X

ഉദയകുമാറിന്റെ ഉരുട്ടിക്കൊലയും നീതിയ്ക്കായുള്ള പ്രഭാവതി അമ്മയുടെ പോരാട്ടവും – മലയാളിയുടെ മറാത്തി സിനിമ

അനന്ത് നാരായണ്‍ മഹാദേവന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

2005ല്‍ പൊലീസ് കസ്റ്റഡിയില്‍ ഉരുട്ടിക്കൊലയ്ക്ക് ഇരയായ ഉദയകുമാറിന്റെ അമ്മ പ്രഭാവതി നീണ്ട 13 വര്‍ഷം നീതിയ്ക്കായി നടത്തിയ പോരാട്ടം സിനിമയാകുന്നു. മലയാളത്തിലല്ല, മറാത്തിയില്‍. മായ്ഘട്ട് – ക്രൈം നമ്പര്‍ 103/2005 എന്ന് പേരിട്ടിരിക്കുന്ന സിനിമ മഹാരാഷ്ട്ര പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ദ ഹിന്ദു മാഗസിനിലാണ് റിപ്പോട്ട് വന്നിരിക്കുന്നത്. നടനും തിരക്കഥാകൃത്തും കൂടിയായ അനന്ത് നാരായണ്‍ മഹാദേവന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളിയാണ് അനന്ത് മഹാദേവന്‍. തൃശ്ശൂര്‍ സ്വദേശി.

2005 സെപ്റ്റംബറില്‍ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത 26 വയസ് പ്രായമുണ്ടായിരുന്ന ഉദയകുമാറിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊന്ന കേസില്‍, കുറ്റക്കാരായ പൊലീസുകാര്‍ക്ക് ശിക്ഷ ഉറപ്പാക്കി, പ്രഭാവതി അമ്മയുടെ നിയമ പോരാട്ടം അവസാനിച്ചത് കഴിഞ്ഞ വര്‍ഷമാണ്. രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷയാണ് പ്രത്യേക സിബിഐ കോടതി വിധിച്ചത്.

മഹാരാഷ്ട്രയിലെ സംഗ്ലീയാണ് മായ് ഘട്ടിന്റെ പശ്ചാത്തലം. പ്രഭാവതി അമ്മയെ ഉദ്ദേശിച്ചുള്ള പ്രഭാ മായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉഷ ജാദവ് ആണ്. പൊലീസ് യൂണിഫോമുകളടക്കം അലക്കുന്ന ഒരു അലക്കുകാരിയാണ് പ്രധാന കഥാപാത്രമായ പ്രഭാ മായ്. പ്രഭാവതി അമ്മയെ പോലെ ഒറ്റയ്ക്ക് മകനെ വളര്‍ത്തിയ കരുത്തുള്ള സ്ത്രീ. പ്രഭാവതി അമ്മയെ കണ്ട് നേരത്തെ മഹാദേവന്‍ സംസാരിച്ചിരുന്നു. തന്റെ പ്രഭാ മായിയും പ്രഭാവതി അമ്മയെ പോലെ കരയില്ല എന്ന് പറയുന്നു സംവിധായകന്‍. പ്രഭാ മായിയേയും മകന്‍ നിതിനേയും മാത്രം ബാധിക്കുന്ന പ്രശ്‌നമായിട്ടല്ല, ഒരു ക്രൂര കൃത്യം ഒരു കൂട്ടം വ്യക്തികളേയും ബന്ധങ്ങളേയും കുടുംബങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്നതാണ് മായ് ഘട്ട് പ്രശ്‌നവത്കരിക്കുന്നത്.

സുഹാസിനി മുളെ അടക്കമുള്ളവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിംഗപ്പൂരില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മായ് ഘട്ട് പ്രദര്‍ശിപ്പിക്കുന്നുണ്ട്.

This post was last modified on September 1, 2019 7:14 pm