X

ദി കംപ്ലീറ്റ് ദുൽക്കർ ഷോ; യമണ്ടൻ ഹിറ്റാണ് പ്രേമകഥ

രണ്ട് വർഷത്തെ ഇടവേള ഒറ്റ ദിവസം കൊണ്ട് മായ്ച്ചുകളഞ്ഞ് ആരാധകരുടെ മനസ് നിറച്ച് ഒപ്പം പോവാനായതിൽ ദുൽക്കറിന് അഭിമാനിക്കാം

ഒരു യമണ്ടൻ പ്രേമകഥ കാണാൻ പോവുമ്പോൾ ഒരു കോൾ വന്നു. മുംബൈയിലുള്ള ഒരു പഴേ ക്ലാസ്മേറ്റ് ആയിരുന്നു. സിനിമയുടെ പേര് കേട്ടപ്പോൾ അവൾ പറഞ്ഞു, തിരിച്ചിറങ്ങുമ്പോൾ യമണ്ടനിലെ ‘യ’ മാറ്റിയ അവസ്ഥ ആവാതിരിക്കട്ടെ. പക്ഷെ, ‘സോളോ’ പോലൊരു മണ്ടൻ തീരുമാനത്തിന് ശേഷം കാലമേറെ കഴിഞ്ഞ് പുറത്തിറങ്ങുന്ന ദുൽക്കർ സൽമാൻ മൂവി ആയിട്ടും എനിക്ക് യമണ്ടൻ പ്രേമകഥയ്ക്ക് കയറുമ്പോൾ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.

പ്രതീക്ഷ ഒട്ടും തെറ്റിച്ചില്ല ദുൽക്കർ സൽമാൻ. ദുൽക്കർ മാത്രമല്ല, സലിംകുമാറും സൗബിനും വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും രഞ്ജി പണിക്കരും ഒന്നും ഒട്ടും വെറുപ്പിച്ചില്ല. നവാഗത സംവിധായകൻ ബി സി നൗഫൽ വെറുപ്പിച്ചില്ല. നാദിർഷയുടെ പാട്ടുകൾ പോലും വെറുപ്പിച്ചില്ല. മൊത്തം കളർഫുൾ. അവധിക്കാല മാസ് മസാല.

മസാല ആണ് എങ്കിലും സംഗതി ക്ളീൻ ആണ്. ഡബിൾ മീനിംഗോ അശ്ളീല തമാശകളോ ഒന്നുമില്ലാത്ത, കുട്ടിയും കുടുംബവുമായി വരുന്നവർക്ക് മൂന്നു മണിക്കൂറോളം നേരം ആസ്വദിച്ചിരിക്കാൻ പറ്റുന്ന ഫീൽഗുഡ് മൂവി. ദുൽക്കർ സൽമാനെ അയാളുടെ ആസ്വാദകർ കാണാൻ കൊതിക്കുന്ന മട്ടിൽ, ലല്ലു എന്ന ജീവനുള്ള സ്മാർട്ട് ക്യാരക്റ്റർ ആയി സ്‌ക്രിപ്റ്റും സംവിധായകനും ചേർന്ന് അഴിച്ചുവിട്ടിരിക്കയാണ്. ജോണ്‍ കൊമ്പനായിൽ മകൻ ലല്ലു.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക്റോഷൻ എന്നീ സിനിമകൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻജോര്ജും ചേർന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ഒരു യമണ്ടൻ പ്രേമകഥ ഈ എഴുത്തുകാരിലുള്ള മലയാളികളുടെ പ്രതീക്ഷകളെ ശരിവെക്കുന്ന വിധം സ്മാർട്ട് ആണ്. കോമഡി നമ്പറുകളിൽ ചിലത് മാത്രമേ ചീറ്റി പോവുന്നുള്ളൂ. ബാക്കിയെല്ലാം തിയേറ്ററിൽ ചിരി പടർത്തുന്നു.

അർബൻ ബോയ് ഇമേജ് മറി കടന്നുകൊണ്ട് പക്കാ ലോക്കൽ ക്യാരക്റ്റർ ആണ് ദുൽക്കർ സൽമാന് സിനിമ സമ്മാനിക്കുന്നത്. ലോക്കൽ ആയിരിക്കെത്തന്നെ അയാൾ ചാർളിയെ പോലെയൊക്കെ എക്സൻട്രിക് ആണ്. സമ്പന്ന കുടുംബത്തിലെ സന്തതി ആയിരിക്കെ അയാൾ പെയിന്റിംഗ് ജോലിക്ക് പോവുന്നവൻ ആണ്.

ദുൽക്കറിനെ പോലെ തന്നെ ലല്ലുവിന്റെ ചാവേറുകൾ എന്നറിയപ്പെടുന്ന സലിം കുമാറിന്റെയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും സൗബിൻ സാഹിറിന്റേയും കഥാപാത്രങ്ങൾ വ്യക്തിത്വമുള്ളവർ ആണ്. ഒന്നുരണ്ട് സീനിൽ വരുന്ന സുരാജ് വെഞ്ഞാറമൂട് പോലും തരുന്ന ഇംപാക്ട് വലുതാണ്. ലെന, ദിലീഷ് എന്നിങ്ങനെ ഉള്ള ചെറുറോൾ ചെയ്യുന്നവരുടെ കാര്യവും അങ്ങനെ തന്നെ.

സിനിമയിൽ തിളങ്ങിയ മറ്റൊരാൾ വില്ലൻ ആയി വരുന്ന ബിബിൻ ആണ്. ഒരു പഴയ ബോംബ് കഥയിൽ നായകൻ നായകനായി വന്നപ്പോൾ ഉണ്ടാക്കിയതിനേക്കാൾ മൈലേജ് ബിബിന് യമണ്ടനിലെ സൈക്കോ വില്ലൻ നേടിക്കൊടുക്കും..

നായകന്റെ പേര് വച്ച് ഗൗതം വാസുദേവ് മേനോനും ചിമ്പുവും “അച്ചമെന്പത് മടമയെടാ” എന്ന സിനിമയിൽ കളിച്ച ഒരു നമ്പർ വിഷ്ണുവും ബിബിനും സ്‌ക്രിപ്റ്റിൽ ടെയിൽ എൻഡിനായി തിരുകിക്കയറ്റിയിട്ടുണ്ട്. ആവശ്യമില്ലായിരുന്നു എന്നേ പറയാനുള്ളൂ. ഫോർത്ത് വാളിനെ ബ്രെയ്ക്ക് ചെയ്ത് കൊണ്ടുള്ള മറ്റ് പല നമ്പറുകളും ക്ലിക്കാവുന്നുമുണ്ട് നല്ല കയ്യടി കിട്ടുന്നുമുണ്ട്.

രണ്ട് വർഷത്തെ ഇടവേള ഒറ്റ ദിവസം കൊണ്ട് മായ്ച്ചുകളഞ്ഞ് ആരാധകരുടെ മനസ് നിറച്ച് ഒപ്പം പോവാനായതിൽ ദുൽക്കറിന് അഭിമാനിക്കാം. ഈ സമയത്ത് പുള്ളി ചെയ്ത ഹിന്ദി, തമിഴ് സിനിമയ്ക്കായി നമ്മൾക്ക് ആകാംക്ഷയോടെ കാത്തിരിക്കാം.

എസ് കുമാര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts