X

വിവാഹവും കുടുംബവും: ചില ക്രൈസ്തവ സാമൂഹ്യ നൈതിക ചിന്തകള്‍

ജോര്‍ജ് സക്കറിയ

നിലവിലുള്ള സാമൂഹ്യക്രമത്തിലെ അടിസ്ഥാനപരമായ സ്ഥാപനമെന്ന നിലയില്‍ കുടുംബത്തിന്റെ നിലനില്‍പ്പും ശക്തിയാര്‍ജിക്കലും വ്യവസ്ഥിതിയുടെ നിലനില്‍പ്പിന് ആവശ്യമത്രേ. അതുകൊണ്ടുതന്നെ മതങ്ങളടക്കമുള്ള പൊതുസമൂഹത്തിലെ സ്ഥാപനങ്ങളെല്ലാം തന്നെ, കുടുംബം എന്ന സ്ഥാപനത്തെ നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും എല്ലായ്‌പോഴും ശ്രമിക്കും. നിലവിലുള്ള പരമ്പരാഗത കുടുംബ സങ്കല്‍പ്പത്തെ ദൈവീക പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച് അതിനെ ശാക്തീകരിക്കുക സഭയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണല്ലോ. പരമ്പരാഗത കുടുംബ സങ്കല്‍പ്പത്തെ ക്രൈസ്തവ സാമൂഹ്യ നൈതികതയുടെ വെളിച്ചത്തില്‍ പുന:പരിശോധിച്ച് ചില ബദല്‍ ചിന്തകള്‍ പങ്കുവയ്ക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

വിവാഹവും കുടുംബവും മനുഷ്യവര്‍ഗ്ഗത്തിന്റെ തുടര്‍ച്ചക്കായി ദൈവം നിയോഗിച്ചിരിക്കുന്ന സ്ഥാപനമാണെന്നും ദൈവീക ദാനമായ ലൈംഗികത വിവാഹത്തിലൂടെ സ്ഥാപിതമായ കുടുംബത്തിനുള്ളില്‍ ഭാര്യാ ഭര്‍തൃ ബന്ധത്തിലൂടെ മാത്രം ആഘോഷിക്കപ്പെടേണ്ടതാെണന്നും സഭ വിശ്വസിക്കുന്നു. ലൈംഗികതയുടെ ദൈവീക ഉദ്ദേശ്യം കേവലം പ്രത്യുത്പാദനം മാത്രമാണെന്ന് വിശ്വസിക്കുന്ന സഭാ വിഭാഗങ്ങളുണ്ട്. ഗര്‍ഭ നിരോധനശ്രമങ്ങള്‍ അതുകൊണ്ടുതന്നെ അസന്മാര്‍ഗികമാണെന്ന് പ്രസ്തുത സഭാവിഭാഗങ്ങള്‍ വിശ്വസിക്കുന്നു. സ്വവര്‍ഗാനുരാഗവും ഒന്നുചേരലും ക്രൈസ്തവ വിശ്വാസത്തിന് നിരക്കാത്തതാണെന്ന് ഒട്ടു മിക്ക സഭകളും വിശ്വസിക്കുന്നു. ഈ നിലപാടുകളെ സാധൂകരിക്കുന്നതിന് തിരുവചനം സഹായകരമാണ്. എന്നാല്‍ സഭയുടെ പരമ്പരാഗത കുടുംബ സങ്കല്‍പ്പത്തോടുള്ള ദൈവശാസ്ത്ര നിലപാടുകള്‍ ഇന്ന് വിമര്‍ശനവിധേയമായിരിക്കുന്നു. പ്രാന്തസ്ഥിതസമൂഹങ്ങള്‍ ഉയര്‍ത്തുന്ന കുടുംബത്തെപ്പറ്റിയുള്ള ദൈവശാസ്ത്ര, നൈതിക പ്രശ്‌നങ്ങള്‍ സഭ ഗൗരവമായി എടുക്കേണ്ടിയിരിക്കുന്നു. പരമ്പരാഗത സങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ട്, പ്രാന്തസ്ഥിതരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന ചില ചിതറിയ ചിന്തകള്‍, സഭയുടെ ദര്‍ശന പുതുക്കത്തിനും കുടുംബങ്ങളുടെ വീണ്ടെടുപ്പിനുമായി ഇവിടെ പങ്കുവെക്കുകയാണ്.

