X

റിയോയില്‍ ചരിത്രമെഴുതി കാസ്റ്റര്‍ സെമന്യ; പക്ഷേ വിവാദവും കൊഴുക്കുന്നു

പ്രമീള ഗോവിന്ദ് എസ്.

ലോകം ഉറ്റ് നോക്കിയ 800 മീറ്ററില്‍ ദക്ഷിണാഫ്രിക്കന്‍ ഓട്ടക്കാരി കാസ്റ്റര്‍ സെമന്യ ചരിത്രം തിരുത്തി സ്വര്‍ണ്ണം നേടുമ്പോള്‍ വിവാദങ്ങള്‍ വീണ്ടും ഉയരുന്നു. 1: 55.28 എന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയമാണ് സെമന്യ കുറിച്ചത്. 1983-ല്‍ ജാര്‍മില ക്രാടോച്ച് വിലോവ കുറിച്ച റിക്കോഡില്‍ നിന്ന് 2 സെക്കന്‍ഡ് മാത്രം അകലെയാണ് സെമന്യ ഇപ്പോള്‍.

2009 ബെര്‍ലിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍, 18-ആം വയസ്സില്‍ സ്വര്‍ണം നേടിയതോടെയാണ് സെമന്യ വിവാദതാരമാകുന്നത്. ട്രാക്കില്‍ മത്സരിക്കാനുള്ള സെമന്യയുടെ യോഗ്യതയെ ചൊല്ലി പരാതികള്‍ ഉയര്‍ന്നു. ലിംഗ നിര്‍ണ്ണയ പരിശോധനയില്‍ സാധാരണ സ്ത്രീകളുടെ ശരീരത്തില്‍ കാണുന്നതില്‍ നിന്ന് കൂടുതല്‍ അളവില്‍ പുരുഷ ഹോര്‍മോണുള്ള ഹൈപ്പര്‍ ആന്‍ഡ്രോജെനിസം എന്ന അവസ്ഥ സെമന്യക്കുണ്ട് എന്ന് ബോധ്യപ്പെട്ടു. ഇതിനെതുടര്‍ന്ന് 2009 മുതല്‍ 11 മാസത്തേക്ക് താരത്തിന് ട്രാക്കില്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

സാധാരണ സ്ത്രീകളെക്കാള്‍ മൂന്നിരിട്ടിയാണ് സെമന്യയുടെ ശരീരത്തിലെ ഹോര്‍മോണിന്റെ അളവ് എന്ന് പരിശോധനയുടെ ഫലങ്ങള്‍ ചോര്‍ന്നപ്പോള്‍ വ്യക്തമായി. സെമന്യയുടെ ശരീരഘടനയും വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ യുണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ റോസ് ടക്കര്‍ ഉള്‍പ്പടെയുള്ളവര്‍ സെമന്യക്ക് നേരെ സോഷ്യല്‍മീഡിയിലും മാധ്യമങ്ങളിലും ഉയര്‍ന്ന ക്രൂരമായ അധിക്ഷേപങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

1960-കളിലെ ഒളിപിംക്‌സില്‍ പുരുഷന്‍മാര്‍ സ്ത്രീകളായി വേഷമിട്ട് ട്രാക്കിലെത്തുന്നത് തടയാന്‍ സ്ത്രീ താരങ്ങളെ നഗ്നരാക്കി പ്രദര്‍ശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പാനല്‍ പരിശോധിച്ച ശേഷം സ്ത്രീയാണ് എന്ന സര്‍ട്ടിഫിക്കറ്റും നല്കും. സ്ത്രീത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സര്‍ട്ടിഫിക്കറ്റ് മത്സരിക്കാന്‍ ഇവര്‍ കൈയില്‍ കരുതേണ്ടിയിരുന്നു.എന്നാല്‍ സെമന്യയിടെ വിഷയത്തില്‍ വര്‍ഗ്ഗ വിവേചനവും വലിയകാരണമാണ് എന്നും ടക്കര്‍ പറയുന്നു. സെമന്യയുടെ ശരീരം പാശ്ചാത്യരുടെ സ്ത്രീ ശരീരത്തെ കുറിച്ചുള്ള ബോധങ്ങളുമായി യോജിക്കാത്തതാണ് പ്രധാന കാരണം. ഹൈപ്പര്‍ ആന്‍ഡ്രോജെനിക്ക് താരങ്ങളുടെ കാര്യത്തില്‍ ഹോര്‍മോണിന്റെ അളവില്‍ വരുന്ന വ്യത്യാസം അവര്‍ക്ക് ഗുണകരമാകുന്നു എന്ന കാര്യം ടക്കറും പറയുന്നു. വിഷയം ജീവശാസ്ത്രപരമാണ്.

