X

ജി എസ് ടി: ഇന്ത്യന്‍ കോഫി ഹൗസ് വ്യാപാര പ്രതിസന്ധിയില്‍, അതീജീവനത്തിന് മാര്‍ഗങ്ങള്‍ തേടി സഹകരണസംഘം

കോഫി ഹൗസുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആശങ്കയിലാണ് അധികൃതര്‍

ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 55 ഇന്ത്യന്‍ കോഫീ ഹൗസ് ബ്രാഞ്ചുകളില്‍ കോടികളുടെ വ്യാപാര നഷ്ടവും അധിക ചിലവും ഉണ്ടായതായി സഹകരണസംഘം. കോടികളുടെ വരുമാന നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് സഹകരണ സംഘം. ജി.എസ്.ടി നടപ്പാക്കിയ ശേഷം ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള (ഏഴു മാസത്തെ) കണക്കുകള്‍ പറയുന്നത് അഞ്ച് കോടിയിലേറെ വ്യാപാര നഷ്ടം സംഭവിച്ചുവെന്നാണ്. ഇവ കൂടാതെ ഒന്നേകാല്‍കോടി രൂപയുടെ അധികചിലവും ഉണ്ടായെന്നാണ് കണക്കുകള്‍.

ജി.എസ്.ടി നടപ്പാക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വേണ്ട വിധം നടപ്പാക്കാത്തതാണ് ബോര്‍ഡിന് ഇത്രയധികം നഷ്ടം സംഭവിച്ചതെന്ന് പുതുതായി ഭരണത്തിലെത്തിയ അംഗങ്ങള്‍ പറയുന്നു. അഴിമതി ആരോപിച്ച് പഴയ ഭരണസമിതിയെ പുറത്താക്കിയ ശേഷം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തില്‍ കീഴിലായിരുന്നു കോഫീ ഹൗസ്. ജി.എസ്.ടി പ്രഖ്യാപിച്ച സമയം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്നതിനാല്‍ പുതിയ നികുതി സമ്പ്രദായം ഫലപ്രദമായി, മുന്നൊരുക്കത്തോടെ നഷ്ടം കൂടാതെ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇപ്പോള്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ക്ക് കാരണമായി പുതിയ ഭരണസമിതി ആരോപിക്കുന്നത്.

ജൂലൈയില്‍ കോഫീ ഹൌസിന്റെ ബ്രാഞ്ചുകളില്‍ നിന്ന് ജി.എസ്.ടി ബില്‍ ഉള്‍പ്പെടുത്താതെ ഉപയോക്താക്കളില്‍ നിന്ന് സാധാരണ നിരക്കിലാണ് തുക ഈടാക്കിയിരുന്നത്. എന്നാല്‍ ഫലത്തില്‍ വന്നപ്പോള്‍ സഹകരസംഘത്തിന് കേന്ദ്രസര്‍ക്കാരിലേക്ക് ജി.എസ്.ടിയുടെ പേരില്‍ ഒന്നേകാല്‍ കോടി രൂപ അധികമായി അടക്കേണ്ടി വന്നു. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്റെ പാകപ്പിഴ മൂലമാണ് ഈ നഷ്ടം സംഭവിച്ചതെന്നാണ് മുന്‍ സെക്രട്ടറിയും ഡയറക്ടര്‍ ബോര്‍ഡംഗവുമായ അനില്‍ കുമാര്‍ പറയുന്നത്. ജി.എസ്.ടി നടപ്പാക്കിയ ശേഷം പ്രതിമാസം ഇന്ത്യന്‍ കോഫീ ഹൌസിന് ഒരുകോടിയിലധികം രൂപയാണ് വ്യാപാര നഷ്ടം സംഭവിക്കുന്നത്. കോഫീ ഹൗസില്‍ ജി.എസ്.ടി ഉള്‍പ്പെടുത്തിയതോടെ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നതാണ് വ്യാപാരനഷ്ടം ഉണ്ടാകുന്നതിന് കാരണമായത്. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലെ കോഫീഹൗസിലാണ് ഏറ്റവും കൂടുതല്‍ വ്യാപാര നഷ്ടം സംഭവിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. തിരുവനന്തപുരത്ത് 14 ഉം, തൃശൂരില്‍ 14 ഉം, കൊച്ചിയില്‍ ആറും ബ്രാഞ്ചുകളുണ്ട്.

