X

പ്രതികരിക്കുന്ന നടിമാര്‍ സര്‍ക്കസിലെ കുരങ്ങുകളെ പോലെയാണെന്നു ജൂഡ് ആന്റണിയുടെ പരിഹാസം

ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ

സിനിമയിലെ സ്ത്രീവിരുദ്ധ പ്രവണതകള്‍ക്കെതിരേ പ്രതികരിക്കുന്ന നടിമാര്‍ക്കെതിരേ പരോക്ഷ പരിഹാസവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടിക്കാട്ടി സംസാരിച്ചത് മമ്മൂട്ടിക്കെതിരേയുള്ള വിമര്‍ശനനമായി കുറ്റപ്പെടുത്തി നടി പാര്‍വതി, ഗീതുമോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരേയും സ്ത്രീസംഘടനയായ വിമന്‍ കളക്ടീവിനെതിരേയും സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ എന്നു പറയുന്നവരും സിനിമയയ്ക്കുള്ളില്‍ തന്നെയുള്ളവരും അധിക്ഷേപകരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതിനിടയിലാണ് ജൂഡും ഇവര്‍ക്കൊപ്പം കൂടിയിരിക്കുന്നത്. എന്നാല്‍ ആരുടെയും പേരെടുത്ത് പറയാതെയും വിഷയത്തില്‍ നേരിട്ട് പ്രതികരിക്കാത്ത തരത്തിലുമാണ് ജൂഡ് തന്റെ പരിഹാസം ഉയര്‍ത്തിയിരിക്കുന്നത്. നടിമാരെ കുരങ്ങുകളായും സിനിമയെ സര്‍ക്കസ് കൂടാരമാക്കിയും സംവിധായകരെയും നടന്മാരെയും അതിന്റെ മുതലാളിമാരാക്കിയുമാണ് ജൂഡിന്റെ പരോക്ഷ വിമര്‍ശനം. പേരു കിട്ടാന്‍ എന്തും സഹിച്ച് സിനിമയില്‍ വരുന്നവര്‍ പേരും പ്രശസ്തിയും കിട്ടി കഴിയുമ്പോള്‍ വിമര്‍ശനങ്ങളുമായി രംഗത്തു വരുന്നുവെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജൂഡ് കളിയാക്കുന്നത്.

ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതാണ്;

ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ

This post was last modified on December 18, 2017 5:01 pm