X

മാലേഗാവ് സ്‌ഫോടനം: എട്ട് മുസ്ലിങ്ങളെ കുറ്റവിമുക്തരാക്കി

അഴിമുഖം പ്രതിനിധി

2006-ല്‍ 31 പേരുടെ മരണത്തിന് കാരണമായ മഹാരാഷ്ട്രയിലെ മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എട്ട് മുസ്ലിങ്ങളെ കോടതി വെറുതെ വിട്ടു.

അഞ്ചു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം 2011-ല്‍ എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുത്തശേഷമാണ് അവര്‍ക്ക് ജാമ്യം ലഭിച്ചത്. കുറ്റം സമ്മതിക്കാന്‍ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചുവെന്ന് അവര്‍ പിന്നീട് ആരോപിച്ചിരുന്നു.

കേസ് ആദ്യം അന്വേഷിച്ചത് മഹാരാഷ്ട്രയുടെ ഭീകരവിരുദ്ധ സ്‌ക്വാഡ് ആയിരുന്നു. അറസ്റ്റിലായവര്‍ നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെന്ന സിമിയുടെ പ്രവര്‍ത്തകരാണെന്നും അവര്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയുടെ സഹായത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്നുമായിരുന്നു എടിഎസിന്റെ കണ്ടെത്തല്‍. പിന്നീട് കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐയും എടിഎസിന്റെ കണ്ടെത്തല്‍ ശരിവച്ചു.

എന്നാല്‍ കേസിന്റെ ഗതി മാറിയത് 2011-ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുത്തപ്പോഴാണ്. ഹിന്ദു ഭീകര സംഘടനയായ അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് എന്‍ഐഎ  കണ്ടെത്തി.

2008-ല്‍ മാലേഗാവില്‍ തന്നെയുണ്ടായി മറ്റൊരു സ്‌ഫോടനതത്തിലും അഭിനവ് ഭാരതിന്റെ കരങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സ്‌ഫോടനത്തില്‍ ഏഴ് പേരാണ് മരിച്ചത്.

സംജോത ട്രെയിന്‍ സ്‌ഫോടന കേസിലെ മുഖ്യപ്രതി സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലാണ് എന്‍ഐഎയുടെ അന്വേഷണത്തില്‍ വഴിത്തിരിവ് നല്‍കിയത്. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ മാലേഗാവില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘമാണ് എന്ന് അസീമാനന്ദ വെളിപ്പെടുത്തിയെങ്കിലും പിന്നീടത് പിന്‍വലിച്ചു. അടുത്തിടെ കോടതിയില്‍ നടന്ന വാദങ്ങളില്‍ എട്ട് മുസ്ലിങ്ങളെ കുറ്റവിമുക്തരാക്കുന്നതിനെ എന്‍ഐഎ എതിര്‍ത്തിരുന്നു.

This post was last modified on December 27, 2016 4:03 pm

Related Post
Leave a Comment