തമിഴ് നടന്‍ ജയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി നിര്‍മാതാക്കള്‍. പ്രൊഡ്യുസേഴ്‌സ് കൗണ്‍സിലില്‍ നല്‍കി പരാതിയില്‍ തങ്ങള്‍ക്ക് നേരിട്ട നഷ്ടം പരിഹരിക്കാത്തെ ജയ്‌യെ പുതിയ ചിത്രങ്ങള്‍ കരാര്‍ ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ബലൂണ്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ 70 എംഎം പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ 29 ന് റിലീസ് ചെയ്ത ബലൂണില്‍ ജയ്‌യും അഞ്ജലിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഇപ്പോഴും മികച്ച അഭിപ്രായം തേടി മുന്നേറുകയാണെങ്കിലും ഒരു വര്‍ഷം മുമ്പ് റിലീസ് ചെയ്യാന്‍ തീരുമാനിച്ച സിനിമ ജയ്‌യുടെ നിരുത്തരവാദിത്വപരമായ സമീപനം മൂലമാണ് ഇത്രയും വൈകിയതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
നായികയായ അഞ്ജലിയെ കരുവാക്കിയാണ് ജയ് തങ്ങളോട് കള്ളം പറഞ്ഞതെന്നാണ് നിര്‍മാതാക്കള്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. 20 ദിവസത്തെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്ത് കൊടൈക്കനാലില്‍ വലിയ സെറ്റുകള്‍ ഒരുക്കി. പക്ഷേ ജയ്ക്കു വേണ്ടി തങ്ങള്‍ക്ക് ഒരു മാസം കാത്തിരിക്കേണ്ടി വന്നു. അയാളെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ സാധിച്ചില്ല. പിന്നീടൊരു ദിവസം ജയ് പറഞ്ഞത്, അഞ്ജലിയുടെ ജീവന്‍ വലിയ അപകടത്തില്‍ ആണെന്നും അതിനാല്‍ ഇപ്പോള്‍ ഷൂട്ടിംഗ് നടത്തുന്നതില്‍ നിന്നും ഒഴിവാക്കി തരണമെന്നുമാണ്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മനസിലായി അഞ്ജലിക്ക് ഒരു കുഴപ്പവുമില്ലെന്ന്. ജയ് ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. എന്നാല്‍ അഞ്ജലിക്ക് ഇതൊന്നുമായി യാതൊരു ബന്ധവുമില്ല; പരാതിയില്‍ പറയുന്നു.
2016 ജൂണ്‍ ആറിനാണ് സിനീഷ് സംവിധാനം ചെയ്ത ബലൂണിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. 2017 ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ 2017 ഡിസംബര്‍ 29 ന്, ഒമ്പതു മാസത്തോളം താമസിച്ചാണ് ഹൊറര്‍ സിനിമയായ ബലൂണ്‍ തിയേറ്ററില്‍ എത്തിയത്. ഇത്രയും താമസം വരാന്‍ കാരണം ജയ് മാത്രമാണെന്നാണ് നിര്‍മാതാക്കള്‍ ആരോപിക്കുന്നത്.
കൃത്യമായ കോള്‍ ഷീറ്റ് തരാതെയും ഷൂട്ടിംഗ് പറഞ്ഞിരുന്ന ദിവസങ്ങളില്‍ ലൊക്കേഷനില്‍ എത്തിച്ചേരാതെയും ജയ് തങ്ങളെ ചതിച്ചു. അയാള്‍ക്ക് ഞങ്ങളോടുള്ള പ്രവര്‍ത്തിയിലും സംസാരത്തിലുമൊന്നും യാതൊരു ബഹുമാനവും ഉണ്ടായിരുന്നില്ല. താന്‍ നായകനായ ചിത്രത്തോട് ആത്മാര്‍ത്ഥതയോ കഠിനാദ്ധ്വാനമോ ജയ് പുലര്‍ത്തി കണ്ടില്ല. ഡബ്ബിംഗിനു പോലും ജയ് കൃത്യമായി എത്തിയില്ല. ജയ്‌യുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തിയുടെ ഫലമായി ഞങ്ങളുടെ സംവിധായകന്‍ ആത്മഹത്യക്കു വരെ ശ്രമം നടത്തി. ഇത്രയൊക്കെ പ്രശ്‌നം നേരിട്ടെങ്കിലും സിനിമയുമായി സഹകരിച്ച അഭിനേതാക്കള്‍ക്കോ സാങ്കേതികപ്രവര്‍ത്തകര്‍ക്കോ കൃത്യമായ പ്രതിഫലം കൊടുത്തു. ആരോടും ഒരുരൂപപോലും കടം പറഞ്ഞില്ല. നല്ലൊരു സിനിമ പുറത്തിറങ്ങണമെന്നു മാത്രമായിരുന്നു ഞങ്ങളുടെ ആഗ്രഹം.
