X

‘മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മൾ മനസ്സിലാക്കണം’ : മോഹൻലാലിന്റെ പ്രസ്താവനക്കെതിരെ പ്രകാശ് രാജ്

വളരെ സെൻസിബിളും സെൻസിറ്റീവുമായ വ്യക്തിയാണ് മോഹൻലാൽ. എന്നാൽ മീ ടൂ വിഷയത്തിൽ കുറച്ചു കൂടി കരുതൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതായിരുന്നു.

മീ ടൂ പരാമർശത്തിൽ മോഹൻലാൽ അൽപം കൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്ന് നടൻ പ്രകാശ്‌ രാജ്. വളരെ സെൻസിബിളും സെൻസിറ്റീവുമായ വ്യക്തിയാണ് മോഹൻലാൽ. എന്നാൽ മീ ടൂ വിഷയത്തിൽ കുറച്ചു കൂടി കരുതൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതായിരുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രകാശ് രാജ് പ്രതികരണം അറിയിച്ചത്.

‘മോഹൻലാൽ മനഃപൂർവം പറഞ്ഞതാണെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം അങ്ങിനെ പറഞ്ഞുപോയതാവാം. എന്നാൽ ലാലേട്ടനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. മീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹൻലാലിന്റെ പരാമർശം വിവാദമായ സാഹചര്യത്തിലായിരുന്നു പ്രകാശ്‌ രാജിന്റെ പ്രതികരണം.

തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് സ്ത്രീകള്‍ രംഗത്തു വരുന്ന മീ ടു കാമ്പയിനെ നിസ്സാരവത്കരിച്ച് സംസാരിച്ച മോഹന്‍ലാലിനെ വിമര്‍ശിച്ച് മുതിർന്ന നടി രേവതിയും രംഗത്ത് വന്നിരുന്നു.

മോഹന്‍ലാലിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു രേവതി ട്വീറ്റിലൂടെ തന്റെ വിമര്‍ശനം നടത്തിയത്. മീ ടു ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ ഈ പരാമര്‍ശത്തിനുള്ള മറുപടിയായിരുന്നു രേവതിയുടെ ട്വീറ്റ്. ‘മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് ഒരു പ്രമുഖ അഭിനേതാവ് പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്നു എത്തിയവര്‍ക്ക് ദുരുപയോഗം ചെയ്യപ്പെട്ടെന്നു പറയുന്നതിന്റെ അര്‍ത്ഥം മനസിലാകണമെന്നില്ല, എന്തുകൊണ്ടാണ് അത് തുറന്നു പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്നു പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.’ നടി രേവതി ട്വിറ്ററില്‍ കുറിച്ചു.

അതെ സമയം മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും വളരെ വലുതാണെന്ന് പ്രകാശ്‌ രാജ് അഭിപ്രായപ്പെട്ടു. ”സത്രീകളെ ശരിക്കും ശാക്തീകരിക്കുന്ന പ്രവർത്തനമാണിത്. ഞാനും നിങ്ങളുമൊക്കെ പലപ്പോഴും അറിഞ്ഞോ അറിഞ്ഞാതെയോ ഇരപിടിയന്മാരാവുന്നുണ്ട്. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോൾ നിശബ്‌ദത പാലിച്ചാൽ നമ്മളും കുറ്റവാളികൾക്കൊപ്പമാവുകയാണ്. സ്ത്രീ അനുഭവിക്കുന്ന വേദന, മുറിവ് യഥാർഥമാണ്. അത് കാണാതെ പോകരുത്. മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മൾ മനസിലാക്കുക തന്നെ വേണം.”

രണ്ട് പതിറ്റാണ്ടുകളോളം നീണ്ട ബന്ധമാണ് മോഹൻലാലുമായുള്ളതെന്ന് പ്രകാശ്‌ രാജ് ചൂണ്ടിക്കാട്ടി. ‘മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ മുതലുള്ള ബന്ധമാണത്. ഇരുവരിൽ അഭിനയിക്കുമ്പോൾ ഞാൻ തുടക്കക്കാരനാണ്. ലാലേട്ടൻ അന്നൊരു സീനിയർ ആർട്ടിസ്റ്റാണ്. പക്ഷേ, അന്ന് അദ്ദേഹം എന്നോട് കാണിച്ച സ്‌നേഹവും കരുതലും വലുതായിരുന്നു. അതിനുശേഷം പ്രിൻസ് എന്നൊരു സിനിമയിലാണ് ഞങ്ങൾ ഒന്നിച്ചത്. ഇപ്പോഴിതാ ഒടിയനിൽ ഞങ്ങൾ വീണ്ടും ഒരുമിച്ചഭിനയിക്കുന്നു’ -പ്രകാശ്‌ രാജ് വ്യക്തമാക്കി.

ലഫ്. കേണല്‍ പദവിയെക്കാള്‍ വലുതാണ് ആര്‍ജ്ജവുമുളള വ്യക്തിത്വം; സൂപ്പര്‍താരങ്ങളെ പേരുചൊല്ലി വിളിക്കുന്നത് അപരാധമായി കാണുന്നവര്‍ക്ക് അത് മനസിലാകണമെന്നില്ല

മീ ടൂ; മോഹന്‍ലാലിനെതിരെ വീണ്ടും രേവതി

This post was last modified on November 24, 2018 12:19 pm