സി ആര്‍ നീലകണ്ഠന്‍
കേരളത്തിൽ ആം ആദ്മി പാർട്ടി ലക്ഷ്യമാക്കേണ്ടത് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പാണെന്ന് ദേശീയ രാഷ്ട്രീയകാര്യ സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മാത്രമല്ല രാഷ്ട്രീയം. അതിനെ സമീപിക്കുമ്പോള്‍ നിര്‍ബന്ധമായും നടപ്പിലാക്കേണ്ട ചില പ്രവര്‍ത്തനങ്ങളുണ്ട്. അതൊന്നും പ്രാവര്‍ത്തികമാക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കും. സ്ഥാനാര്‍ഥി നിര്‍ണ്ണയം, ഫണ്ട്, മാനിഫെസ്റ്റോ ഇതൊന്നും ചെയ്യാതെ മുന്നോട്ടിറങ്ങുകയെന്നത് പ്രായോഗികമല്ല.
ഒരു പതിറ്റാണ്ടിലേറെക്കാലം പരിവർത്തൻ എന്ന സാമൂഹ്യ സംഘടനയിലൂടെയും പിന്നീടു് രണ്ടിലേറെ വർഷം ഇന്ത്യ എഗെൻസ്റ്റ് കറപ്ഷൻ വഴിയും പ്രവർത്തിച്ച് രൂപപ്പെടുത്തിയ വളന്റിയർ സംവിധാനമാണു് ദില്ലിയിൽ പാർട്ടിയുടെ ശക്തി. കേരളത്തിൽ ഇതിന്റെ ആദ്യഭാഗം നടന്നിട്ടില്ല. അതാണ് വളന്റിയർമാർ ഇവിടെ ഇനി ചെയ്യേണ്ടത്. അതിന് രണ്ടു വർഷക്കാലത്തെ സമയം വേണം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം വക്കേണ്ടതെന്ന് ദേശീയ സമിതി അഭിപ്രായപ്പെട്ടത്. സമാനമായ നിലപാടു തന്നെ സ്വീകരിച്ചാലേ മറ്റിടങ്ങളിലും പാര്‍ട്ടിയ്ക്കു വേരോട്ടമുണ്ടാവൂ. വിശ്വാസ്യത വളര്‍ത്താതെ വോട്ടു ചോദിക്കാന്‍ ചെല്ലുക എന്നതിലുപരി വ്യക്തമായ അടിത്തറ പടുത്തുയര്‍ത്തുക എന്നതിലാണ് ഇപ്പോള്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നത്.
ഇക്കഴിഞ്ഞ നിരവധി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ (മഹാരാഷ്ട്ര, ഝാർഖണ്ഡു്, ഹരിയാന, കാഷ്മീർ, ഏറ്റവുമൊടുവിൽ ബീഹാർ) ഒന്നിലും പാർട്ടി മത്സരിക്കാതിരുന്നതും ഇക്കാരണത്താലാണ്. കേരളത്തോടൊപ്പം തെരെഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാർട്ടി മത്സരിക്കുന്നില്ല.
2019ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ തന്നെ താഴേ തട്ടില്‍ നിന്നും ആരംഭിക്കുക എന്നതാണ് ആദ്യപടി. പിന്നീട് ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അവരുടെ വിശ്വാസം ആര്ജ്ജിക്കുക എന്നതും. അഴിമതിക്കെതിരെ പ്രതികരിക്കുന്നു എന്ന് വെറുതേ പറഞ്ഞതുകൊണ്ടു കാര്യമില്ലല്ലോ. പ്രാവര്‍ത്തികമാക്കിയാലെ ആ നിലപാടിനു ബലമുണ്ടാവൂ. വര്‍ഗ്ഗീയത, അഴിമതി എന്നിവയ്ക്കെതിരായി ശക്തമായ നിലപാട് ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ബിജെപിയുടെ തീവ്രഹിന്ദു നിലപാടുകള്‍ ഒരുതരത്തിലും രാജ്യത്ത് നടപ്പിലാകുന്നില്ല എന്നുറപ്പു വരുത്തുക എന്നുള്ളതും ഞങ്ങളുടെ കര്‍ത്തവ്യമാണ്. സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന വ്യക്തി അഴിമതിക്കാരന്‍ ആണോ അല്ലയോ എന്നുള്ളതിനെ അനുസരിച്ച് പിന്തുണ നല്‍കുക എന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അത് കോണ്ഗ്രസ് ആണോ കമ്മ്യൂണിസ്റ്റ് ആണോ എന്നല്ല. ഇതുവരെയുള്ള ആ വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ തീരുമാനമുണ്ടാവൂ.
