X

അമ്പൂരിയില്‍ രാഖിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ജാതിയെ ചൊല്ലിയുള്ള ദുരഭിമാനവും; മകന്‍ ‘നല്ല സ്ത്രീധനം’ വാങ്ങി നായര്‍ സ്ത്രീയെത്തന്നെ വിവാഹം കഴിക്കണമെന്ന് മണിയന്‍ നിര്‍ബന്ധം പിടിച്ചു

അഖില്‍ പട്ടാളത്തില്‍ പോയതോടെയാണ് മണിയന്റെ കുടുംബം സാമ്പത്തികമായി ഭേദപ്പെട്ട രീതിയിലാകുന്നത്

അമ്പൂരിയില്‍ വച്ച് പൂവാര്‍ സ്വദേശിയായ രാഖിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ പ്രതികളുടെ ദുരഭിമാനവും. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്‍പ്പെട്ട രാഖിയെ വിവാഹം കഴിക്കുന്നതില്‍ നായര്‍ സമുദായക്കാരായ അഖിലിന്റെ വീട്ടുകാര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അച്ഛന്‍ മണിയന്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും ഇതിനു പകരം മകന് നായര്‍ സമുദായത്തില്‍ത്തന്നെയുള്ള സാമ്പത്തിക ശേഷി കൂടിയ വീട്ടില്‍ നിന്ന് ആലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വിധത്തിലും പിന്മാറില്ലെന്ന് രാഖി വ്യക്തമാക്കിയതോടെ കൊലപ്പെടുത്താന്‍ തന്നെ തീരുമാനിക്കുകയായിരുന്നു എന്നാണ് അഖില്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. രാഖിക്ക് അഞ്ചു വയസ് കൂടുതലുണ്ടെന്നതും ഒഴിവാക്കാന്‍ കാരണമായി പറയപ്പെടുന്നു.

എറണാകുളത്ത് ഒരു സ്വകാര്യ കേബിള്‍ ടിവി കമ്പനിയില്‍ ജോലിക്കാരിയായിരുന്ന രാഖി എറണാകുളത്ത് തന്നെയാണ് താമസിച്ചിരുന്നതും. ഇതിനിടെ അഞ്ചു വര്‍ഷം മുമ്പ് അബദ്ധത്തില്‍ സംഭവിച്ച ഒരു ഫോണ്‍ കോളില്‍ നിന്നാണ് ഇവരുടെ പരിചയമെന്നും അതല്ല ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ടതാണെന്നും പറയുന്നുണ്ട്. വൈകാതെ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ഇക്കാര്യങ്ങള്‍ അഖിലിന്റെ വീട്ടുകാര്‍ക്ക് അറിയാം. പിന്നീട് തന്നെ വിവാഹം കഴിക്കണമെന്ന് രാഖി നിര്‍ബന്ധിച്ചു തുടങ്ങിയതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തിലെത്തി മാലയിട്ട് വിവാഹം കഴിച്ചുവെന്ന വിവരങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ ബന്ധം ഒരു വിധത്തിലും അംഗീകരിക്കാന്‍ മണിയനും മറ്റു ബന്ധുക്കളും തയാറായില്ല എന്നാണ് വിവരം.

അഖില്‍ പട്ടാളത്തില്‍ പോയതോടെയാണ് മണിയന്റെ കുടുംബം സാമ്പത്തികമായി ഭേദപ്പെട്ട രീതിയിലാകുന്നത്. ഇതേ തുടര്‍ന്നാണ് രാഖിയുടെ മൃതദേഹം കുഴിച്ചിട്ട പറമ്പില്‍ പുതുതായി വീടു നിര്‍മിക്കുന്നതും. ഇതിന്റെ പണികള്‍ നടന്നുവരികയാണ്. ഇതിനിടെ മണിയന്‍ മകന് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ക്രിസ്ത്യന്‍ നാടാര്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഒരു വിധത്തിലും അനുവദിക്കില്ലെന്നായിരുന്നു മണിയന്‍ പറഞ്ഞത്. ഒപ്പം ഇവരുടെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മോശമാണ് എന്നതും മണിയന് പ്രശ്‌നമായിരുന്നു. മകന്‍ നല്ല സ്ത്രീധനം വാങ്ങി നായര്‍ സ്ത്രീയെ തന്നെ വിവാഹം കഴിക്കുന്നതായിരുന്നു മണിയന് താത്പര്യം. പ്രായക്കൂടുതലുള്ള രാഖിയെ വിവാഹം കഴിക്കുന്നതില്‍ അഖിലിന്റെ അമ്മയ്ക്കും താത്പര്യമില്ലായിരുന്നു എന്നു റിപ്പോര്‍ട്ടുകളുണ്ട്. ഈ ബന്ധം അഖിലിനും താത്പര്യമായതോടെ രാഖിയെ ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിന് രാഖി തയാറായില്ല. മാത്രമല്ല, ഒഴിവാക്കിയാല്‍ അഖിലിന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു.

ഇതിനിടെ അഖിലുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ കണ്ട് താനും അഖിലുമായുള്ള ബന്ധത്തെ കുറിച്ചു കൂടി രാഖി പറഞ്ഞുവെന്നും ഇതോടെയാണ് ആ പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നുമാണ് പ്രതികളുടെ മൊഴി. അവധിക്കു വന്ന സമയത്ത് രാഖിയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞോ കൊലപ്പെടുത്തുമെന്ന് പേടിപ്പിച്ചോ പിന്തിരിപ്പിക്കുകയായിരുന്നു ഉദ്ദേശം എന്നായിരുന്നു അഖില്‍ പറയുന്നത്. എന്നാല്‍ രാഖി പിന്മാറാന്‍ തയാറായില്ല. തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നുമാണ് അഖില്‍ പറയുന്നത്. പിന്നീട് എല്ലാം സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് ജൂണ്‍ 21-ന് രാഖിയെ കാറില്‍ കയറ്റി കൊണ്ടുവരികയും വാക്കുതര്‍ക്കത്തിനിടയില്‍ കഴുത്തു ഞെരിക്കുകയുമായിരുന്നു. ‘പിന്മാറിയില്ലെങ്കില്‍ കൊല്ലു’മെന്ന് പറഞ്ഞപ്പോള്‍ ‘എന്നാല്‍ കൊന്നോളാനാ’യിരുന്നു രാഖിയുടെ മറുപടിയെന്നും തുടര്‍ന്ന് വീണ്ടും കഴുത്തു ഞെരിച്ചപ്പോള്‍ രാഖി എന്തോ പറയാന്‍ ശ്രമിച്ചെന്നും അഖില്‍ പറയുന്നു. എന്നാല്‍ ‘കൈവച്ചു പോയില്ലേ, എന്നാല്‍ തീര്‍ത്തേക്കാമെന്ന് കരുതി’യെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.