തന്മയത്വത്തോടെ മലയാളത്തിൽ മികച്ച സിനിമകൾ സംഭാവനചെയ്ത സംവിധായകരിൽ ഒരാളാണ് ഭദ്രൻ. ഒരു ഇടവേളയ്ക്കു ശേഷം അദ്ദേഹം ഒരു പുതിയ ചിത്രവുമായി എത്തുകയാണ്. ‘ജൂതൻ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റീമ കല്ലിങ്കൽ ആണ് നായിക. ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.
ഹിറ്റ് സംവിധായകൻ ഭദ്രൻ തിരിച്ചെത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്. കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കവും എന്നാൽ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിൻ എത്തുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
സൗബിൻ ഷാഹിറിനൊപ്പം ജോജു ജോർജ് ,ഇന്ദ്രൻസ്, ജോയ് മാത്യു എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.നിഗൂഢമായ ഹിസ്റ്റോറിക്കൽ ഫാമിലി ത്രില്ലർ കഥ പറയുന്ന ചിത്രത്തിൽ ലോകനാഥൻ ശ്രീനിവാസനാണ് ഛായാഗ്രഹകൻ. സുഷിൻ ശ്യാം സംഗീത സംവിധാനം. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമൻ ,എസ് സുരേഷ് ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
2005 ൽ മോഹൻലാൽ നായകനായ് എത്തിയ ‘ഉടയോൻ’ എന്ന ചിത്രമാണ് ഭദ്രന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അയ്യർ ദി ഗ്രേറ്റ് ,സ്ഫടികം, യുവതുർക്കി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകന്റെ തിരിച്ചുവരവ് വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്.