X

ആടു തോമയെ തൊട്ടത് കേസായി; സ്ഫടികം 2 ടീസറിനെതിരേ പൊലീസ് നടപടി

സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്റെ പരാതിയിലാണ് സ്ഫടികം രണ്ടാംഭാഗം ഇറക്കുമെന്ന പറഞ്ഞ ബിജു കടയ്ക്കലിനെതിരേ പൊലീസ് കേസ് എടുത്തിരിക്കുന്നത്

മോഹന്‍ലാല്‍ നായകനായ സ്ഫടകത്തിന്റെ രണ്ടാം ഭാഗമെന്ന് അവകാശപ്പെടുന്ന സ്ഫടികം 2 എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയതിന് സംവിധായകനെതിരേ കേസ്. സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍ മാട്ടേലിന്റെ പരാതി പ്രകാരമാണ് ബിജു കെ കടയ്ക്കലിനെതിരേ കേസ് എടുത്തിരിക്കുന്നത്. ബിജുവാണ് സ്ഫടികം 2 ന്റെ സംവിധായകന്‍.

സ്ഫടികത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്ന സമയം തൊട്ടെ, തന്റെ ചിത്രത്തിന് രണ്ടാം ഭാഗമില്ലെന്നും അങ്ങനെയൊരു സിനിമയെടുക്കാന്‍ താന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ലെന്നും ഭദ്രന്‍ വ്യക്തമാക്കിയിരുന്നതാണ്. പ്രേക്ഷകരും സ്ഫടികത്തിന് രണ്ടാം ഭാഗം ഇറക്കരുതെന്ന് ആവശ്യപ്പെട്ടു രംഗത്തു വന്നിരുന്നു.എന്നാല്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നും സ്ഫടികം 2 താന്‍ പുറത്തിറക്കുമെന്നു വെല്ലുവിളിച്ചാണ് ബിജു ടീസര്‍ ഇറക്കിയത്. ഈ ടീസറിനെതിരേ മോഹന്‍ലാല്‍ ഫാന്‍സിന്റെ ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

തന്റെ അനുമതിയില്ലാതെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നു കാട്ടി പകര്‍പ്പവകാശ നിയമപ്രകാരമായിരുന്നു ഭദ്രന്‍ പരാതി നല്‍കിയത്. ഈ പരാതിയിന്‍മേലാണ് കേസ് എടുത്തിരിക്കുന്നത്. ടീസറില്‍ സ്ഫടികത്തിലെ കഥാപാത്രങ്ങളെ മോശമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഭദ്രന്റെ ഉള്‍പ്പെടെ സ്ഫടികത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ആരുടെയും അനുമതിയില്ലാതെയാണ് ചിത്രത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രചാരണം സംവിധായകന്‍ ബിജു കടയ്ക്കല്‍ നടത്തുന്നതെന്നും പൊലീസ് പറയുന്നു.

This post was last modified on April 19, 2019 12:29 pm