X

വെറുതെ കാണാനുള്ളതല്ല, പഠിക്കാനുള്ള സിനിമയാണ് കാര്‍ബണ്‍

ഫഹദിന്റെ ആരാധകര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സിനിമ

മുന്നറിയിപ്പിനു ശേഷം വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ തിയേറ്ററുകളിലെത്തി. ആഷസ് ആന്റ് ഡയമണ്ട്‌സ് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വിഖ്യാത ബോളിവുഡ് ക്യാമറമാന്‍ കെ.യു മോഹനന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. വിശാല്‍ ഭരദ്വാജിന്റെതാണ് സംഗീതം. ഇങ്ങനെ ലോക പ്രശസ്ത സാങ്കേതിക വിദഗ്ദരുടെ സാന്നിധ്യമാണ് സിനിമയെ ആദ്യം ശ്രദ്ധേയമാക്കിയത്. ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ദിലീഷ് പോത്തനും സൗബിന്‍ സാഹിറും മണികണ്ഠന്‍ ആചാരിയും ഒക്കെയുള്ള വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ത്രില്ലര്‍ ഗണത്തിലുള്ള സിനിമ ആണെന്നതും ചര്‍ച്ചയായിരുന്നു.

കാര്‍ബണ്‍ എന്ന സിനിമ പൂര്‍ണമായും നിലനില്‍ക്കുന്നത് അതിനുള്ളിലെ വ്യാഖ്യാന സാധ്യതകളിലൂടെയാണ്. പ്രധാന കഥാഗതി എന്നൊന്ന് സിനിമയ്ക്കുണ്ടോ എന്ന് സംശയമാണ്. സിബി എന്ന ചെറുപ്പക്കാരന്റെ, അയാളുടെ ജീവിതത്തിലേക്ക് പല കാലങ്ങളില്‍ കടന്നു വരുന്നവരുടെ ഒക്കെ കഥയാണ് കാര്‍ബണ്‍. സിബിയായി ഫഹദ് ഫാസില്‍ എത്തുന്നു. പണമുണ്ടാക്കാന്‍ മണ്ടന്‍ സ്വപ്നങ്ങളുടെ പിറകെ പോകുന്നവനാണ് സിബി. അതീവ പ്രായോഗികമതിയാണ് താന്‍ എന്നു സ്വയം തെറ്റിദ്ധരിച്ച് ജീവിക്കുന്ന അതികാല്‍പ്പനികനാണ് അയാള്‍. ചെറിയ സ്വപ്നങ്ങള്‍ കാണാന്‍ അറിയില്ല സിബിക്ക്. അങ്ങനെയുള്ള ഒരാള്‍ നടത്തുന്ന യാത്രയാണ് കാര്‍ബണ്‍. ആ യാത്രയില്‍ അയാള്‍ കാണുന്നവരാണ് മറ്റുള്ള കഥാപാത്രങ്ങള്‍. സമീറയായി മംമ്ത മോഹന്‍ദാസ് എത്തുന്നു.

ഒരു വിനോദം എന്ന നിലയില്‍ അലസമായ കാഴ്ചയ്ക്ക് ഒട്ടും പറ്റിയ സിനിമയല്ല കാര്‍ബണ്‍. സിനിമയെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, പല അടരുകളായി മുറിച്ച് സിനിമയെ വ്യാഖ്യാനിക്കാന്‍ കൗതുകമുള്ളവര്‍ക്ക് വേണ്ടിയുള്ള സിനിമയാണ് കാര്‍ബണ്‍. ‘ഫിലിം സ്‌ക്കൂള്‍ മേക്കിംഗ്’ എന്ന വിളിപ്പേരുള്ള സിനിമകളുണ്ട്. ഇപ്പോള്‍ അധികം തിയേറ്ററുകളില്‍ വരാത്തതും ഒരു കാലത്ത് മലയാള സിനിമയെ സജീവമാക്കിയതുമായ ആ ഗണത്തിലുള്ള പടങ്ങളുടെ തുടര്‍ച്ചയാണ് കാര്‍ബണ്‍. മുഴുവനായും ആ നിലയ്ക്ക് ആസ്വാദനം സാധ്യമായ മാനസികാവസ്ഥയില്‍ മാത്രമേ കാര്‍ബണ്‍ സിനിമയെ ഉള്‍ക്കൊള്ളാന്‍ പറ്റൂ. സിനിമയുടെ വളരെ പതിഞ്ഞുള്ള താളം അല്ലാത്തപക്ഷം നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കും. കൃത്യമായ തുടക്കവും ഒടുക്കവും പ്രതീക്ഷിച്ച് തിയേറ്ററില്‍ കയറിയാലും നിരാശയായിരിക്കും ഫലം.

