X

വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ സി രാധാകൃഷ്ണന്‍

ആന്തരിക ഭിന്നതകള്‍ മറന്ന് ഒരു ഏകകായം രൂപപ്പെടുമ്പോഴാണ് നവോത്ഥാനം ആരംഭിക്കുന്നതെന്നും രാധാകൃഷ്ണന്‍

വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍. ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജീവിതാവസാനം വരെ പോരാടാനുള്ള ബാധ്യത സാഹിത്യകാരന്മാര്‍ക്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

സംസാരവും പ്രവര്‍ത്തിയും ഒരേ തരത്തിലും രീതിയിലും താളത്തിലുമാകണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് മരിക്കുന്നതിന് തുല്യമാണ്. രണ്ട് സംസ്‌കൃതികള്‍ ഒന്നിച്ച് ചേരുമ്പോഴാണ് പുതിയ സംസ്‌കൃതി ഉണ്ടാകുന്നത്. ആന്തരിക ഭിന്നതകള്‍ മറന്ന് ഒരു ഏകകായം രൂപപ്പെടുമ്പോഴാണ് നവോത്ഥാനം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുഞ്ചന്‍ ഉത്സവത്തില്‍ ഭാരതിയ സാഹിത്യത്തിലെ ബഹുസ്വര സംസ്‌കൃതി ദേശീയ സമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാംകുമാര്‍ മുഖോപാധ്യായ(ബംഗാളി), സൂര്യപ്രസാദ് ദീക്ഷിത്(ഹിന്ദി), ഗൗരഹരിദാസ്(ഒറിയ) എന്നിവര്‍ ആദ്യ സെഷനിലും കൃഷ്ണസ്വാമി നാച്ചിമുത്തു(തമിഴ്), രാമചന്ദ്ര മൗലി(തെലുങ്ക്) നരഹള്ളി ബാലസുബ്രഹ്മണ്യ(കന്നഡ), സുനില്‍ പി ഇളയിടം(മലയാളം) എന്നിവര്‍ രണ്ടാം സെഷനിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെപി രാമനുണ്ണി സ്വാഗതം ആശംസിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.