X

‘മിക്ക സ്ത്രീകളും സഹിക്കുക, മിണ്ടാതിരിക്കുക എന്നു മാത്രമായിട്ടുണ്ട്’; ‘അന്വേഷി’യുടെ ഇരുപത്തഞ്ചാം വാര്‍ഷിക വേദിയില്‍ റിമ കല്ലിങ്കല്‍

മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഡബ്ലുസിസി എന്ന സംഘടന രൂപീകരിച്ചതു മുതൽ അന്വേഷി നൽകുന്ന പിന്തുണ വലുതാണെന്ന് റിമ വെളിപ്പെടുത്തി

ഇരുപത്തഞ്ച് വയസ്സ് പിന്നിട്ട സാമൂഹ്യസംഘടനയായ ‘അന്വേഷി’ക്ക് ഡബ്ലുസിസി യുടെ പേരിൽ നന്ദി പറഞ്ഞ് നടി റീമ കല്ലിങ്കൽ. കെ അജിതയുടെ നേതൃത്വത്തിലുള്ള സാമൂഹ്യസംഘടനയായ ‘അന്വേഷി’യുടെ ഇരുപത്തഞ്ചാം വാർഷികാഘോഷം കോഴിക്കോട് സിനിമാ താരം റിമാ കല്ലിങ്കൽ ഉദ്ഘാടനം ചെയ്തത് സംസാരിക്കവെയാണ് ഡബ്യുസിസിക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയറിയിച്ചത്.

കോഴിക്കോട് നടക്കുന്ന അന്വേഷിയുടെ ഇരുപത്തി അഞ്ചാം വാർഷികാഘോഷ പരിപാടിയിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സിനിമാ രംഗത്തെ നിരവധി വനിതകൾ പങ്കെടുത്തു. മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഡബ്ലുസിസി എന്ന സംഘടന രൂപീകരിച്ചതു മുതൽ അന്വേഷി നൽകുന്ന പിന്തുണ വലുതാണെന്ന് റിമ വെളിപ്പെടുത്തി.

ഏതൊരു വിഷയത്തിലും തീരുമാനമെടുക്കാനുള്ള സ്വതന്ത്ര്യം സമൂഹം സ്ത്രീകള്‍ക്ക് നല്‍കേണ്ടതുണ്ട്. മിക്ക സ്ത്രീകളും സഹിക്കുക, മിണ്ടാതിരിക്കുക എന്നു മാത്രമായിട്ടുണ്ട്. സ്ത്രീകള്‍ക്കുവേണ്ടി പോരാടാന്‍ 25 വര്‍ഷംമുേമ്പ അന്വേഷിയെന്ന സംഘടന കാണിച്ച ആര്‍ജവം വലുതാണ്.

ഡബ്ല്യു സി സിക്ക് അന്വേഷിയെപ്പോലുള്ള സംഘനകളുടെ പിന്തുണ വലിയ പ്രചോദനമാണ്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാക്കാന്‍ ഇത്തരം സംഘനകളുടെ യോജിച്ച പോരാട്ടം ആവശ്യമാണ്. ഒരുമിച്ചുനില്‍ക്കുക എന്നതാണ് മുന്നോട്ടുള്ള വഴിയില്‍ ഇനി സ്ത്രീകള്‍ക്ക് ചെയ്യാനുള്ളതെന്നും റിമ പറഞ്ഞു.

സമൂഹത്തിൽ നിലനിൽക്കുന്ന അനാചാരങ്ങളിൽ പലതും സ്ത്രീകൾക്ക് മാത്രം എതിരായിട്ടുള്ളതാണെന്നും ഇത് അവസാനിപ്പിക്കാൻ സ്ത്രീകൾ തന്നെ രംഗത്തെത്തണമെന്നുമായിരുന്നു വാര്‍ഷികാഘോഷ പരിപാടിയിൽ സംസാരിച്ചുകൊണ്ട് സി.കെ ജാനു അഭിപ്രായപ്പെട്ടത്.

1993 നവംബറില്‍ നക്സല്‍ പ്രസ്ഥാനം വിട്ട് സാമൂഹ്യ പ്രവര്‍ത്തനത്തിലേക്കുള്ള കെ അജിതയുടെ ചുവടുമാറ്റത്തിലാണ് കോഴിക്കോട്ടെ കോട്ടുളി കേന്ദ്രീകരി ച്ച് അന്വേഷി പ്രവർത്തനം ആരംഭിക്കുന്നത്. ആരോഗ്യം, പരിസ്ഥിതി, ആദിവാസി ക്ഷേമം തുടങ്ങിയ മേഖളിലെ പ്രവർത്തനങ്ങൾക്ക് പുറമേ കൗണ്‍സിലിംഗ് സെന്‍റര്‍ , ഷോര്‍ട്ട് സ്റ്റേ ഹോം, സര്‍ക്കാരിന്‍റെ നിര്‍ഭയ കേന്ദ്രം ഇവയൊക്കെ അന്വേഷിയുടെ മേല്‍നോട്ടത്തിലുണ്ട്.