കാര്‍ബണിന്റെ രണ്ടംശങ്ങളാണ് ചാരവും വജ്രവും. ഇതു പോലെ തന്നെയാണ് ഇവിടെയുള്ള നമ്മുടെ ജീവിതവും. സിബി ആ നിലയില്‍ നമ്മളില്‍ പലരെയും പ്രതിനിധീകരിക്കുന്നുണ്ട്. നിധി തേടി പോയവന് ആ യാത്ര രണ്ടു നിലയിലെ അവസാനിപ്പിക്കാനാവൂ. ഒന്നുകില്‍ നിധി കിട്ടി വജ്രത്തിളക്കമുള്ള ജീവിതം നയിക്കാം. ഇല്ലെങ്കില്‍ വഴി തെറ്റി ചാരമായി ഒടുങ്ങാം. തമാശ എന്താണെന്നു വച്ചാല്‍, നിധി തേടിപ്പോകുന്നവര്‍ക്കും അറിയാമിത്. ആ നിസഹായമായ അനിവാര്യതയായി കാര്‍ബണിനെ ഒരടരില്‍ വായിക്കാം. അത്തരം വായനകളാണ് ഈ സിനിമ.

സിനിമ ആസ്വദിച്ചാലും ഇല്ലെങ്കിലും ഫഹദ് ഫാസില്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കാര്‍ബണിലെ സിബി. എത്ര അനായാസമായാണ് അയാള്‍ നൂറായിരം വികാരങ്ങളെ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നത്. സിനിമക്കു നേരെ ഉയര്‍ന്നേക്കാവുന്ന ആരോപണങ്ങളെയൊക്കെ മറികടക്കുന്ന പ്രകടനമാണ് ഫഹദിന്റേത്. കാര്‍ബണിനും മുകളില്‍ പോയ പ്രകടനം എന്നു സംശയമില്ലാതെ പറയാം. സിനിമയിലെ നടീനടന്മാര്‍ സ്വന്തം റോളുകള്‍ വൃത്തിയായി ചെയ്തു. കെ.യു. മോഹനന്റെ ഫ്രയിമുകളാണ് കാര്‍ബണിന്റെ ആത്മാവ്. സംഭാഷണങ്ങളേക്കാള്‍ വാചാലമായിരുന്നു ദൃശ്യങ്ങള്‍. തിയേറ്റര്‍ അനുഭവം മാത്രം പൂര്‍ണത തരുന്ന കാഴ്ചകളാണവ. രണ്ടു പാട്ടുകളും അനാവശ്യമായി തോന്നി.

വെറുതെ കണ്ടിറങ്ങിപ്പോരാനുള്ള ഒന്നാണ് സിനിമ എന്ന് വിശ്വസിക്കുന്നവര്‍ക്ക് കാര്‍ബണ്‍ ഒന്നും നല്‍കില്ല. സിനിമയെ രസിച്ച് ആസ്വദിക്കുക എന്നതു മാത്രമാണ് ലക്ഷ്യമെങ്കില്‍ സിനിമയുടെ നീളം മുഷിപ്പിക്കും. സിനിമ കഥയ്ക്കപ്പുറം മറ്റെന്തൊക്കെയോ ആണെന്ന് വിശ്വസിക്കുന്നവരെ സിനിമ തൃപ്തിപ്പെടുത്താം. ഈ മൂന്നാമത്തെ ഗണത്തില്‍ പെട്ടവര്‍ക്ക് മാത്രമുള്ളതാണ് കാര്‍ബണ്‍. ഫഹദിന്റെ ആരാധകര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സിനിമ എന്നു ചുരുക്കാം.

ഇതൊരു ഫഹദ് ചിത്രമാണ്; കാര്‍ബണ്‍ എനിക്ക് സംതൃപ്തി നല്‍കുന്നുണ്ട്; വേണു/അഭിമുഖം

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:

This post was last modified on January 20, 2018 12:29 pm