വിവാഹവും കുടുംബവും: ആണ്‍കോയ്മയുടെ സ്ഥാപനവത്കരണം 
ശ്രേണീബദ്ധമായ ഒരു അധികാരബന്ധത്തിന്റെ സ്ഥാപനമത്രേ കുടുംബം. ആണ്‍കോയ്മയുടെ അധികാരബന്ധം പുരുഷന്റെ അധീശത്വത്തിലൂടെയും സ്ത്രീയുടെ മേലുള്ള നിയന്ത്രണത്തിലൂടെയും കുടുംബത്തില്‍ ആഘോഷിക്കപ്പെടുമ്പോള്‍ പുതിയ തലമുറ ആണ്‍കോയ്മയെ ഒരു മൂല്യമായും ഉത്തരവാദിത്തമായും ഉള്‍ക്കൊണ്ട് നെഞ്ചിലേറ്റുന്നു. സഭ പരമ്പരാഗത കുടുംബ സങ്കല്‍പ്പത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം ആണ്‍കോയ്മയുടെ സ്ഥാപനവത്കരണത്തിന് ദൈവശാസ്ത്ര സാധൂകരണം നല്‍കുകയത്രേ ചെയ്യുന്നത്. ഇവിടെയാണ് കുടുംബത്തെപ്പറ്റിയുള്ള നമ്മുടെ ദൈവശാസ്ത്ര നിലപാടുകള്‍ വിചാരണ ചെയ്യപ്പെടേണ്ടുന്നത്.

ആണ്‍കോയ്മ ഒരു ദൈവശാസ്ത്ര പ്രശ്‌നം തന്നെയത്രേ. ആണ്‍കോയ്മയെ സാധൂകരിക്കുന്ന, പരമ്പരാഗത കുടുംബത്തെപ്പറ്റിയുള്ള നമ്മുടെ ദൈവശാസ്ത്ര ചിന്തകള്‍ അധീശത്തത്തിന്റെയും നിയന്ത്രണത്തിന്റെയും ദൈവശാസ്ത്രമാണ്. മേധാവിത്ത ലിംഗപദവി നിര്‍മ്മിതികളുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിച്ചിരിക്കുന്ന വാര്‍പ്പുമാതൃകകള്‍ക്കനുസരിച്ച് സ്ത്രീയും പുരുഷനും തങ്ങളുടെ ഇടങ്ങളെയും അധികാരത്തെയും തിരിച്ചറിഞ്ഞ് കുടുംബമെന്ന ദൈവീക നിയോഗമേറ്റെടുക്കുന്നതിനുള്ള ആണ്‍കോയ്മയുടെ നിയോഗ ശുശ്രൂഷയായി വിവാഹം എന്ന കൂദാശ മാറിയിട്ടില്ലേ എന്ന ചോദ്യം നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ശ്രേണീബദ്ധമായ ദൈവ സങ്കല്‍പ്പവും അതിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെടുന്ന കുടുംബത്തിലെ അധികാരബന്ധവും പുരുഷനെ കുടുംബത്തിന്റെ തലയായി അംഗീകരിക്കുന്നതിനും, സ്ത്രീ ഭര്‍ത്താവിന് കീഴടങ്ങി വിധേയപ്പെട്ടു ജീവിക്കുന്നതിനും കുടുംബാംഗങ്ങളെ പ്രേരിപ്പിക്കുന്നു. നീതിയിലധിഷ്ടിതമായ സ്‌നേഹം, തുല്യത, പാരസ്പര്യം, കരുതല്‍, ഉഭയസമ്മതത്തോടുകൂടിയ ലൈംഗികതയുടെ ആഘോഷം ഇവ ഒന്നും തന്നെ കുടുംബത്തെപ്പറ്റിയുള്ള മേധാവിത്ത ദൈവശാസ്ത്ര ചിന്തകളില്‍ കാണുന്നില്ല. ചുരുക്കത്തില്‍ ആണ്‍കോയ്മയുടെ ഇടങ്ങളും പാഠശാലകളുമായി നമ്മുടെ കുടുംബങ്ങള്‍ തീരുന്നതില്‍ ദൈവശാസ്ത്രത്തിന്റെ പങ്ക് വളരെ വലുതാണ്.

