി ചട്ടങ്ങളില്‍ നല്‍കിയ ഇളവുകളുമെല്ലാം കയറ്റുമതി വര്‍ധനവിന് സഹായകമായിട്ടുണ്ടെന്നും കേന്ദ്ര വാണിജ്യ സെക്രട്ടറി അനുപ് വാധ്വാന്‍ പറഞ്ഞു.