ഇന്ത്യന്‍ കോഫി ഹൗസ്: ഒരു ദേശത്തിന്റെ ചരിത്രം പേറുന്ന കാപ്പിക്കപ്പുകള്‍

ജി.എസ്.ടി ഇല്ലാത്ത ഹോട്ടലുകള്‍

സാമ്പത്തിക വര്‍ഷം ഒരു കോടിയില്‍ കുറവ് വരുമാനമുള്ള ഹോട്ടലുകള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തേണ്ടതില്ല എന്നതിനാല്‍ ഹോട്ടലുകള്‍ കണക്കില്‍ കൃത്രീമം കാണിച്ച് ജി.എസ്.ടി ഒഴിവാക്കുന്നതും നടന്നു വരുന്നുണ്ട്. ഇതു കൊണ്ട് തന്നെ ചെറുകിട ഹോട്ടലുകളുടെ ഭക്ഷണ വില താരതമ്യേന കോഫീ ഹൗസുകളിലെ വിലയെക്കാള്‍ കുറവായിരിക്കും. ഇക്കാരണത്താല്‍ ഉപയോക്താക്കളില്‍ നല്ലൊരു ശതമാനം ഹോട്ടലുകളെ ആശ്രയിക്കുകയാണ്. ഇതാണ് ഇന്ത്യന്‍ കോഫീ ഹൗസുകളുടെ വരുമാന നഷ്ടത്തിന് കാരണമെന്ന് സംഘം വിലയിരുത്തുന്നു.

അതീജീവനത്തിന് മാര്‍ഗങ്ങള്‍ തേടി സഹകരണസംഘം

ഇന്ത്യന്‍ കോഫീഹൗസിന് കോടികളുടെ വ്യാപാര നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും മുമ്പ് പ്രതിസന്ധി മറികടക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് സഹകരണസംഘം. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ഇന്ത്യന്‍ കോഫീ ഹൗസില്‍ 2500 ജീവനക്കാരാണുള്ളത്. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് പത്തു കോടി രൂപ പ്രതിമാസ വരുമാനമുണ്ടായിരുന്നിടത്തു നിന്ന് ഇത് ഒമ്പതു കോടിയായി ചുരുങ്ങി.

തിരുവനന്തപുരം സ്പെന്‍സറിലെ ഇന്ത്യന്‍ കോഫീ ഹൗസ് പൂട്ടിച്ചവരോട്, അതൊരു ഹോട്ടല്‍ മാത്രമല്ല

താരതമ്യേന മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് ഭക്ഷണ വിലയില്‍ വലിയ ഇളവ് നല്‍കി മുന്നോട്ട് പോകുന്ന ഈ സ്ഥാപനത്തെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍. കൂടാതെ വിവിധ ഇങ്ങളിലായി കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനും നിലവിലുളളവ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കാനുള്ള ആലോചനയിലാണ് സഹകരണസംഘത്തില്‍ വീണ്ടും ചുമതലയേറ്റ ഭരണസമിതി.

പൊതുജനത്തിന് വിലക്കുറവില്‍ ഭക്ഷണം നല്‍കുന്ന ഇന്ത്യന്‍ കോഫീ ഹൗസിന് ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ മോശമായി ബാധിക്കുന്നത് പൊതുജനത്തെയാണ്. ജി.എസ്.ടി ബില്‍ ഉള്‍പ്പെടുത്തി കോഫീ ഹൗസ് ഭക്ഷണ തുക കൂടുതല്‍ ഈടാക്കുമ്പോള്‍ ഹോട്ടലുകളും ഇതനുസരിച്ച് വില ഉയര്‍ത്തിയേക്കാം. ഇവയൊന്നും സംഭവിച്ചില്ലെങ്കില്‍ കോഫീ ഹൗസിന് കൂടുതല്‍ വ്യാപാര നഷ്ടവും ഇക്കാരണത്താല്‍ സ്ഥാപനത്തില്‍ പല ഇടങ്ങളിലായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ലഭിക്കേണ്ട വേതനത്തിലും കുറവ് സംഭവിക്കും. ഇക്കാരണം കൊണ്ട് ഒരു പക്ഷെ കോഫീ ഹൗസ് അടച്ചുപൂട്ടലിന്റെ വക്കിലേക്കും നീങ്ങുമെന്ന ആശങ്കയിലാണ് അധികൃതര്‍.

ഇന്ത്യന്‍ കോഫീ ഹൌസുകാരുടെ ശ്രദ്ധയ്ക്ക്: ഒരിത്തിരി വലിയ മസാല ദോശക്കാര്യങ്ങള്‍

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

This post was last modified on December 29, 2017 9:44 am