നിലവിലുള്ള സാമൂഹ്യക്രമത്തിന്റെ നിലനില്‍പ്പിന് പരമ്പരാഗത കുടുംബത്തിന്റെ ശക്തിപ്പെടുത്തല്‍ ആവശ്യമാണ്. ശ്രേണീബദ്ധക്രമങ്ങള്‍ പ്രകൃതിദത്തവും ദൈവീകവുമാണെന്ന് കുടുംബം എന്ന പാഠശാലയിലെ പരുവപ്പെടുത്തലിലൂടെ ജനം സ്വാംശീകരിക്കപ്പെടുമ്പോള്‍ മേധാവിത്ത സാമൂഹ്യ ക്രമങ്ങള്‍ പിന്നെ ഭയക്കേണ്ടതില്ല. കുടുംബത്തിന്റെ തകര്‍ച്ച സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും തകര്‍ച്ചക്ക് കാരണമാകാമെന്ന ഭീതിയുടെ അടിസ്ഥാനം മറ്റൊന്നല്ല. വിവാഹം എന്ന കൂദാശയും കുടുംബം എന്ന കൂട്ടായ്മയും പാപപങ്കിലമായ അധികാരബന്ധത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന ചരിത്ര പശ്ചാത്തലത്തില്‍ മേധാവിത്ത ക്രമങ്ങളുടെ ദൈവശാസ്ത്രങ്ങളുടെ ഹിംസയെ നാം തിരിച്ചറിയേണ്ടതുണ്ട്. ജാതീയതയും വംശീയതയും വര്‍ഗ്ഗവിഭജനവും ആണ്‍കോയ്മയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പരമ്പരാഗത കുടുംബ സങ്കല്പത്തെ വിശുദ്ധീകരിക്കുന്ന ദൈവചിന്ത നിലവിലുള്ള തിന്മയുടെ ഘടനകളെ സംരക്ഷിക്കുക മാത്രമല്ല ബദല്‍ സമൂഹ സൃഷ്ടിക്കായുള്ള അന്വേഷണങ്ങളെ പൈശാചികമായി ചിത്രീകരിച്ച് ഒറ്റുകൊടുക്കുകയും ചെയ്യുന്നു. ഇവിടെ പരമ്പരാഗത കുടുംബ സങ്കല്‍പ്പത്തിന്റെ, ദൈവശാസ്ത്രത്തിന്റെ വിമര്‍ശനവും നിരാസവും ക്രൈസ്തവ സാമൂഹ്യ നൈതികതയുടെ ഉത്തരവാദിത്തമത്രേ.

വിവാഹവും കുടുംബവും: ലൈംഗികതയുടെ അപമാനവീകരണം 
നീതിനിഷ്ഠമല്ലാത്ത അധികാരബന്ധം നിലനില്‍ക്കുന്ന ആണ്‍കോയ്മ വാഴുന്ന കുടുംബത്തില്‍, ദൈവീകദാനമായ ലൈംഗികത, ഇരയുടെമേലുള്ള പുരുഷ അധികാരത്തിന്റെ ഹിംസാത്മകമായ ഇടപെടലാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. സ്ത്രീ ശരീരത്തിന്റെ മേലുള്ള പുരുഷന്റെ ഉടമസ്ഥാവകാശം പ്രഖ്യാപിക്കുന്ന കടന്നുകയറ്റമായി ലൈംഗികത മാറുമ്പോള്‍ വിവാഹവും കുടുംബവും നിയമവിധേയമായ ബലാത്സംഗത്തിന്റെ ഇടമായി മാറുന്നു. വിവാഹപൂര്‍വ കൗണ്‍സിലിംഗോ, വിവാഹ കൂദാശയോ, പള്ളി ആരാധനകളോ, കുടുംബനവീകരണ ധ്യാനങ്ങളോ ആണ്‍കോയ്മയെ പാപമായി തിരിച്ചറിയാത്തിടത്തോളം കാലം ലൈംഗികതയുടെ അപമാനവികരണം സംഭവിക്കുന്ന സ്ഥലമായി നമ്മുടെ കുടുംബങ്ങള്‍ അധ:പതിക്കും. ഉഭയസമ്മതത്തോടെ ആഘോഷിക്കപ്പെടേണ്ടുന്ന ലൈംഗികതയെ ആണ്‍കോയ്മ അപമാനവീകരിക്കുമ്പോള്‍, ലൈംഗികതയും പ്രത്യുത്പാദനവും, അവയുടെ ജീവനും സൗന്ദര്യവും ദൈവീകതയും നഷ്ടപ്പെട്ട്, യാന്ത്രികമായി മാറുന്നു. സ്വന്ത ശരീരത്തിന്റെമേലും ലൈംഗികതയുടെമേലും പ്രത്യുത്പാദന തീരുമാനങ്ങളിന്മേലും അധികാരവും അവകാശവും നഷ്ടപ്പെട്ട സ്ത്രീ, കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി ആണ്‍കോയ്മയെ ദൈവീക പദ്ധതിയായി അംഗീകരിച്ച് പുരുഷാധികാരത്തിന് വിധേയപ്പെടുന്ന കഥയാണ് നമ്മുടെ കുടുംബ ആഖ്യാനങ്ങള്‍. 

