X

ലയിക്കാനൊരുങ്ങി എയര്‍ ഫ്രാന്‍സും ജെറ്റ് എയര്‍വേസും

ഉടമ്പടിയില്‍ ഒപ്പുവച്ചാല്‍ ഇത്തരത്തിലുള്ള കരാര്‍ ഉണ്ടാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി ജെറ്റ് മാറും

കെഎല്‍എം-എയര്‍ ഫ്രാന്‍സുമായി ഇന്ത്യയിലെ ജെറ്റ് എയര്‍വേസ് നടത്തുന്ന തന്ത്രപരമായ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി. ചര്‍ച്ചകള്‍ ഫലപ്രദമായാല്‍ ഇരുവിമാനക്കമ്പനികളും തമ്മിലുള്ള ലയനം നടക്കും. സമാന്തരമായി തന്നെ യുഎസ് വിമാനക്കമ്പനിയായ ഡെല്‍റ്റയുമായി ഓഹരി വില്‍പന സംബന്ധിച്ച ചര്‍ച്ചയും ജെറ്റ് നടത്തുന്നുണ്ട്. ഈ ചര്‍ച്ചകള്‍ ഇപ്പോള്‍ മൂല്യനിര്‍ണയ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

ഡല്‍റ്റക്ക് ഓഹരി വില്‍ക്കുന്നതിന് പിന്നാലെ കെഎല്‍എം-എയര്‍ ഫ്രാന്‍സുമായി ലയിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കെഎല്‍എമ്മിന്റെ പത്തുശതമാനം ഓഹരികള്‍ ഡല്‍റ്റ വാങ്ങുകയും വിജിന്‍ അത്‌ലാന്റിക്കിന്റെ 31 ശതമാനം ഓഹരികള്‍ കെഎല്‍എമ്മും വാങ്ങിക്കൊണ്ട് വ്യോമയാന രംഗത്തെ ഒരു വലിയ വില്‍പ്പനയക്ക് ജൂലൈ 27 സാക്ഷ്യം വഹിച്ചിരിന്നു.

യാത്രാസമയം, വരവ് ചിലവുകള്‍, വരുമാന പരിപാലനം എന്നിവയുടെ ഉത്തരവാദിത്വം കൈമാറുന്ന തരത്തിലുള്ള ഒരു ഉടമ്പടി അടുത്തമാസം ഒപ്പിടാന്‍ സാധിക്കുമെന്നാണ് ജെറ്റും കെഎല്‍എം-ഫ്രാന്‍സും പ്രതീക്ഷിക്കുന്നത്. ഏത് കമ്പനിയുടെ വിമാനം യാത്രക്കാരെ കൊണ്ടുപോയാലും വരുമാനം ഇരുഭാഗങ്ങളുമായി പങ്കിടുന്ന രീതിയിലാണ് ഉടമ്പടി. വിമാനങ്ങളും വിമാനസമയക്രമങ്ങളും പാര്‍ക്കിംഗ് സ്ഥലങ്ങളും ഇരുകമ്പനികളും പങ്കിടുന്നു. യഥാര്‍ത്ഥത്തില്‍ ഒരു ലയനം തന്നെയാണ് സംഭവിക്കുന്നതെന്ന് ചില വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ രീതിയിലാണ് യുഎസ് പോലെയുള്ള രാജ്യങ്ങളില്‍ കമ്പനികളുടെ ഏകീകരണം സാധ്യമാകുന്നത്. ഈ ഉടമ്പടിയില്‍ ഒപ്പുവച്ചാല്‍ ഇത്തരത്തിലുള്ള കരാര്‍ ഉണ്ടാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി ജെറ്റ് മാറും.

ഡല്‍റ്റായുമായുള്ള മൂല്യനിര്‍ണയത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്. അതിനാല്‍ തന്നെ കെഎല്‍എമ്മും ജറ്റും തമ്മിലുള്ള തന്ത്രപരമായ സഹകരണം അതിന് മുമ്പ് നടപ്പിലായേക്കും. എന്നാല്‍ ഫെമയുടെ കടുത്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കരാറിന് ഒരു വലിയ വെല്ലുവിളിയായേക്കും. ജെറ്റിനെ സംബന്ധിച്ചിടത്തോളം കരാര്‍ ശരിയായ ദിശയിലുള്ള വലിയ മുന്നേറ്റമാണ്. മൂലധനത്തില്‍ ജെറ്റിന് പ്രാപ്യതയുണ്ടാവും എന്ന് മാത്രമല്ല, കുറച്ചുകൂടി മികച്ച തന്ത്രപരമായ സഖ്യം ഉണ്ടാവുകയും വാണീജ്യ ഉടമ്പടികള്‍ കുറച്ചുകൂടി ശക്തിപ്പെടുകയും ചെയ്യും. സീറ്റുകള്‍ പങ്കുവെക്കുന്നത് ഉള്‍പ്പെടെ ചില മേഖലകളില്‍ ജെറ്റും എയര്‍ഫ്രാന്‍സ്-കെഎല്‍എമ്മും തമ്മില്‍ കരാറുകള്‍ നിലവിലുണ്ട്.

യൂറോപ്പില്‍ നിന്നും വടക്കേ അമേരിക്കയില്‍ നിന്നുമുള്ള യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ കവാടമായ ആംസ്റ്റര്‍ഡാമിലും പാരിസിലും അതിന്റെ പങ്കാളികളായ കെഎല്‍എം, റോയല്‍ ഡച്ച് എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് എന്നിവയുമായുള്ള പങ്കാളിത്തം വികസിപ്പക്കുന്നതില്‍ ജെറ്റ് എയര്‍വേയ്‌സിന് സന്തുഷ്ടിയുണ്ടെന്നും എന്നാല്‍ ഒരു നയമെന്ന നിലയില്‍ കമ്പനി ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയില്ലെന്നും ജെറ്റ് എയര്‍വേസിന്റെ ഒരു വക്താവ് പ്രതികരിച്ചു.