ജയ് ലൊക്കേഷനില്‍ വരുന്നത് തന്നെ മദ്യപിച്ചാണ്. വന്നയുടന്‍ ചോദിക്കുന്നത് എപ്പോഴാണ് പായ്ക് അപ്പ് പറയുന്നതെന്നാണ്. അത് മദ്യപിക്കാന്‍ വേണ്ടിയാണ്. അയാള്‍ എന്നും ഷൂട്ടിംഗ് തീരുന്നതിനും മുന്നേ തന്നെ ലൊക്കേഷന്‍ വിട്ടുപോകും. വീണ്ടും മദ്യപിക്കാന്‍ . ഞങ്ങള്‍ എട്ട് മണിക്കൂര്‍ അയാളെ വച്ച് ഷൂട്ട് ചെയ്യാന്‍ പ്ലാന്‍ ചെയ്യും. പക്ഷേ നാലു മണിക്കൂര്‍ മാത്രമെ അയാളെ കിട്ടുകയുള്ളൂ. ഞങ്ങള്‍ അയാളെ ഏറ്റവും നന്നായി പരിചരിക്കാന്‍ ശ്രമിച്ചു. പക്ഷേ തിരിച്ച് അങ്ങനെയൊന്ന് ജയ്‌യില്‍ നിന്നും കിട്ടിയില്ല.
ജയ് ചെയ്ത ദ്രോഹങ്ങള്‍ക്കെല്ലാം ഞങ്ങളുടെ കൈയില്‍ തെളിവുകളുണ്ട്. നിശ്ചയിച്ച ബഡ്ജറ്റില്‍ നിന്നും ഒന്നരക്കോടിയോളം അധികം വേണ്ടി വന്നു സിനിമ പൂര്‍ത്തിയാക്കാന്‍. തെലുങ്കിലും ഈ സിനിമ റിലീസ് ചെയ്യാന്‍ തീരമാനിച്ചതാണ്. പക്ഷേ പറഞ്ഞ സമയത്ത് റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്റെ ഭവിഷ്യത്ത് വിതരണക്കാരില്‍ നിന്നും ഞങ്ങള്‍ക്കേ നേരിടേണ്ടി വന്നു. ഇതിനും കാരണം ജയ് തന്നെ. ജയ് ഈ സിനിമയ്ക്ക് ഉണ്ടാക്കിയ തിരിച്ചടികള്‍ക്കെല്ലാം ചിത്രത്തിന്റെ ഭാഗമായ മുഴുവന്‍ പേരും ദൃക്‌സാക്ഷികളാണ്.
ഞങ്ങള്‍ക്ക് നേരിട്ട ഒന്നരക്കോടിയുടെ നഷ്ടം ജയ് നികത്തണം. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നത് അതാണ്. ജയ്‌നെ പോലുള്ള നടന്മാരാണ് നിര്‍മാതാക്കളുടെ ജീവിതം തകര്‍ക്കുന്നത്. ഇവര്‍ വീണ്ടും ഇവിടെ അശോക് കുമാര്‍മാരെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. ഞങ്ങളുടെ നഷ്ടം നികാത്താതെ ജയ്‌യെ മറ്റൊരു സിനിമയില്‍ കരാര്‍ ആകാന്‍ അനുവദിക്കരുത്; 70 എംഎം തങ്ങളുടെ പരാതിയില്‍ പറയുന്നു.
This post was last modified on January 5, 2018 1:53 pm
Leave a Comment