X

കർണാടകം ബീഫ് നിരോധിക്കാനൊരുങ്ങുന്നു; പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ബിജെപി

സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പാക്കുന്നത് പഠിക്കാനായി ബിജെപി ഒരു സംഘത്തെ നിയോഗിച്ചിട്ടുള്ളതായി അറിയുന്നു.

കർണാടകത്തിൽ പുതിയതായി അധികാരത്തിലെത്തിയ ബിജെപി സർക്കാർ സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പിലാക്കാനൊരുങ്ങുന്നു. ഇത് നടപ്പാകുകയാണെങ്കിൽ ദക്ഷിണേന്ത്യയിൽ ബീഫ് നിരോധനം നിലവിൽ വരുന്ന ഏക സംസ്ഥാനമായി മാറും കർണാടകം. 2010ലും സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പാക്കാക്കിയിരുന്നു. ഈ നിയമം പ്രസിഡണ്ടിന്റെ അനുമതി ലഭിക്കുന്നതിനു മുമ്പു തന്നെ സിദ്ധരാമയ്യ 2013ൽ അധികാരത്തിലെത്തുകയും നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു.

2010ൽ അവതരിപ്പിച്ച ഗോവധ നിരോധന നിയമം വീണ്ടും കൊണ്ടുവരണമെന്നാണ് സർക്കാരിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

ബീഫ് നിരോധനം: പഠിക്കാൻ പ്രത്യേക സംഘം

സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പാക്കുന്നത് പഠിക്കാനായി ബിജെപി ഒരു സംഘത്തെ നിയോഗിച്ചിട്ടുള്ളതായി അറിയുന്നു. ഈ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും ബീഫ് നിരോധനം ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെ പഠിക്കുകയും ചെയ്യും.

1964ലെ നിയമപ്രകാരം 12 വയസ്സ് പൂർത്തിയായ കാളകളെയും പോത്തുകളെയും എരുമകളെയുമെല്ലാം അറുക്കാൻ സാധിക്കുമായിരുന്നു. ഈ നിയമത്തെ മറികടക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. പശുക്കളെ മാത്രമല്ല പോത്തുകളെയും അറുക്കാൻ അനുവദിക്കാത്തതായിരിക്കും ഈ നിയമം.