X

‘മഴ, ചായ, ജോണ്‍സണ്‍ മാഷ്’; ജോണ്‍സണ്‍ മാഷിന് സമര്‍പ്പിച്ച് ‘ഒരു യമണ്ടൻ പ്രണയ കഥ’യുടെ രണ്ടാം ടീസർ

ജോണ്‍സണ്‍ മാഷ് ഈണമിട്ട 'അനുരാഗിണി ഇതാ എന്‍' എന്ന ഗാനമാണ് ടീസറിലെ രംഗത്തിന് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു മലയാള സിനിമയുമായി യുവ താരം ദുൽഖുർ സൽമാൻ എത്തുന്നത്. വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിൻ ജോർജും ചേർന്നൊരുക്കുന്ന തിരക്കഥയിൽ നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രണയ കഥ’യുമായിട്ടാണ് ദുൽഖുർ എത്തുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്.

അനുഗ്രഹീത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന് സമര്‍പ്പിച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ പുതിയ ടീസർ പങ്കുവെച്ചത്.

‘കാലമെത്രകഴിഞ്ഞാലും ജോൺസൻ മാസ്റ്റർ നമുക്ക് നൽകിയ മധുര ഗാനങ്ങളും പശ്ചാത്തല സംഗീതത്തിന്റെ വേറിട്ട അനുഭവങ്ങളും എന്നും മായാതെ മനസ്സിൽ നിലനിൽക്കും.. ഈ ടീസർ ജോൺസൻ മാസ്റ്റർക്ക് സമർപ്പിക്കുന്നു’- പുതിയ ടീസർ പങ്കുവെച്ച് ദുൽഖുർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.

‘ഒരു കുടക്കീഴില്‍’ എന്ന ചിത്രത്തിനു വേണ്ടി പൂവ്വച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ഈണമിട്ട ‘അനുരാഗിണി ഇതാ എന്‍’ എന്ന ഗാനമാണ് ടീസറിലെ രംഗത്തിന് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.

‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്.

സംയുക്ത മേനോൻ ആണ് ഒരു യമണ്ടൻ പ്രണയ കഥയിൽ നായികയായി എത്തുന്നത്. ആന്റോ ജോസഫും സി.ആർ. സലീമും ചേർ ന്നാണ് നിർമ്മാണം.സലിംകുമാർ, സൗബിൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, രഞ്ജി പണിക്കർ, മധു, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അശോകൻ, ബൈജു സന്തോഷ്, അരുൺ കുര്യൻ, ബിനു തൃക്കാക്കര, ലെന, രശ്‌മി ബോബൻ, വിജി രതീഷ്, മോളി കണ്ണമാലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം– പി. സുകുമാർ, സംഗീതം–നാദിർഷ, ഗാനരചന–ഹരിനാരായണൻ, സന്തോഷ് വർമ. ഏപ്രിൽ 25 ന് ആൻ മെഗാ മീഡിയ ചിത്രം തിയേറ്ററിൽ എത്തിക്കും.

This post was last modified on April 24, 2019 11:52 am

Related Post
Leave a Comment