X

വീണ്ടും ബോളിവുഡിനെ കളിയാക്കി കങ്കണ; ദി ബോളിവുഡ് ദിവ സോംഗ് പുതിയ വിവാദം

ബോളിവുഡിലെ കുടുംബവാഴ്ച്ചക്കാരും മഹാരഥന്മാരും എങ്ങനെ പ്രതികരിക്കുമെന്നാണ് കാത്തിരിക്കുന്നത്

‘സ്വപ്രയത്‌നത്താല്‍ മാത്രമാണ് ഇന്ന് ഇവിടെ എത്തിയത്. വളരെ വത്യസ്തമായ സാഹചര്യത്തില്‍ മുംബൈയില്‍ എത്തി. ഭാഷാശൈലി വേറെ. രൂപം വേറെ. ശരിക്കും ഗ്രാമത്തിലെ കുട്ടി. അവിടുന്ന് ഞാന്‍ ഇതുവരെ എത്തി. എന്റെ പ്രയത്‌നം മാത്രം ആയിരുന്നു അതിനു പിന്നില്‍. ബോളിവുഡ് എന്ന സിനിമ മേഖലയില്‍ നടക്കുന്നത് സ്വജനപക്ഷപാതം ആണ്. Nepotism ആണ് ഇപ്പോള്‍ ഉള്ളത്. അതിനാല്‍ തന്നെ മറ്റുള്ളവര്‍ക്ക് അതിനു മുന്നില്‍ ഉയര്‍ന്നു വരിക പ്രയാസമാണ്.’

ബോളിവുഡിന്റെ സ്വന്തം ക്വീന്‍ കങ്കണ റണൗത് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു ഇത്. ഹിന്ദി സിനിമാലോകത്ത് ഈ വാക്കുകളുണ്ടാക്കിയതു വന്‍ ഭൂകമ്പം തന്നെയായിരുന്നു. പലരും മനസില്‍ ചിന്തിച്ചിരുന്നതും എന്നാല്‍ പ്രതികരിക്കാതിരുന്നതുമായ ഒരു വിഷയത്തില്‍ മറ്റാരുടെയും ആശ്രയമില്ലാതെ തന്റെ അഭിപ്രായം വെട്ടി തുറന്നു പറഞ്ഞു കങ്കണ. ഇത്തരം ഒരു ആരോപണം കങ്കണ ഉന്നയിച്ചപ്പോള്‍ പലതരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടായി. അങ്ങനെ ഒരു പക്ഷപാതം ഹിന്ദി സിനിമയില്‍ ഇല്ല എന്നും സിനിമ ലോകത്ത് കഴിവുള്ള കലാകാരന്മാര്‍ക്ക് മാത്രമേ നില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നും ചിലര്‍. മാതാപിതാക്കളുടെ പേരില്‍ സിനിമയില്‍ എത്തുന്നു എന്നുള്ളത് ശരി ആണ്. എന്നാല്‍ ആ മാതാപിതാക്കളുടെ മക്കള്‍ ആയതിന്റെ പേരില്‍ അവരുടെമേല്‍ അമിത പ്രതീക്ഷയായിരിക്കും പ്രേക്ഷകര്‍ക്ക് ഉണ്ടാവുക എന്നായിരുന്നു മറ്റുചിലര്‍ ചൂണ്ടിക്കാട്ടിയത്. അതിനാല്‍ തന്നെ താരങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. കങ്കണയുടെ പ്രസ്താവന വസ്തുതകളാണെന്ന് ഒരു വിഭാഗം സംശയലേശമന്യേ പറഞ്ഞു.

ബോളിവുഡ് സിനിമ ലോകം ഒന്ന് രണ്ട് കുടുംബങ്ങളുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. കപൂര്‍ കുടുംബത്തിന്റെ നീണ്ട വേരുകളിലെ അവസാന കണ്ണി വരെ ഇന്ന് സിനിമ മേഖലയില്‍ സജീവമായി നിലനില്‍ക്കുന്നു. കങ്കണയുടെ ഈ പ്രതികരണത്തില്‍ ഏറെയും ബാധിച്ചത് ഈ കുടുംബത്തെ തന്നെ ആയിരുന്നു എന്ന് പ്രത്യക്ഷത്തില്‍ തന്നെ മനസിലാക്കാം. കങ്കണയുടെ വാക്കുകള്‍ക്ക് കപൂര്‍ കുടുംബത്തിലെ ഇളം തലമുറക്കാരിയും നടിയുമായ കരീന കപൂര്‍ പ്രതികരിച്ചത് വ്യത്യസ്ഥ രീതിയില്‍ ആയിരുന്നു. ‘ഹിന്ദി സിനിമയില്‍ ഒരു ആലിയ ഭട്ട് ഉണ്ട് എങ്കില്‍ ഒരു കങ്കണയും ഉണ്ട്. ഒരു രണ്‍ബീര്‍ കപൂര്‍ ഉണ്ട് എങ്കില്‍ അത് പോലെ തന്നെ ഒരു രണ്‍വീര്‍ സിംഗ് ഉണ്ട്. അതിനാല്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ഹിന്ദി സിനിമ മേഖല തടസം നില്‍ക്കുന്നു എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. എല്ലാ മേഖലയിലും ഇത്തരം പ്രവണതകള്‍ കാണാന്‍ കഴിയും. ബിസിനസ്സിലും രാഷ്ട്രീയത്തിലും എല്ലാം ഇത് തന്നെ കാണുന്നുണ്ട്’. ബേബോ എന്നാ ഓമനപ്പേരില്‍ അറിയപ്പെടുന്ന കരീനയുടെ വാക്കുകള്‍ കങ്കണയ്ക്കുള്ള മറുപടിയായി കാണാം. പുറത്ത് നിന്നുള്ളവര്‍ എന്ന് കരീന പറഞ്ഞത് ആരെയാണ് എന്നുള്ളതാണ് ഇവിടെ ഉയരുന്ന ചോദ്യം. ആ മറുപടിയില്‍ തന്നെ സൂചനയുണ്ട് സിനിമയില്‍ കുടുംബങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്നത്.

സിനിമ ഗോസിപ്പ് ആയി കാണേണ്ടുന്ന ഒരു വിഷയമല്ല ഇന്ന് ഈ അഭിപ്രായ പ്രകടനം. കല എന്നത് കഴിവുള്ളവന് തന്റെ കഴിവു തെളിയിക്കാന്‍ ലഭിക്കുന്ന വേദിയാണ്. അവിടെ കുടുംബത്തിന്റെയോ ജാതിയുടെയോ ഒക്കെ പേരില്‍ കഴിവുള്ളവേരെ മാറ്റി നിര്‍ത്തുക എന്നത് അവകാശ ലംഘനം ആണ് എന്നതില്‍ സംശയമില്ല. പുരോഗമനമില്ലാത്ത ഒരു പ്രദേശത്ത് നിന്നും മുംബൈ പോലുള്ള ഒരു മഹാനഗരം കേന്ദ്രീകരിച്ച് നില്‍ക്കുന്ന ഹിന്ദി സിനിമ മേഖലയില്‍ തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ കങ്കണയ്ക്ക് കാത്തിരിക്കേണ്ടിവന്നത് വര്‍ഷങ്ങള്‍ ആണ്. തുടരെ തുടരെ രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഇവര്‍ക്ക് തന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള അജഞത കാരണം ബോളിവുഡ് വാഴുന്ന സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറില്‍ നിന്നും പരിഹാസം നേരിടേണ്ടി വന്നു. തുടര്‍ന്ന് തന്റെ ഇംഗ്ലീഷ് അജ്ഞത മറികടക്കുക തന്നെ ചെയ്തു അവര്‍. പിന്നീട് കരണ്‍ അവതരിപ്പിക്കുന്ന ഒരു ചാനല്‍ പരിപാടിയില്‍ ഇതിനെ പറ്റിപറയാന്‍ കങ്കണ ധൈര്യം കാണിച്ചു. മറ്റൊരു ചാനലിലെ അവതാരകന്‍ ഈ സംവിധായകനോട് എല്ലാരും ഭയഭക്തിയോടെ സംസാരിക്കുമ്പോള്‍ കങ്കണ എങ്ങനെ ആ മറുപടി പറഞ്ഞു എന്നു ചോദിച്ചപ്പോള്‍ ‘ഞാന്‍ അദേഹത്തെ ഭയക്കുന്നില്ലല്ലോ’ എന്നായിരുന്നു അവരുടെ മറുപടി. ഇതിനിടയില്‍ IIFA പുരസ്‌കാര വേദിയില്‍ വെച്ച് കരണ്‍ ജോഹര്‍, വരുണ്‍ ധവാന്‍, സെയിഫ് അലി ഖാന്‍ എന്നിവര്‍ നടത്തിയ ഒരു തമാശ രംഗം പരോക്ഷമായി കങ്കണയുടെ അഭിപ്രായവുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ മാപ്പപേക്ഷയുമായി കരണ്‍ രംഗത്തെത്തി. തങ്ങള്‍ ആരെയും പരിഹസിച്ചതല്ലെന്നും തെറ്റിധാരണ മാത്രമാണെന്നും പറയുകയുണ്ടായി.

