X

ജെന്നിഫര്‍ ലോപ്പസ് സ്ട്രിപ്പ് ഡാന്‍സറായ സിനിമയ്ക്ക് മലേഷ്യയില്‍ നിരോധനം

നഗ്നമായ സ്തനങ്ങളും, ലൈംഗികത നിറഞ്ഞ നൃത്തങ്ങളും, മയക്കുമരുന്ന് ഉൾക്കൊള്ളുന്ന രംഗങ്ങളും ‘പൊതുവായി സ്ക്രീന്‍ ചെയ്യാന്‍ കഴിയില്ല എന്നാണ്’ സെൻസർ ബോർഡ് പറയുന്നത്.

ജെന്നിഫർ ലോപ്പസ് അഭിനയിച്ച സ്ട്രിപ്പർമാരെക്കുറിച്ചുള്ള (മാദക നൃത്തം ചെയ്യുന്നയാള്‍) ഒരു സിനിമക്ക് മലേഷ്യയിൽ നിരോധനം. ‘അമിതമായ അശ്ലീല ഉള്ളടക്ക’മാണ് കാരണമെന്ന് സെൻസർ ബോർഡ് അറിയിച്ചു. ഹസ്‌ലേഴ്‌സിലെ നഗ്നമായ സ്തനങ്ങളും, ലൈംഗികത നിറഞ്ഞ നൃത്തങ്ങളും, മയക്കുമരുന്ന് ഉൾക്കൊള്ളുന്ന രംഗങ്ങളും ‘പൊതുവായി സ്ക്രീന്‍ ചെയ്യാന്‍ കഴിയില്ല എന്നാണ്’ സെൻസർ ബോർഡ് പറയുന്നത്.

മലേഷ്യയിൽ ഹസ്‌ലേഴ്‌സ് വിതരണം ചെയ്യുന്ന കമ്പനിയായ സ്‌ക്വയർ ബോക്‌സ് പിക്‌ചേഴ്‌സ് നിരോധനം സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ചു. യുഎസ്, യുകെ ബോക്സ് ഓഫീസുകളില്‍ നല്ല കളക്ഷനോടെ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു കൂട്ടം വിദേശ നർത്തകർ തങ്ങളുടെ സമ്പന്നരായ ഇടപാടുകാരെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതും 2015ൽ ന്യൂയോർക്ക് മാഗസിനില്‍ വന്നതുമായ പ്രശസ്തമായ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയാണ് ഹസ്‌ലേഴ്‌സ്.

ലൈംഗിക ചൂഷണം, ശക്തമായ ലൈംഗിക പരാമർശങ്ങൾ, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബി ബി എഫ് സി (ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ) ചിത്രത്തിന് ‘15 സർട്ടിഫിക്കറ്റ്’ ആണ് നല്‍കിയത്. ഈ വർഷം ആദ്യം റോക്കറ്റ്മാന്‍ എന്ന ചിത്രത്തിലെ സ്വവർഗ്ഗ ലൈംഗിക രംഗങ്ങൾ മലേഷ്യയിൽ സെൻസർ ചെയ്തിരുന്നു. ഈജിപ്ത്, സമോവ, കുക്ക് ദ്വീപുകൾ എന്നിവിടങ്ങളിൽ ചിത്രത്തിന് നിരോധനം ലഏര്‍പ്പെടുത്തിയപ്പോൾ റഷ്യയിലെ സിനിമയിൽ നിന്നും രംഗങ്ങൾ നീക്കംചെയ്യുകയാണ് ഉണ്ടായത്.