പുരുഷ ഹോര്‍മോണായ ടെസ്റ്റേിസ്റ്റെറോണിന്റെ അളവ് ശരീരത്തില്‍ കൂടുതലുള്ള വനിതാ താരങ്ങള്‍ സാധാരണ സ്ത്രീകളില്‍ കാണുന്ന അളവില്‍ അവയുടെ സാന്നിധ്യം മരുന്നുപയോഗിച്ച് കുറയ്ക്കണമെന്ന് മുമ്പ് ചട്ടമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ ഈ നിയമം രണ്ട് വര്‍ഷത്തേക്ക് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി മരവിപ്പിച്ചു. ചുരുക്കത്തില്‍ ടെസ്റ്റിസ്റ്ററോണിന്റെ അളവ് ഏത് വരെയാകാം എന്നതിന് തീരുമാനമില്ലാതെ വരുന്നു എന്നത് അനീതിയാണ് എന്നും ടക്കര്‍ സമ്മതിക്കുന്നു.

തന്റെ ശരീരത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകളെ അതുപോലെ നിലനിര്‍ത്തുന്ന സെമന്യയോടുള്ള ബഹുമാനവും ടക്കര്‍ മറച്ച് വെക്കുന്നില്ല. എന്നാല്‍ അത് എല്ലാവരോടും നീതിപുലര്‍ത്തുന്ന തരത്തിലേക്ക് നിജപ്പെടുത്തി പ്രയോജനപ്പെടുത്തുകയാണ് സെമന്യ ചെയ്യണ്ടേത് എന്നും ടക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സ്പോര്‍ട്ട്സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ച് മത്സരരംഗത്തേക്ക് തിരിച്ചുവന്ന സെമന്യ 2011 ലോക ചമ്പ്യന്‍ഷിപ്പിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും വെള്ളി നേടി. 2012ല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി നേടിയത് 57.23 സെക്കന്‍ഡിനാണ്. എന്നാല്‍ പിന്നീട് ഫോം നഷ്ടപ്പെട്ട് പിന്നാക്കം പോയി. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാന്‍ പോലും കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കന്‍ ജനതയുടെയും നെല്‍സണ്‍ മണ്ടേല അടക്കമുള്ളവരും നല്കിയ പ്രചോദനമാണ് ഒരു ഉയര്‍ത്തേഴുനേല്‍പ്പിന് സെമന്യയെ പ്രാപ്തയാക്കിയത്.

അതിനിടെ റിയോയില്‍ 800 മീറ്റര്‍ മത്സരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് ഐഎഎഎഫ് അദ്ധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കോ വിഷയം അന്താരാഷ്ട്ര കോടതിയിലേക്ക് വീണ്ടും എത്തിക്കുമെന്ന് തറപ്പിച്ച് പറയുന്നത്. ശാസ്ത്രീയമായ തെളിവുകളുടേയും ഉപദേശങ്ങളുടെയും ബലത്തില്‍ സെമന്യ ഉള്‍പ്പടെയുള്ള ഹൈപ്പര്‍ ആന്‍ഡ്രോജെനിക് താരങ്ങള്‍ക്ക് ശരീരത്തില്‍ സ്വാഭാവികമായിത്തന്നെ കൂടിയ അളവില്‍ ടെസ്റ്റെിസ്റ്റെറോണ്‍ ഉദ്പാദിപ്പിക്കപ്പെടുന്നതിനാല്‍ പുരുഷതാരങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം ലഭിക്കുന്നുണ്ട് എന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താനാകും എന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെക്കാലം സുഹൃത്തായിരുന്ന പെണ്‍കുട്ടിയെ അടുത്തിടെ സെമന്യ വിവാഹം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. സെമന്യ പക്ഷെ അത് നിരസിച്ചിരുന്നു. വിലക്കുകളും ആക്ഷേപങ്ങളും മറികടന്ന് വിജയകീരിടം ചൂടിയ സെമന്യക്കും ദക്ഷിണാഫ്രിക്കക്കും ഇത് അഭിമാനത്തിന്റെ ദിവസങ്ങളാണ്.പക്ഷെ വിവാദങ്ങള്‍ കെട്ടടങ്ങുകയല്ല വീണ്ടും സജീവമാവുകയാണ്.

(പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകയും നിലവില്‍ ദുബായ് വോയ്‌സ് ഓഫ് കേരള റേഡിയോയിലെ വാര്‍ത്താധിഷ്ഠത പരിപാടികളുടെ അവതാരകയുമാണ് ലേഖിക. ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോ, തിരുവനന്തപുരം ഏഷ്യാനെറ്റ്, വിവിധ അച്ചടി പ്രസീദ്ധികരണങ്ങളിലും, വിഷ്വല്‍ മിഡീയ, ഓണ്‍ലൈന്‍ മേഖലയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

This post was last modified on August 23, 2016 11:56 am