ലൈംഗികതയെ നിഷേധാത്മകമായി സമീപിക്കുന്ന ധാരകള്‍ ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ ആരംഭം മുതലേ മേധാവിത്തം പുലര്‍ത്തിയിരുന്നു. കാമം അശുദ്ധവും, അതിനാല്‍ പാപവുമാണെന്ന ചിന്ത ദൈവശാസ്ത്രത്തില്‍ പ്രബലപ്പെട്ടത് ദ്വന്ദവാദത്തിലൂടെയാണ്. ലൈംഗിക കാമനകളെ ഭോഗാസക്തിയായി കരുതുന്ന ദൈവശാസ്ത്ര ചിന്തകള്‍ ഇന്നും പ്രബലമാണ്. പ്രത്യുത്പാദനത്തിന്റെ മുഖാന്തിരം മാത്രമായി ലൈംഗികതയെ കാണുമ്പോള്‍ ദൈവീക ദാനമായ ലൈംഗിക കാമനകളുടെ ആഘോഷം അസാന്മാര്‍ഗികമായി മാറുന്നു. സ്‌നേഹത്തിന്റെ ആവിഷ്‌കാരമായ കാമപൂര്‍ത്തിയെ മനുഷ്യത്വത്തിന്റെ പൂത്തുലയലായി കാണുന്നതിന് നമ്മുടെ സദാചാരബോധം നമ്മെ അനുവദിക്കുന്നില്ല. ചുരുക്കത്തില്‍ കേരളത്തിലെ ക്രൈസ്തവരുടെ ലൈംഗിക സദാചാര ചിന്തകള്‍ ഇന്നും സെന്റ് അഗസ്റ്റിന്റെ ദൈവശാസ്ത്രത്തിലും വിക്ടോറിയന്‍ സദാചാരബോധത്തിലും കെട്ടപ്പെട്ടിരിക്കുകയാണ്. ‘മനുഷ്യതയുടെ സമഗ്രമായ വികാസവും സാഫല്യവുമായിരിക്കണം ലൈംഗിക നൈതീകതയുടെ മൗലിക പ്രമാണം’ എന്ന ഫാ. സെബാസ്റ്റ്യന്‍ കാപ്പന്റെ അഭിപ്രായം ഇവിടെ പ്രസക്തമാണ്.

സ്‌നേഹത്തേയും പ്രണയത്തേയും പ്രകൃതി നിയമങ്ങളിലും മേധാവിത്വ സദാചാരബോധത്തിലും തളച്ചിട്ട്, ആണ്‍കോയ്മ വാഴുന്ന കുടുംബത്തിലെ ബാലാത്കാരങ്ങളായി ലൈംഗികതയെ ചുരുക്കുമ്പോള്‍, അവയുടെ സൗന്ദര്യവും ദൈവീകതയും നഷ്ടപ്പെടുന്നു. കാപ്പന്‍ അച്ചന്‍ പറയുന്നതുപോലെ, ‘സ്‌നേഹത്തിനു വിധേയമായി വ്യാപരിക്കുന്ന എല്ലാ കാമിക്കലും പ്രേമിക്കലും വ്യക്തികളെയെന്നപോലെ സമൂഹത്തെയും സമ്പന്നമാക്കുന്നു. അതുകൊണ്ട് അവ ധാര്‍മ്മികമാണ്. സ്‌നേഹശൂന്യമായ ലൈംഗികവ്യാപാരമാകട്ടെ, അതിലേര്‍പ്പെടുന്നവരുടെ സമഗ്രവികാസത്തിന് വിലങ്ങുതടിയും ആകയാല്‍ അധാര്‍മ്മികവുമാണ്.’ ലൈംഗികതയുടെ ഇത്തരം ബദല്‍ ദര്‍ശനങ്ങള്‍ നമ്മുടെ കുടുംബങ്ങളുടെ വീണ്ടെടുപ്പിന് ഏറെ സഹായിക്കും.

