X

ജി.എസ്.പി ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയെ ബാധിക്കില്ല ; എം.പി.ഇ.ഡി.എ

ജി.എസ്.പിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനം സമുദ്രോത്പന്ന കയറ്റുമതി മേഖലയെ ബാധിക്കുമെന്ന ആശങ്ക പൊതുവെ .പരന്നിട്ടുണ്ട്

അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയ്ക്ക് നല്‍കി വന്നിരുന്ന പ്രത്യേക പരിഗണന യുഎസ് സര്‍ക്കാര്‍ നിറുത്തലാക്കിയ നടപടി ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയെ ബാധിക്കില്ലെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി വ്യക്തമാക്കി. കയറ്റുമതിചെയ്യുന്നസമുദ്രോത്പന്നങ്ങള്‍ജനറലൈസ്ഡ്സിസ്റ്റംഓഫ്പ്രിഫറന്‍സ്(ജി.എസ്.പി) വിഭാഗത്തില്‍ വരുന്നതല്ലെന്നും ഇവയ്ക്ക് നിലവില്‍ ഇറക്കുമതിച്ചുങ്കം ഈടാക്കുന്നില്ലെന്നും എം.പി.ഇ.ഡി.എ ചെയര്‍മാന്‍ ശ്രീ കെ. എസ് ശ്രീനിവാസ് അറിയിച്ചു.

ജി.എസ്.പിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ സമുദ്രോത്പന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട വിശദമായ വിശകലനം എം.പി.ഇ.ഡി.എ നടത്തി. സമീപഭാവിയില്‍ തിരിച്ചടികളൊന്നും ഉണ്ടാകില്ലെന്നാണ് എം.പി.ഇ.ഡി.എയുടെ നിഗമനം.

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഇന്ത്യന്‍ സമുദ്രോത്പന്നമായ ചെമ്മീന്‍ ജി.എസ്.പി വിഭാഗത്തില്‍ വരുന്നതല്ലെന്ന് എം.പി.ഇ.ഡി.എ അറിയിച്ചു. ജി.എസ്.പിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനം സമുദ്രോത്പന്ന കയറ്റുമതി മേഖലയെ ബാധിക്കുമെന്ന ആശങ്ക പൊതുവെ പരന്നിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഈ ആശങ്ക അസ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശീതീകരിച്ച ചെമ്മീന്‍, ഞണ്ട് എന്നിവ ജി.എസ്.പിയുടെ പരിഗണനയില്‍ വരുന്നവയല്ല. അതിനാല്‍ തന്നെ ആവശ്യക്കാരേറെയുള്ള ഈ കയറ്റുമതി ഉത്പന്നങ്ങളെ തീരുമാനം ബാധിക്കുകയില്ല. 2,300 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ അമേരിക്കയിലേക്ക് നടത്തുന്നത്. ഇതിലെ പ്രധാന ഇനം ശീതീകരിച്ച ചെമ്മീനാണ്. ഇതിന് നിലവില്‍ ഇറക്കുമതി ചുങ്കമില്ലെന്നു മാത്രമല്ല ജി.എസ്.പി പരിധിയില്‍ വരുന്നുമില്ല. ശീതീകരിച്ച മത്സ്യം, കണവ ഇനങ്ങളും ജി.എസ്.പി പരിധിയില്‍ വരുന്നില്ല. അതിനാല്‍ സമുദ്രോത്പന്ന കയറ്റുമതിയെ ഈ തീരുമാനം ബാധിക്കില്ലെന്നും എം.പി.ഇ.ഡി.എ ചെയര്‍മാന്‍ പറഞ്ഞു.

2017-18 സാമ്പത്തിക വര്‍ഷം 7.08 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 13,77,244 ടണ്‍ സമുദ്രോത്പന്നം ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. ശീതീകരിച്ച ചെമ്മീനും മത്സ്യവുമായിരുന്നു ഇതിലെ പ്രധാന ഇനങ്ങള്‍. അമേരിക്കയാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാന കയറ്റുമതിയുടെ ലക്ഷ്യസ്ഥാനം. ഇന്ത്യയില്‍ നിന്നും 2,320.05 ദശലക്ഷം ഡോളറിന്റെ സമുദ്രോത്പന്ന ഇറക്കുമതിയാണ് അമേരിക്ക നടത്തിയത്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍, 4,848.19 ദശലക്ഷം ഡോളര്‍ മൂല്യമുള്ള 5,65,980 ടണ്‍ ചെമ്മീനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ശീതീകരിച്ച ചെമ്മീനിന്റെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക(2,25,946 ടണ്‍). അമേരിക്കയിലേക്കുള്ള മൊത്തം കയറ്റുമതി ഡോളര്‍ വരുമാനത്തിന്റെ 95.03 ശതമാനവും ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നാണ്, ഇന്ത്യയില്‍ നിന്നുള്ള വനാമി ചെമ്മീന്‍ കയറ്റുമതിയുടെ 53 ശതമാനവും അമേരിക്കയിലേക്കാണ്.

വികസ്വര രാജ്യങ്ങള്‍ക്ക് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1974 ലാണ് അമേരിക്കന്‍ സര്‍ക്കാര്‍ ജി.എസ്.പിയ്ക്ക് രൂപം നല്‍കിയത്. പദ്ധതിയിലുള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം നല്‍കാതെ നിരവധി ഉത്പന്നങ്ങള്‍ അമേരിക്കയില്‍ വിറ്റഴിക്കാന്‍ സാധിക്കുമായിരുന്നു.