X

കാണിച്ചത് സംസ്‌കാരമില്ലായ്മ; ചെറിയാന്‍ ഫിലിപ്പിനെതിരെ വി എസ് അച്യുതാനന്ദന്‍

അഴിമുഖം പ്രതിനിധി

ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലിട്ട സ്ത്രീവിരുദ്ധ പരാമര്‍ശത്തെ അവജ്ഞയോടെ തള്ളി വി എസ് അച്യുതാനന്ദന്‍. സംസ്‌കാരശൂന്യമായ പ്രവര്‍ത്തിയാണ് ചെറിയാന്‍ ഫിലിപ്പ് നടത്തിയതെന്നായയിരുന്നു വി എസിന്റെ പ്രതികരണം. ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉടുപ്പ് അഴിച്ച് പ്രതിഷേധിച്ചപ്പോള്‍ അതിനൊപ്പം സ്ത്രീകളും വസ്ത്രം അഴിക്കണമെന്നു പറയാന്‍ സംസ്‌കാരമുള്ള ആര്‍ക്കും കഴിയില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് സ്വന്തം സംസ്‌കാരത്തിനനുസരിച്ചാണെന്നും ആ അഭിപ്രായത്തെ അതര്‍ഹിക്കുന്ന അവജ്ഞയോടെ താന്‍ തള്ളിക്കളയുന്നതായും വി എസ് പറഞ്ഞു. സിപിഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്നുണ്ടാകുന്ന ആദ്യത്തെ പ്രതികരണമായിരുന്നു വി എസ്സിന്റെത്.

നേരത്തെ കോണ്‍ഗ്രസിലെ വനിതകളെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റ് വലിയ വിവാദത്തിലായിരുന്നു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ ഉടുപ്പഴിച്ചുള്ള സമരത്തെ ബന്ധപ്പെടുത്തി കോണ്‍ഗ്രസില്‍ ഇതുപോലെ രഹസ്യമായി വസ്ത്രമഴിച്ച പല വനിതകള്‍ക്കും സ്ഥാനങ്ങള്‍ കിട്ടിയിട്ടുണ്ടെന്നായിരുന്നു ചെറിയാന്‍ കുറിച്ചത്. ഇത് വിവാദമായിട്ടും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. തനിക്കെതിരെ കേസ് കൊടുക്കാനാണ് ഭാവമെങ്കില്‍ കോണ്‍ഗ്രസിലെ പല നാറിയ കഥകളും താന്‍ പുറത്തുപറയുമെന്ന ഭീഷണിയും ചെറിയാന്‍ നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരനടക്കം അറിയാവുന്നതാണെന്നും ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചിരുന്നു.

This post was last modified on December 27, 2016 3:20 pm