വിവാഹവും കുടുംബവും: ഗാര്‍ഹിക പീഡനങ്ങളുടെ ദൈവശാസ്ത്ര സാധൂകരണം
ആണ്‍കോയ്മയുടെ പ്രഭവസ്ഥലമായ പരമ്പരാഗത കുടുംബം, ആണ്‍കോയ്മയുടെ സദാചാരത്തെ കുടുംബാംഗങ്ങളിലേക്ക് സന്നിവേശം ചെയ്യിക്കുന്ന ഒരു സാംസ്‌കാരിക സ്ഥാപനം കൂടിയാണ്. പുരുഷന്റെ സവിശേഷാധികാരങ്ങള്‍ക്ക്, സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങളേക്കാള്‍ പ്രാമുഖ്യമുണ്ടെന്ന തിരിച്ചറിവ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബം നല്‍കുന്നു. ഈ ശിക്ഷണ പ്രക്രിയ അവരുടെ വിധേയത്ത സ്വത്ത നിര്‍മ്മിതിക്ക് വഴി ഒരുക്കുന്നു. എന്നാല്‍ തങ്ങളുടെ മനുഷ്യത്വത്തെ ആദരിക്കുന്നതിന് സ്ത്രീകളും കുട്ടികളും ശ്രമിച്ചാല്‍ പിന്നെ പീഡനങ്ങള്‍ പെയ്തിറങ്ങും. കുടുംബത്തിനുള്ളിലെ ബലാത്കാരവും പീഡനവും, പരമ്പരാഗത കുടുംബ സങ്കല്പത്തെ സംരക്ഷിക്കുന്നതിനുള്ള പുരുഷന്റെ ശ്രമങ്ങളായതിനാല്‍ സദാചാരവാദികളുടെ പിന്തുണയും അതിനുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമല്ല; സ്വകാര്യമാണ് എന്ന വാദത്തിന്റെ രാഷ്ട്രീയം ആണ്‍കോയ്മക്കെതിരായുള്ള ചെറുത്തുനില്‍പ്പുകളെ സദാചാരവിരുദ്ധമായി പ്രഖ്യാപിച്ച് നശിപ്പിക്കുകയെന്നതത്രേ. ചുരുക്കത്തില്‍ ആണ്‍കോയ്മയുടെ അധികാരബന്ധം കുടുംബത്തില്‍ വ്യവസ്ഥാപിതമായി കഴിയുമ്പോള്‍, ഗാര്‍ഹിക ബലാത്കാരങ്ങള്‍ അധര്‍മ്മമല്ലാതായി മാറും. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമായി കുടുംബം മാറിയതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ.

ആണ്‍കോയ്മയുടെ ഹിംസാത്മകതയെ തിരിച്ചറിഞ്ഞിട്ടും, ദൗര്‍ഭാഗ്യവശാല്‍ സഭ അതിന് ദൈവശാസ്ത്ര സാധൂകരണം നല്‍കുന്നതിനാണ് പലപ്പോഴും ശ്രമിക്കുന്നത്. വിവാഹം എന്ന കൂദാശയിലൂടെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആണ്‍കോയ്മയുടെ ഈ സ്ഥാപനം ദൈവീക പദ്ധതിയുടെ ഭാഗമാണെന്നും, അതിനെ സംരക്ഷിക്കുന്നതിനു വേണ്ടി സ്വന്തം താല്‍പര്യങ്ങള്‍ മറക്കണമെന്നും ദമ്പതികളെ ഉപദേശിക്കുന്നതിലൂടെ പരമ്പരാഗത കുടുംബ സങ്കല്‍പ്പത്തെ സംരക്ഷിക്കുകയാണ് ക്രൈസ്തവ ഉത്തരവാദിത്തമെന്ന സന്ദേശമത്രെ സഭ നല്‍കുന്നത്. ഞായറാഴ്ചകളില്‍ പള്ളിയില്‍ കൂടിവരുന്നവരില്‍ ഗാര്‍ഹിക പീഡനങ്ങളും ബലാല്‍ക്കാരങ്ങളും ദിനംതോറും അനുഭവിക്കുന്ന സ്ത്രീകള്‍ നിരവധിയാണ്. എന്തു സന്ദേശമാണ് സഭ അവര്‍ക്ക് നല്‍കുന്നത്? യേശു അവരുടെ ജീവിതങ്ങളില്‍ എങ്ങനെ ഒരു സുവിശേഷമായി മാറും? പീഡനത്തിന്റെയും പുറന്തള്ളലിന്റെയും വേളയില്‍ ഇടവക എങ്ങനെ ഒരു അര്‍ത്ഥവത്തായ കൂട്ടായ്മയായി അവര്‍ക്ക് അനുഭവവേദ്യമാകും?

