X

ആത്മകഥയില്‍ ചട്ടലംഘനം; ജേക്കബ് തോമസിനെതിരേ ചീഫ് സെക്രട്ടറി

പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയിച്ചില്ലന്ന് ആരോപണം

അവധിയില്‍ പ്രവേശിച്ചിരിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐപിഎസ്സിന്റെ ആത്മകഥയില്‍ ചട്ടലംഘനം ഉണ്ടെന്നു ചീഫ് സെക്രട്ടറി. പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പുസ്തകമെഴുതുന്ന കാര്യം ജേക്കബ് തോമസ് അറിയിച്ചിരുന്നെങ്കിലും ഉള്ളടക്കത്തെ സംബന്ധിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ല. കൂടുതല്‍ പരിശോധന പുസ്തകമെഴുതിയതുമായി ബന്ധപ്പെട്ട് ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറും.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥ അതിന്റെ ഉള്ളടക്കത്തിലെ ചില പരാമര്‍ശങ്ങള്‍ പുറത്തുവന്നതിനൊപ്പം വിവദമാകാന്‍ തുടങ്ങിയതാണ്. പാറ്റൂര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും സപ്ലൈകോ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി സി ദിവാകരനെതിരേയും പുസ്തകത്തില്‍ പറയുന്നുണ്ട്. തെളിവുകള്‍ ഇല്ലാതെ മദനിയെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതോടെയാണു സര്‍വീസില്‍ തന്റെ കഷ്ടകാലം ആരംഭിച്ചതെന്നും ഒരു അധ്യായത്തില്‍ ജേക്കബ് തോമസ് തുറന്ന് എഴുതുന്നുണ്ട്. ഉള്ളടക്കത്തില്‍ തട്ടി ഇരു മുന്നണികളിലും പെട്ട രാഷ്ട്രീയകേന്ദ്രങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ ജേക്കബ് തോമസിനെതിരേ ഉയര്‍ത്തിയിരുന്നു. പുസ്തകം വില്‍ക്കാനുള്ള ബിസിനസ് തന്ത്രമാണ് ജേക്കബ് തോമസ് പയറ്റുന്നതെന്നായിരുന്നു സി ദിവാകരന്റെ ആക്ഷേപം.

ഇത്തരം വിവാദങ്ങളും വിമര്‍ശനങ്ങളും നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് മേയ് 22 ന് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദരാജന് പുസ്തകം കൈമാറിക്കൊണ്ടായിരുന്നു പ്രകാശന ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രകാശന ദിവസം രാവിലെ കോണ്‍ഗ്രസ് എംഎല്‍എ കെ സി ജോസഫ് നല്‍കി കത്തിന്റെ അടിസ്ഥാനത്തില്‍ നിയമസെക്രട്ടറിയോട് തേടിയ ഉപദേശപ്രകാരം മുഖ്യമന്ത്രി പുസ്തകപ്രകാശന ചടങ്ങില്‍ നിന്നും പിന്‍വാങ്ങി. അപ്രതീക്ഷിതമായ ഈ പിന്മാറ്റം ജേക്കബ് തോമസിനെ ചടങ്ങ് ഉപേക്ഷിക്കുന്നതിന് നിര്‍ബന്ധിതനാക്കി.

സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണു പുസ്തകം എഴുതിയതെന്നും വിവാദ പരാമര്‍ശങ്ങള്‍ ഉള്ള പുസ്തകം പ്രകാശനം ചെയ്യരുതെന്നുമായിരുന്നു കെ സി ജോസഫ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേ നിയമപ്രശ്‌നം തന്നെ പറഞ്ഞു മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് ഒഴിയുകയും ചെയ്തു.നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ചു ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു കെ സി ജോസഫ് എംഎല്‍എ കത്ത് നല്‍കിയിരുന്നെന്നും നിയമസെക്രട്ടറിയുമായി സംസാരിച്ചപ്പോള്‍ കിട്ടിയ ഉപദേശം അനുസരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി പിന്നീട് മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു.

താന്‍ മുഖ്യമന്ത്രിയോട് അനുവാദം ചോദിച്ചശേഷമാണ് പുസ്തകം എഴുതാന്‍ തുടങ്ങിയതെന്നു നേരത്തെ ജേക്കബ് തോമസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതേ കുറിച്ച് മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ തിരക്കിയപ്പോള്‍ പറഞ്ഞ മറുപടി അതേക്കുറിച്ചെല്ലാം പിന്നീട് പരിശോധിക്കുമെന്നായിരുന്നു. ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയ സ്ഥിതിക്ക് തന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെതിരേ മുഖ്യമന്ത്രി നടപടിയെടുക്കുമോ എന്നാണ് ചോദ്യം.

This post was last modified on May 24, 2017 10:06 am