X

ചരിത്രത്തില്‍ ഇന്ന്: ഷെന്‍ഷ്യൂ-1 വിക്ഷേപണവും പൈക് റിവര്‍ ഖനി സ്‌ഫോടനവും

1999 നവംബര്‍19 
ചൈന ഷെന്‍ഷ്യൂ-1 ബഹിരാകാശവാഹനം വിക്ഷേപിക്കുന്നു

ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്നതിന്റെ ഭാഗമായി ചൈന 1999 നവംബര്‍ 19 ന് തങ്ങളുടെ ബഹിരാകാശ വാഹനമായ ഷെന്‍ഷ്യൂ-1 വിക്ഷേപിച്ചു. പ്രൊജക്ട് 921/1 ന്റെ ഭാഗമായി ചൈന അതിനു മുമ്പും ഒരു ബഹിരാകാശ വാഹനം വിക്ഷേപിച്ചിരുന്നു. വിക്ഷേപണസമയത്ത് ഈ വാഹനത്തിന് അവര്‍ പ്രത്യേകിച്ച് പേര് നല്‍കിയിരുന്നില്ലെങ്കിലും വിശുദ്ധ വാഹനം എന്നര്‍ത്ഥം വരുന്ന ഷെന്‍ഷ്യൂ എന്ന പേര് പിന്നീട് നല്‍കുകയുണ്ടായി.

റഷ്യയുടെ സോയുസ് ബഹിരാകാശ വാഹനത്തിന്റെ മാതൃകയിലായിരുന്നു ഈ വാഹനവും ചൈന നിര്‍മ്മിച്ചത്. 2003 ഒക്ടോബര്‍ 15 ന് മനുഷ്യനെയും വഹിച്ചുകൊണ്ട് ചൈനയുടെ ബഹിരാകാശവാഹനം ശൂന്യാകാശത്തേക്കു കുതിച്ചു. നാലു പതിറ്റാണ്ടുകളായി തുടര്‍ന്ന ചൈനയുടെ പരിശ്രമങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു അന്ന് സഫലമായത്.

2010 നവംബര്‍ 19 
പൈക് റിവര്‍ ഖനി സ്‌ഫോടനം

ന്യൂസിലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്തിന് 45 കിലോമീറ്റര്‍ വടക്ക്കിഴക്കായി സ്ഥിതി ചെയ്യുന്ന പൈക് റിവര്‍ കല്‍ക്കരി ഖനിയില്‍ 2010 നവംബര്‍ 9 നുണ്ടായ സ്‌ഫോടനത്തില്‍ 29 ഖനി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഈ സ്‌ഫേടനത്തിനു പിന്നാലെ അതേ മാസം 24 നും 26 നും രണ്ടു പൊട്ടിത്തെറികള്‍ കൂടി പൈക് റിവര്‍ ഖനിയില്‍ നടന്നു.

2008 ലാണ് ഈ ഖനിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വര്‍ഷം ഒരു മില്യണ്‍ ടണ്‍ കല്‍ക്കരി എന്ന നിലയില്‍ 20 വര്‍ഷത്തേക്ക് പ്രവര്‍ത്തനം കണക്കാക്കിയാണ് ഖനി തുറക്കുന്നത്. എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം തന്നെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് സ്‌ഫോടനങ്ങള്‍ നടക്കുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on November 19, 2014 10:13 am