കുടുംബമെന്ന സ്ഥാപനം സാമൂഹ്യ ജീവിതത്തിലെ പദവി നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകമായതിനാല്‍ കുടുംബത്തിന്റെ യശസ്സിനു കളങ്കം വരുന്ന പ്രവൃത്തികള്‍ നാം ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. കുടുംബത്തിനുള്ളിലെ അനീതിയും സ്‌നേഹരാഹിത്യവും ബാലാല്‍ക്കാരങ്ങളും അതുകൊണ്ടുതന്നെ ഒതുക്കിവയ്‌ക്കേണ്ടത് പരമ്പരാഗത കുടുംബത്തിന്റെ സംരക്ഷകരുടെ ആവശ്യമത്രേ. മൗനത്തിന്റെയും സഹനത്തിന്റെയും സുവിശേഷഘോഷണത്തിലൂടെ സഭ ഈ ശുശ്രൂഷ സ്ത്രീകളുടെ ഇടയില്‍ നൂറ്റാണ്ടുകളായി വിശ്വസ്തതയോടെ നിര്‍വഹിച്ചുവരുന്നു. കുടുംബത്തിന്റെ ഭദ്രതയ്ക്കും കുട്ടികളുടെ ഭാവിക്കും വേണ്ടി അപമാനത്തെയും ബലാല്‍ക്കാരത്തെയും സന്തോഷത്തോടെ സ്വീകരിക്കുന്നതിനുള്ള സഹനത്തിന്റെ ദൈവശാസ്ത്രം, യഥാര്‍ത്ഥത്തില്‍ ദൈവീക നീതിക്ക് വിരുദ്ധമായ ആണ്‍കോയ്മയുടെ ഹിംസയ്ക് ദൈവശാസ്ത്ര സാധൂകരണം നല്‍കലാണ്. രക്ഷാ ദൈവശാസ്ത്രത്തിന്റെ വികലമായ വ്യാഖ്യാനത്തിലൂടെ, അടിച്ചേല്പിക്കപ്പെടുന്ന പീഡാനുഭവങ്ങള്‍ രക്ഷണ്യമാണെന്ന് നാം പ്രഘോഷിക്കുമ്പോള്‍, ആണ്‌കോയ്മയുടെ ബാലാല്‍ക്കാരങ്ങളെയും കൊലപാതകങ്ങളെയും ദൈവ നാമത്തില്‍ നാം പിന്തുണക്കുകയത്രേ ചെയ്യുന്നത്. ആണ്‍കോയ്മയുടെ അധികാരബന്ധത്തെ നിരാകരിക്കുന്ന, നീതിയിലധിഷ്ടിതമായ സ്‌നേഹം വാഴുന്ന, പ്രണയത്തിന്റെ സൗന്ദര്യവും കാമവും ആഘോഷിക്കുന്ന കൂട്ടായ്മയുടെ ഇടങ്ങളായി പരമ്പരാഗത കുടുംബങ്ങളെ രൂപാന്തരപ്പെടുത്തുകയാണ് സഭയുടെ ദൗത്യം. അതിനു സഹായകരമായ വേദപഠനങ്ങളും, ദൈവശാസ്ത്ര ദര്‍ശനങ്ങളും, നൈതിക ചിന്തകളുമാണ് സഭ പങ്കുവക്കേണ്ടത്.