ഈ വിവാദങ്ങളെല്ലാം നിലനില്‍ക്കെ തന്നെയാണ് ഇപ്പോള്‍ കങ്കണ അഭിനയിച്ച ഒരു വീഡിയോ ഗാനം തരംഗമാകുന്നത്. ‘THE BOLLYWOOD DIVA SONG’ എന്ന പേരില്‍ ഇറങ്ങിയ ഈ ഗാനം പ്രശസ്തമായ ഒരു ഹിന്ദി ഗാനത്തിന്റെ അതേ ട്യൂണിലാണ്’ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ഗാനത്തിന്റെ വരികളാണ് ഏറെ ശ്രദ്ധേയം. നിലവിലുള്ള ബോളിവുഡ് സിനിമയിലെ വിരോധാഭാസങ്ങള്‍ എടുത്തു കാട്ടുന്ന തരത്തിലാണ് അതിന്റെ വരികളും പാട്ടിന്റെ ചിത്രീകരണവും. നായികയെ പോലും വ്യക്തമായി മനസ്സിലാകാത്ത സംവിധായകനും ടോയിലെറ്റ് പേപ്പറില്‍ തന്റെ ഡയലോഗ് ലഭിക്കുന്ന നായികയും വളരെ വൈകി എത്തുകയും തിരക്കഥ പോലും വായിക്കാന്‍ നില്‍ക്കാതെ അതില്‍ തന്റെതായ മാറ്റം വരുത്തുന്ന നായകനും ഒക്കെ പലരുടെയും പ്രതി രൂപങ്ങളാണ്. തന്റെ വയസിന്റെ പകുതി പോലും ഇല്ലാത്ത നായികമാരോടൊപ്പം അഭിനയിക്കുന്ന നായകനെയും, അച്ഛന്റെ പേരില്‍ സിനിമയില്‍ വന്ന നടന്മാരെയും ഒക്കെ പരാമര്‍ശിക്കുന്ന വരികളില്‍ സിനിമ ലോകം ഇന്നത്തെ നായികമാര്‍ അവര്‍ എത്ര താര പരിവേഷം ഉള്ളവര്‍ ആയാലും ചെക്ക് ഒപ്പിട്ടു വാങ്ങുമ്പോള്‍ അതില്‍ പൂജ്യങ്ങളുടെ കുറവുണ്ടാകുമെന്നും പറയുന്നു.

പ്രേക്ഷകര്‍ക്ക് പലപ്പോഴും അരോചകമായി തോന്നുന്ന പല സിനിമ രംഗങ്ങളെയും ഈ ഗാന രംഗം പരാമര്‍ശിക്കുന്നു എന്നതാണ് ഇതില്‍ ശ്രദ്ധേയം. ഗാന ചിത്രീകരണത്തിന്റെ അവസാനം ഈ വരികള്‍ എഴുതിയത് താനല്ല എന്ന് കങ്കണ പറയുന്നുണ്ട് എങ്കിലും അതിലെ ആശയങ്ങള്‍ മുഴുവനും അവര്‍ മുന്‍പ് പല അവസരങ്ങളില്‍ പറഞ്ഞിരുന്ന അഭിപ്രായങ്ങള്‍ തന്നെ ആയിരുന്നു. സിനിമ ലോകത്ത് വേണ്ടത്ര പിന്തുണ കങ്കണയ്ക്ക് ഇക്കാര്യത്തില്‍ ലഭിക്കുന്നില്ല എന്നത് വാസ്തവം. എന്നാല്‍ പ്രേക്ഷകര്‍ കങ്കണയുടെ അഭിപ്രായത്തെ സമീപിച്ചത് അതേ വികാരത്തോടെയാണ്. ഈ വിഷയത്തില്‍ ഉണ്ടായ പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് കങ്കണ പറയുന്ന കാര്യങ്ങളോട് ഓരോ മേഖലയിലും ഇത്തരം അനുഭവങ്ങള്‍ പലരും പല രീതിയില്‍ നേരിടേണ്ടി വരാറുണ്ട്. സ്ത്രീകളുടെ പ്രതികരണ മനോഭാവത്തെ ആശ്രയിച്ചാണ് അവരുടെ വ്യക്തിത്വത്തെ നിശ്ചയിക്കുന്നത്. അത്തരത്തിലുള്ള പ്രതികരണമാണ് ഇപ്പോള്‍ ഈ സ്ത്രീയില്‍ നിന്നും ഉണ്ടായത്. എന്നാല്‍ സ്വപ്രയത്‌നം കൊണ്ട് ഹിന്ദി സിനിമാലോകത്ത് എത്തിയ ഒത്തിരി പേര്‍ ഇപ്പോഴും അവിടെ ഉണ്ട്. അവര്‍ പലര്‍ക്കും പ്രിയപ്പെട്ടവരാണ് എന്നതിനാല്‍ ഇപ്പോഴും നിലനിന്ന് പോകുന്നു. മറ്റു ചിലര്‍ ഈ അഭിപ്രായങ്ങളെ തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന രീതിയില്‍ നിസാരമായി തള്ളിക്കളയുന്നു.

എന്തും വെട്ടിത്തുറന്നു പറയാന്‍ പേടിക്കാത്ത, യാതൊരു സങ്കോചവുമില്ലാതെ തന്നെ പല കാര്യങ്ങളും വിളിച്ചു പറയുന്നതിലൂടെ വിവാദങ്ങളില്‍ നിന്ന് ഒഴിയാതെ നില്‍ക്കുന്ന കങ്കണയ്ക്ക് ഈ ഗാനരംഗത്തിലൂടെ ബോളിവുഡ് കരുതി വെച്ചിരിക്കുന്നത് എന്താണെന്ന് അറിയാന്‍ നമുക്ക് കാത്തിരിക്കാം.

 

അനില രതീഷ്‌

മാധ്യമ വിദ്യാര്‍ഥിനി

More Posts

This post was last modified on September 13, 2017 3:28 pm