25 കൊല്ലത്തെ സേവനം അവസാനിപ്പിച്ച് ജെറ്റ് എയര്‍വെയ്‌സ് തങ്ങളുടെ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വെയ്സ് അന്താരാഷ്ട്ര- ആഭ്യന്തര വിമാന സര്‍വീസുകള്‍ ബുധനാഴ്ച രാത്രിയോടെ നിര്‍ത്തിയത്. 8000 കോടി രൂപയുടെ കടക്കെണിയാണ് ജെറ്റ് എയര്‍വെയ്‌സിനെ ഗുരുതര പ്രതിസന്ധിയിലെത്തിച്ചത്. അടിയന്തിര പ്രശ്‌നപരിഹാരത്തിനായി 400 കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. വായ്പയിലുടെ പണം സമാഹരിക്കാനുള്ള കമ്പനിയുടെ ശ്രമം വിജയിച്ചില്ല.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ ബുധനാഴ്ച രാത്രി 10.30 അമൃത്സര്‍-മുംബൈ വിമാനം നിലത്തിറങ്ങിയതോടെ ജെറ്റ് എയര്‍വെയ്‌സ് തങ്ങളുടെ സര്‍വീസുകള്‍ എല്ലാം അവസാനിപ്പിച്ചുവെന്ന് അറിയിപ്പ് നല്‍കി. ‘ഞങ്ങളുടെ എല്ലാ അന്താരാഷ്ട്ര – ആഭ്യന്തര വിമാന ഓപ്പറേഷനുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്ന വിവരം വളരയധികം ഹൃദയ വേദനയോടെ അറിയിക്കുകയാണ്’ എന്നാണ് ജെറ്റ്എയര്‍വെയ്‌സ് അവരുടെ അവസാന പറക്കല്‍ പൂര്‍ത്തിയാക്കി ട്വിറ്ററില്‍ കുറിച്ചത്.
പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേസ് നേരത്തേ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 35- 40 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തി വന്നിരുന്നത്. ഇന്നലെ 6 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. താല്‍ക്കാലികമായിട്ടാണ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. സര്‍വീസ് അവസാനിപ്പിച്ചത്തോടെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് എത്രയും പെട്ടെന്ന് പണം മടക്കി നല്‍കുമെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് അറിയിച്ചിട്ടുണ്ട്.
25 കൊല്ലത്തെ സേവന പാരമ്പര്യമാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്. 1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. 124 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായിരുന്നു കഴിഞ്ഞ ജനുവരി വരെ ജെറ്റ് എയര്‍വേസ്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ലാഭത്തിലും മുന്‍പന്തിയിലും പ്രവര്‍ത്തിച്ചിരുന്ന ജെറ്റ് എയര്‍വേസ് അടുത്തിടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ കടം വര്‍ധിക്കുകയും ജീവനക്കാരുടെ ശമ്പള വിതരണം ഉള്‍പ്പെടെ മുടങ്ങുകയുമായിരുന്നു. നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വേസിനുള്ളത്.
നരേഷ് ഗോയല്‍ (69) എന്ന പഞ്ചാബ് സ്വദേശിയാണ് ജെറ്റ് എയര്‍വെയ്‌സ് എന്ന കമ്പനിയുടെ തുടക്കകാരന്‍. തന്റെ അമ്മാവന്‍ സേത് ചരണ്‍ദാസിന്റെ ട്രാവല്‍ ഏജന്‍സിയുടെ കാഷ് കൗണ്ടറിലെ ജീവനക്കാരനായാണ് നരേഷ് ഗോയലിന്റെ തുടക്കം. 1967ല്‍ (അന്ന് 18 വയസ്സായിരുന്നു പ്രായം) 300 രൂപ ശമ്പളക്കാരനായി തുടങ്ങിയ ഈ ജീവിതം 2005ലെത്തിയപ്പോള്‍ 1.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയിലേക്കുയര്‍ന്നു. ഡിഗ്രി പഠനം കഴിഞ്ഞയുടനെ ലബനീസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങി. എയര്‍ലൈന്‍സ് ബിസിനസ്സ് പാഠങ്ങള്‍ ഇവിടെ നിന്നാണ് ഗോയല്‍ പഠിക്കുന്നത്.
ജോലിയില്‍ പ്രവേശിച്ച 1967 മുതല്‍ 1974 വരെയുള്ള കാലയളവില്‍ നിരവധി ബിസിനസ് യാത്രകളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ബിസിനസ്സ് പാഠങ്ങളും സാങ്കേതിക പാഠങ്ങള്‍ അനുഭവങ്ങളിലൂടെ സ്വായത്തമാക്കി. 1974ല്‍ ജെറ്റ്എയര്‍ (Jetair) എന്ന പേരില്‍ ഒരു കമ്പനിക്ക് തുടക്കമിട്ടു. ഇന്ത്യയില്‍ ബിസിനസ് നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍ക്ക് മാര്‍ക്കറ്റിങ്, വില്‍പന എന്നീ മേഖലകളില്‍ സഹായം നല്‍കുകയായിരുന്നു ഈ സ്ഥാപനത്തിന്റെ ബിസിനസ്സ്. 1993 മെയ് 5ന് അന്നത്തെ സാമ്പത്തികരംഗത്തിന്റെ അനുകൂല സാഹചര്യങ്ങള്‍ മനസ്സിലാക്കി ഗോയല്‍ ജെറ്റ് എയര്‍വേയ്‌സ് എന്ന കമ്പനി സ്ഥാപിച്ചു. അന്നത്തെ സാഹചര്യത്തില്‍ ഒരു ‘എയര്‍ ടാക്‌സി’ കമ്പനിയായിട്ടായിരുന്നു തുടക്കം.
Explainer: നരേഷ് ഗോയലിന്റെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വളര്‍ച്ചയുടെയും വീഴ്ചയുടെയും കഥ
Leave a Comment