വിവാഹവും കുടുംബവും: മതിലുകളുടെ ദൃഢീകരണം
പ്രേമത്തിന് കണ്ണില്ല എന്ന് കവി പാടിയിട്ടുണ്ടെങ്കിലും ജാതിവ്യവസ്ഥയുടെ ലോകത്ത് പ്രേമത്തിന് കണ്ണും മൂക്കും ചെവിയുമെല്ലാമുണ്ട്. ജാതിവ്യവസ്ഥ നിലനില്‍ക്കണമെങ്കില്‍ വിവാഹങ്ങളും കുടുംബങ്ങളും സ്വജാതിയില്‍ നിന്നുമാത്രം ആയിരിക്കണം. അതുകൊണ്ട് പരമ്പരാഗത കുടുംബത്തിന്റെ സ്വത്വം വെളിപ്പെടുത്തുന്നത് അത് അപരര്‍ ആക്കി മതിലുകള്‍ക്ക് പുറത്താക്കിയ ജനങ്ങളത്രേ. പരമ്പരാഗത ക്രൈസ്തവ കുടുംബങ്ങള്‍ നിര്‍മ്മിച്ചു സംരക്ഷിക്കുന്ന മതിലുകള്‍ കാണണമെങ്കില്‍ അവരുടെ വിവാഹ പരസ്യങ്ങള്‍ വായിച്ചാല്‍ മതിയാകും.സ്വജാതിയാണെങ്കിലും ഗോതമ്പ് നിറമില്ലെങ്കില്‍ പടിക്ക് പുറത്താണ് സ്ഥാനം! മനുഷ്യ നിര്‍മ്മിതമായ വേര്‍പാടിന്റെ നടുചുവരുകളെ പുന:സ്ഥാപിക്കുന്നതിനും ദൃഢീകരിക്കുന്നതിനുമുള്ള സ്ഥാപനമായി വിവാഹവും കുടുംബവും മാറുമ്പോള്‍ സഭ മൗനം പാലിക്കുന്നതും അവയെ ആശീര്‍വദിക്കുന്നതും ക്രൈസ്തവ നൈതികതയ്ക്ക് യോഗ്യമാണോ എന്ന് നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.

മത സാംസ്‌കാരിക ബഹുലതകളുടെ മധ്യത്തില്‍ ജീവിക്കുന്ന നാം, ബഹുലതകളെ ദൈവീക ദാനമായിട്ടാണല്ലോ മനസ്സിലാക്കുന്നത്. ത്രിത്വ ദര്‍ശനം തന്നെ ബഹുലതകളുടെയും വ്യത്യസ്തതകളുടെയും പൂത്തുലയല്‍ ആണല്ലോ. ഈ പശ്ചാത്തലത്തില്‍, വിവാഹത്തെക്കുറിച്ചും കുടുംബത്തെപ്പറ്റിയും നമ്മുക്കുള്ള ഏകശില നിര്‍മ്മിത മാതൃകകള്‍ പുന:ചിന്തനം ചെയ്യേണ്ടതില്ലേ? ഘര്‍ വാപ്പസിയുടെ ഈ കാലത്ത് അന്യ മതവിശ്വാസികള്‍ ക്രൈസ്തവരെ സ്‌നേഹിച്ചു പോയാല്‍ അവര്‍ക്കൊരുമിച്ചു ജീവിക്കണമെങ്കില്‍ മതപരിവര്‍ത്തനം നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് ഒരുതരം വൈകാരിക ഭീഷണിപ്പെടുത്തല്‍ തന്നെയാണ്. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന്റെ ഭാഗമായ കൂദാശകള്‍, ദൈവീക കൃപയുടെ അടയാളങ്ങള്‍ക്കു പകരം പലപ്പോഴും കുടുംബത്തിന്റെ മാനത്തിന്റെയും വര്‍ഗ്ഗീയതയുടെയും അടയാളങ്ങളായി മാറുന്നില്ലേ എന്ന ചോദ്യം നാം ഗൗരവമായി എടുക്കേണ്ടതുണ്ട്. അര്‍ത്ഥവത്തായ സ്‌നേഹത്തിലൂടെ രൂപം പ്രാപിക്കുന്ന വ്യത്യസ്ത മത വിശ്വാസികളുടെ ബന്ധങ്ങള്‍ കുടുംബമായി തീരുവാന്‍ ആഗ്രഹിക്കുമ്പോള്‍, മതപരിവര്‍ത്തനം നിര്‍ബന്ധമാക്കതെ, അവരെ അനുഗ്രഹിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സഹഗമിക്കുന്നതിനും നമ്മുക്കു സാധിക്കുമോ? അതിനു സഹായകരമായ സെക്കുലര്‍ കൂദാശകള്‍ വികസിപ്പിക്കുന്നതിനു നാം ശ്രമിക്കേണ്ടതല്ലേ? 

വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള നമ്മുടെ മേധാവിത്വ വ്യവഹാരങ്ങള്‍ സ്ത്രീപുരുഷ സംയോഗമാണ് പ്രകൃതിനിയമം എന്ന പ്രമാണത്തില്‍ നിന്നും ഉത്ഭവിക്കുന്നവയാണ്. നാം ജീവിക്കുന്ന കാലഘട്ടം, ചോദ്യം ചെയ്യപ്പെടാതെ നാം കാത്തു സൂക്ഷിച്ചിരുന്ന പല പ്രകൃതിനിയമങ്ങളെയും വിമര്‍ശനാത്മകമായി മനസ്സിലാക്കുന്നതിന് നമ്മെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. ലൈംഗികതയെ കുറിച്ചുള്ള സാമ്പ്രദായക അറിവില്‍ നിന്നും ഭിന്നമായി ലൈംഗിക രൂപീകരണത്തിലെ വ്യത്യസ്തതകളെക്കുറിച്ച് ഇന്നു നാം അറിവുള്ളവരാണ്. സ്വവര്‍ഗ്ഗപ്രണയവും, കാമവും, വിവാഹവും ഇന്ന് പരക്കെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ്. സ്വവര്‍ഗ്ഗപ്രണയത്തെ ദൈവീക പദ്ധതിയുടെ ഭാഗമായി വ്യാഖാനിക്കുന്ന വേദ പഠനങ്ങളും ദൈവശാസ്ത്ര ചിന്തകളും സഭകളെ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങളെ വിശാലമാക്കുന്നതിനു പ്രചോദിപ്പിക്കുന്ന ഒരു ചരിത്രസന്ധിയിലാണ് നാം ജീവിക്കുന്നത്. സങ്കീര്‍ണമായ ഒരു പ്രശ്‌നമാണിത്. കൂടുതല്‍ പഠനവും ധ്യാനവും ആവശ്യമാണ്. എന്നാല്‍, സ്വവര്‍ഗ്ഗപ്രണയത്തെ പൈശാചികമെന്നു മുദ്രകുത്തി, സ്വവര്‍ഗ്ഗപ്രണയികളെ കുറ്റവാളികള്‍ എന്ന് ന്യായം വിധിക്കുന്ന നമ്മുടെ സ്വവര്‍ഗ്ഗപ്രണയത്തോടുള്ള ഭയം ക്രൈസ്തവമാണോ എന്ന് ആത്മാര്‍ഥമായി നാം സ്വയം വിലയിരുത്തേണ്ടതുണ്ട്.

വിവാഹമെന്ന കൂദാശയിലൂടെ സഭ കുടുംബ സൃഷ്ടിയില്‍ പങ്കാളിയാകുന്നു. സഭയുടെ ശുശ്രൂഷകളിലൂടെയും കൂദാശകളിലൂടെയും കുടുംബത്തെ ദൈവഹിതമനുസരിച്ച് നവീകരിക്കുന്നതിന് സഭ വിളിക്കപ്പെട്ടിരിക്കുന്നു. ദൈവനീതിയും സ്‌നേഹവും പരിലസിക്കുന്ന കൂട്ടായ്മകളായി നമ്മുടെ കുടുംബങ്ങള്‍ രൂപാന്തരപ്പെടണമെങ്കില്‍ പരമ്പരാഗത കുടുംബ സങ്കല്‍പ്പങ്ങളെയും പ്രകൃതിനിയമങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിനു നാം ധീരത കാട്ടണം. ഫ്രാന്‍സിസ് പാപ്പ പറയുകയുണ്ടായി: ‘ദൈവം മാറ്റങ്ങളെ ഭയപ്പെടുന്നില്ല. പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നതിനു ദൈവം നമ്മുടെ മനസ്സുകളെ തുറക്കുന്നു.’ ദൈവം ആവശ്യപ്പെടുന്ന ഈ തുറവാണ് നമ്മുടെ കുടുംബങ്ങളുടെ ഭാവി നിശ്ചയിക്കുന്നത്.

(ബാംഗളൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജിലെ അധ്യാപകനാണ് ലേഖകന്‍) 

*Views are personal

This post was last modified on February 19, 2015 12:17 pm