X

ഡിജിറ്റൽ സ്വകാര്യത, മത്സരം, സെൻസർഷിപ്പ്; സക്കർബർഗ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി

കഴിഞ്ഞ വർഷവും സക്കർബർഗ് അമേരിക്കന്‍ കോൺഗ്രസിന് മുന്നിൽ ഹാജരായിരുന്നു.

ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും കോൺഗ്രസ് അംഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. ‘യുഎശ് അധികൃതരുടെ ആശങ്കകൾ കേൾക്കാനും ഭാവിയിലെ ഇന്റർനെറ്റ് നിയന്ത്രണത്തെക്കുറിച്ച് സംസാരിക്കാനുമാണ്’ സക്കർബർഗ് കൂടിക്കാഴ്ച നടത്തുന്നതെന്ന് ഫേസ്ബുക്ക് വക്താവ് വിഷയത്തെക്കുറിച്ച് പ്രതികരിച്ചു. ഡിജിറ്റൽ സ്വകാര്യത, മത്സരം, സെൻസർഷിപ്പ്, രാഷ്ട്രീയപരമായ പരസ്യങ്ങളിലെ സുതാര്യത തുടങ്ങിയ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള നിരവധി നിയമപരമായ ചോദ്യങ്ങൾക്ക് മറുപടി നല്‍കാനാണ് അദ്ദേഹം സെനറ്റ് അംഗങ്ങളെ കണ്ടത്.

കഴിഞ്ഞ വർഷവും സക്കർബർഗ് അമേരിക്കന്‍ കോൺഗ്രസിന് മുന്നിൽ ഹാജരായിരുന്നു. ഫേസ്ബുക്കിന്റെ ഡാറ്റാ പരിരക്ഷണത്തെക്കുറിച്ചും സ്വകാര്യത സംബന്ധിച്ച വിഷയങ്ങളിലുമുള്ള ചോദ്യങ്ങള്‍ക്കുമുന്നില്‍ അന്ന് അദ്ദേഹം നന്നായി വിയര്‍പ്പൊഴുക്കിയതാണ്. എന്നാൽ റിപ്പബ്ലിക്കൻ പാര്‍ട്ടിയില്‍ നിന്നുള്ള പുതുമുഖവും ഫെയ്‌സ്ബുക്കിനെ കൂടുതൽ പരസ്യമായി വിമർശിക്കുകയും ചെയ്യുന്ന സെനറ്റർ ജോഷ് ഹാവ്‌ലി ഫേസ്ബുക്ക് മേധാവിയുമായി തുറന്നു സംസാരിക്കാന്‍ കഴിഞ്ഞുവെന്ന് പ്രതികരിച്ചു.

സക്കർബർഗുമായി കൈപിടിച്ചു നില്‍ക്കുന്ന ചിത്രം ട്രംപ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ, കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും പങ്കുവെച്ചില്ല. കോൺഗ്രസ് അംഗങ്ങൾ ദേശീയ സ്വകാര്യതാ നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

രണ്ട് മാസം മുമ്പ് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ ഫേസ്ബുക്കിൽ നിന്നും 5 ബില്ല്യൺ ഡോളർ പിഴ ഈടാക്കിയതാണ്. ഡാറ്റാ പരിരക്ഷണ ലംഘനങ്ങളുമായും സ്വകാര്യതയുമായും ബന്ധപ്പെട്ട നയങ്ങളിൽ പുനഃപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ‘ഡിജിറ്റൽ റെസ്പോൺസിബിലിറ്റി’യുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളുടെ പ്രതിനിധികൾ സെനറ്റ് പാനലിനുമുന്നിൽ കഴിഞ്ഞ ബുധനാഴ്‌ച ഹാജരായിരുന്നു.