X

ജാതി വിവേചനം; ഈഴവ സമുദായാംഗമായ ശാന്തിക്ക് ക്ഷേത്രത്തിൽ അസഭ്യ വർഷം 

പൂജാ വിധികൾ ഗുരുകുല സമ്പ്രദായ പ്രകാരം പഠിച്ചു സർട്ടിഫിക്കറ്റു നേടി അഭിമുഖ പരീക്ഷയും കഴിഞ്ഞു വർഷങ്ങളായി പൂജാരിയായി ജോലിചെയ്യുന്ന ആളാണ്‌ ഇത്തരത്തിൽ അപമാനിക്കപ്പെട്ടത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മേജർ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ ശാന്തിക്കാരന് നേരെ ജാതി വിവേചനം. ക്ഷേത്രത്തിൽ കീഴ്ശാന്തി അരൂർ കണ്ടത്തിൽ സുനിൽകുമാറിനാണ് ജാതി വിവേചനവും അസഭ്യവർഷവും നേരിടേണ്ടിവന്നത്.  സവര്‍ണ്ണരായ ചില ഭക്തന്മാരാണ് ഈഴവ സമുദായാംഗമായ സുനില്‍ കുമാറിനെ ക്ഷേത്രത്തിൽ വച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.  ജോലി തടസ്സപ്പെടുത്തിയതിനെതിരെ ദേവസ്വം ബോർഡ് അസി. കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ് ഇപ്പോള്‍.

കൂടാതെ ചേർത്തല പോലീസ് സ്റ്റേഷനിൽ സുനിൽ കുമാർ പരാതി നൽകിയിട്ടുണ്ട്. രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ജാതി പറഞ്ഞു ആക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. “കുറേ ചോകന്മാർ പൂണൂലും ഇട്ടു അമ്പലം മുടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു. ഇവനെയൊക്കെ ആരാണ് പൂജ പഠിപ്പിച്ചത്” എന്ന് ചോദിച്ചായിരുന്നു അസഭ്യവർഷം നടത്തിയത്.  നിർമാല്യത്തിന് നട തുറന്ന ശേഷം ഇന്നലെ രാവിലെ 5. 40 നായിരുന്നു സംഭവം.  ക്ഷേത്രം തൂപ്പുജോലിയും കഴകക്കാരന്റെ ജോലിയും ചെയ്യാൻ രാധാകൃഷ്ണൻ നിര്ബന്ധിക്കുകയായിരുന്നു. ജോലിയിൽ തടസം ചെയ്യരുതെന്നും പൊതുജനങ്ങൾക്ക് മുന്നിൽ അപമാനിക്കരുതെന്നും പറഞ്ഞിട്ടും അസഭ്യം തുടരുകയായിരുന്നു.

പൂജാ വിധികൾ ഗുരുകുല സമ്പ്രദായ പ്രകാരം പഠിച്ചു സർട്ടിഫിക്കറ്റു നേടി അഭിമുഖ പരീക്ഷയും കഴിഞ്ഞു വർഷങ്ങളായി പൂജാരിയായ ആളാണ്‌ ഇത്തരത്തിൽ അപമാനിക്കപ്പെടുന്നത്.  ഈഴവാദി പിന്നോക്ക വിഭാഗത്തിൽ പെട്ടവർ ദേവസ്വം ബോർഡിൽ നിയമിതരായെങ്കിലും മഹാക്ഷേത്രങ്ങളിൽ ഇവരെ മുഖ്യ  പൂജാരിയാക്കുന്ന പതിവില്ല. ഉപക്ഷേത്രങ്ങളിലും ചെറിയ ക്ഷേത്രങ്ങളിലുമാണ് ഇവരെ കൂടുതലും നിയമനം നടത്തുന്നത്.  ക്ഷേത്രത്തിന്റെ നിത്യ നിദാന ചടങ്ങുകളിൽ ഇത്തരം ശാന്തിക്കാരെ മാറ്റി നിർത്തുന്നു എന്ന പരാതി മുൻകാലത്തും ഉയർന്നിട്ടുണ്ട്.

കോൺഗ്രസ് നേതാവ് ഇടപെട്ടു കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും പരാതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് സുനിൽകുമാറിന്റെ തീരുമാനം. കഴകക്കാർ ലീവെടുത്തു പോയിട്ടും പകരം ആളെ നിയമിക്കാ തിരിക്കുന്ന ബോർഡിന്റെ അനാസ്ഥയും ശാന്തിക്കാരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇരുണ്ട കാലത്തിന്റെ പിന്മുറക്കാരാണ് ഇത്തരം പ്രശ്‌നം ഉണ്ടാക്കുന്നതെന്നും ജാതി മത വികാരത്തിന് അതീതമായി സമൂഹ മനസാക്ഷി ഉണരേണ്ട സമയം അതിക്രമിച്ചെന്നും  എസ് എൻ ഡി പി യൂത്ത്‌ മൂവ്മെന്റ് മുൻ യൂണിയൻ സെക്രട്ടറി ടി വി സന്തോഷ് പറഞ്ഞു.

 

This post was last modified on December 19, 2016 5:23 pm