കേരളത്തിലെ ഓരോ മണ്ഡലങ്ങളിലെയും അവസ്ഥ വ്യത്യസ്തമാണ്. സംസ്ഥാനത്തിനു മുഴുവനായി മുന്നണിയ്ക്ക് ഒരു നിലപാടു സ്വീകരിക്കുക എന്നുള്ളത് പ്രയാസകരമാണ്. ബിജെപി ജയിക്കാതിരിക്കാന്‍ ചിലപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കോ കോണ്‍ഗ്രസ്സുകാര്‍ക്കോ പിന്തുണ നല്‍കേണ്ടി വരും. ഒരു അഴിമതിക്കാരനെ പരാജയപ്പെടുത്താന്‍ വേണ്ടി മറ്റു താല്‍പ്പര്യങ്ങള്‍ ഇല്ലാത്ത സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യേണ്ടി വരും. അതുകൊണ്ട് അതാത് മണ്ഡലങ്ങളിലെ രാഷ്ട്രീയ സ്ഥിതി അനുസരിച്ച് വോട്ടു ചെയ്യുക എന്നതാണ് നിലവിലുള്ള തീരുമാനം.
വോട്ടുബാങ്ക് എന്നുള്ള ആശയത്തിലും ഞങ്ങള്‍ക്ക് വിശ്വാസമില്ല. ആം ആദ്മി പാര്‍ട്ടിയുടെ അനുഭാവിയായത് കൊണ്ട് തന്റെ വിശ്വാസത്തിനനുസരിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് തടസ്സങ്ങളില്ല. നമ്മുടെ ജനാധിപത്യബോധം അനുസരിച്ച് ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലം കണക്കിലെടുത്ത് വോട്ടു ചെയ്യണം എന്നാണ് ഓരോ പ്രവര്‍ത്തകരോടും പാര്‍ട്ടി ആവശ്യപ്പെടുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തിടത്തോളം കാലം ജയം തോല്‍വി എന്നിവയും പാര്‍ട്ടിയെ ബാധിക്കുന്നില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയം വ്യക്തമാക്കാനുള്ള ഒരു അവസരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഇപ്പോള്‍ നടക്കുന്ന ആഘോഷമല്ല തെരഞ്ഞെടുപ്പ്. അതൊരു ജനാധിപത്യ പ്രക്രിയയാണ്. നിലവിലത്തെ അവസ്ഥയില്‍ നിന്നും നാം മാറേണ്ടതുണ്ട്. മറ്റു പാര്‍ട്ടികളുടെ രീതികള്‍ ശരിയല്ല എന്ന് മാത്രമല്ല ആംആദ്മി പാര്‍ട്ടി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നു പ്രഖ്യാപിക്കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും ലഭിച്ച പാഠം ഉള്‍ക്കൊണ്ടു തന്നെയാണ് ഇത്തവണ പാര്‍ട്ടിയുടെ നിലപാട്.
സഖ്യം ഉണ്ടാക്കുക എന്ന മാര്‍ഗ്ഗം സ്വീകരിക്കുന്നില്ല. അത്തരം ഒരു നിലപാടു സ്വീകരിക്കുകയാണെങ്കില്‍ അവരുടെ ആശയങ്ങള്‍ക്കായിരിക്കും മേല്‍ക്കോയ്മ. കൂടാതെ പല വിട്ടുവീഴ്ചയ്ക്കും തയ്യാറാവേണ്ടി വരും. ഞങ്ങളുടെ ആശയങ്ങളെ ബലികഴിച്ചുള്ള നടപടികള്‍ അതിനാല്‍ത്തന്നെ ഒഴിവാക്കുക എന്നതിലും പാര്‍ട്ടി ശക്തമായി ഉറച്ചു നില്‍ക്കുന്നു.
വളരെ സവിശേഷമായ ഒരു സാഹചര്യത്തിൽ, ദില്ലി സർക്കാരിനു് നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രത്തിലെ ബി ജെ പിക്കും മോദിക്കും ഒരു തിരിച്ചടി നൽകാൻ മാത്രമാണ് ബീഹാറിൽ നിതിഷ് കുമാർ നേതൃത്വം നൽകുന്ന മുന്നണിയെ പിന്തുണക്കാൻ തീരുമാനിച്ചത്. എന്നിട്ടും അവിടെ വച്ചു നീട്ടിയ സീറ്റുകൾ വേണ്ടെന്നു വച്ചതു് പാർട്ടിയുടെ നയമാണ് വ്യക്തമാക്കുന്നത്.
അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കാം എന്നു പറയുന്നതല്ല ഞങ്ങളുടെ നയം. അതിനപ്പുറത്ത് ഒരു പുതിയ രാഷ്ട്രീയ വ്യവസ്ഥിതി ആണ് ഞങ്ങളുടെ ലക്ഷ്യം.
ഇന്ന് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് ജനങ്ങള്‍ അല്ല. ഹൈക്കമാണ്ട് തെരഞ്ഞെടുത്തു, പോളിറ്റ്ബ്യൂറോ തെരഞ്ഞെടുത്തു എന്നൊക്കെ തീരുമാനിച്ച് ഒരു വ്യക്തിയെ കളത്തിലിറക്കുക എന്നതാണ് നടക്കുക. അതല്ല സ്ഥാനാര്‍ഥി നിര്‍ണ്ണയം എന്ന് ഞങ്ങള്‍ വ്യക്തമായി പ്രചരിപ്പിക്കും. തെരുവുനാടകം പോലെയുള്ള കാമ്പയിനുകളും ഇതോടോപ്പമുണ്ടാവും.
അഴിമതിയ്ക്കും വര്‍ഗ്ഗീയതയ്ക്കും എതിരെയുള്ള കാമ്പയിനുകള്‍ മുന്‍പുതന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും പ്രാദേശിക തലത്തില്‍ നിന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.പ്രാദേശിക തലത്തില്‍ പാര്‍ട്ടി ചെയ്യുന്ന നടപടികള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് കൂടി ഈയവസരത്തില്‍ നടപ്പിലാക്കും. കാബിനറ്റ് തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കണം എന്നുള്ള ആവശ്യം ഞങ്ങള്‍ ഉന്നയിച്ചിരുന്നു. കൂടാതെ വിവരാവകാശ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ എന്നിവയും ഞങ്ങള്‍ എതിര്‍ത്തിരുന്നു. കാബിനറ്റ് തീരുമാനങ്ങള്‍ സുതാര്യമാക്കുന്നതിനെ മറ്റു പാര്‍ട്ടികള്‍ ഒന്നും അനുകൂലിക്കുക പോലുമുണ്ടായില്ല.
മറ്റൊന്ന് പാര്‍ട്ടികളുടെ അടിസ്ഥാനമില്ലാത്ത ചില നിലപാടുകളെ എതിര്‍ക്കുക എന്നതാണ്. തങ്ങള്‍ ചെയ്ത കുറ്റം കോടതിയില്‍ തെളിഞ്ഞാലേ അംഗീകരിക്കാനാവൂ എന്നുള്ള നിലപാടാണ് ഇപ്പോഴുള്ളത്. പോരാത്തതിന് സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നത് ഒരു ശിക്ഷയായാണ് ഇവര്‍ കാണുന്നത്. എന്നാല്‍ അതല്ല വേണ്ടത്.
ഒരാള്‍ കുറ്റം തെളിയിപ്പിക്കുന്നത് വരെ കുറ്റവാളിയല്ല എന്നാണ് നമ്മുടെ നിയമം. എന്നാല്‍ പബ്ലിക് ട്രസ്റ്റിന് അതുപോര. 60 കൊല്ലത്തിനിടയില്‍ ആകെ ഒരു നേതാവാണ് അഴിമതിയ്ക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്, ബാലകൃഷ്ണപിള്ള മാത്രം. അതിനര്‍ത്ഥം മറ്റാരും അഴിമതി നടത്തിയില്ല എന്നാണോ?
പൊതു വിഭവങ്ങളുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെടുന്നവര്‍ വിശ്വാസത്തിനു യോഗ്യരാണോ എന്നാണ് ജനം നോക്കുന്നത്. ശിക്ഷാനിയമം കണക്കിലെടുത്തല്ല. സംസ്ഥാനമൊട്ടുക്ക് കാമ്പയിനുകള്‍ ആരംഭിക്കുകയാണ്. എന്തിനു വോട്ടു ചെയ്യണം, എങ്ങനെയാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തേണ്ടത്, എങ്ങനെയാണു മാനിഫെസ്റ്റോ തയ്യാറാക്കേണ്ടത്, എങ്ങനെയാണു ഫണ്ട് പിരിക്കേണ്ടത്, എങ്ങനെ പിരിക്കാന്‍ പാടില്ല എന്നിങ്ങനെ ഒരുപാടു വസ്തുതകള്‍ ജനത്തെയും മറ്റുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാവും ഈ തെരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടി ഉപയോഗപ്പെടുത്തുക.
* സി ആര്‍ നീലകണ്ഠനുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്
(ആം ആദ്മി പാര്ട്ടി കേരള ഘടകം കണ്‍വീനറാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
This post was last modified on April 5, 2016 9:21 am
Leave a Comment