X

“ഈ ഡയലോഗും കൂളിങ് ഗ്ലാസ്സും ഒന്നും നിനക്ക് ചേരൂല്ലാ ട്ടോ.. അതിനൊക്കെ ലാലേട്ടൻ…”; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ

ഗോവയിലെ ഡോണോപോളോ ബീച്ചിനരികെ അടിച്ചുപൊളിച്ച് ജീവിക്കുന്ന എക്സ് അധോലോക ഡോൺ ബാബയുടെയും മകൻ അപ്പുവിന്റെയും കഥ പറഞ്ഞുകൊണ്ടാണ് ആദ്യ പാതി തുടങ്ങുന്നത്

പ്രണവ് മോഹൻലാലിന്റേയും അരുൺ ഗോപിയുടെയും ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങി ഒരു മണിക്കൂർ അൻപത് മിനിറ്റാകുമ്പോൾ ധർമജൻ എന്ന ഗോഡ്വിൻ മുതലാളി കഥാനായകന്‍റെ മുഖത്ത് നോക്കി ആ പഞ്ച് ഡയലോഗ് അടിക്കും. “ഈ ഡയലോഗും കൂളിങ് ഗ്ലാസ്സും ഒന്നും നിനക്ക് ചേരൂല്ലാ ട്ടോ.. അതിനൊക്കെ ലാലേട്ടൻ…”

തൊട്ടുമുന്നിലത്തെ നിമിഷം വരെ എന്തിനോ വേണ്ടി തിളയ്ക്കുന്ന തരിക്കഞ്ഞി പോലെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ആചാരക്രമമായി അപ്പുവിന് വേണ്ടി ആർപ്പുവിളിച്ചു കൊണ്ടിരുന്ന ലാൽ ഭക്തന്മാർ ഒരു മിനിറ്റ് അണ്ണാക്കിൽ പിരിവെട്ടിയ പോലെ ഇരുന്നുപോയി പിന്നെ അതിനുവേണ്ടിയും അടിച്ചു കയ്യ്. 162 മിനിറ്റ് സിനിമയിൽ തിയേറ്ററിൽ കേട്ട ഏറ്റവും സത്യസന്ധമായ കയ്യടി അത് തന്നെയായിരുന്നു.

സത്യം പറഞ്ഞാൽ അതിന് പത്ത് മിനിറ്റു മുൻപ് ധര്‍മ്മജനും ബിജുക്കുട്ടനും സ്‌ക്രീനിൽ എത്തുമ്പോഴാണ് ഭക്തർകൾ ഒഴികെയുള്ള സാദാ പ്രേക്ഷകന് സിനിമ ഒന്ന് വാമായതായി ഫീൽ ചെയ്യുക. ആദ്യ ഷോട്ട് മുതൽ അപ്പുവിന്റെ എർത്തായി കൂടെയുള്ള മക്രോണി എന്ന ക്യാരക്ടറായി അഭിരവ് ജനാന്ന് പകരം ഇവരിൽ ആരെങ്കിലും ആയിരുന്നെങ്കിൽ തുടക്കം മുതൽ തന്നെ പടത്തിന്റെ എനർജി ലെവൽ തന്നെ വേറെ ആയിരുന്നല്ലോ എന്ന് അപ്പോൾ നമ്മൾക്ക് തോന്നിപ്പോകും.

അഥവാ എങ്ങാനും എർത്ത് അപ്പുവിനെ മലർത്തിയറിച്ച് പടത്തെ ഉടനീളം ഹൈജാക്ക് ചെയ്താലോ എന്ന ആശങ്കയാകാവണം സംവിധായകൻ ആ റിസ്ക് ഒഴിവാക്കിയത്.

രണ്ടാമത്തെ സിനിമയാണ് ഒരു നായകനെ സംബന്ധിച്ചായാലും നടനെ സംബന്ധിച്ചായാലും നിർണായകം. ആ അർത്ഥത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും പ്രതികൂലസാഹചര്യത്തിൽ ‘രാമലീല’ ബ്ലോക്ക്ബസ്റ്റർ ആക്കി മാറ്റിയ അരുൺ ഗോപിക്കും ഏറ്റവും അനുകൂല സാഹചര്യത്തിൽ ‘ആദി’നിർബന്ധിത സൂപ്പർ ഹിറ്റാക്കി മാറ്റിയ പ്രണവ് മോഹൻലാലിനും ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ ഒരേപോലെ നിര്‍ണ്ണായകമായിരുന്നു.

രാമലീലയിൽ അരുൺ ഗോപിയ്ക്ക് സച്ചിയുടെ കിടുക്കാച്ചി സ്‌ക്രിപ്റ്റ് ആയിരുന്നു നട്ടെല്ലായി ഉണ്ടായിരുന്നത് എങ്കിൽ ഇവിടെ ശീര്‍ഷകമുൾപ്പടെ പഴയ കാല ലാലേട്ടൻ സിനിമകളിൽ നിന്ന് റഫറൻസ് എടുത്ത് ഫാൻസിനെ ഇക്കിളിപ്പെടുത്തുന്ന സ്വയം രചിച്ച സ്ക്രിപ്റ്റ് ആണ് സംവിധായകന് തുണ.

ഗോവയിലെ ഡോണോപോളോ ബീച്ചിനരികെ അടിച്ചുപൊളിച്ച് ജീവിക്കുന്ന എക്സ് അധോലോക ഡോൺ ബാബയുടെയും മകൻ അപ്പുവിന്റെയും കഥ പറഞ്ഞുകൊണ്ടാണ് ആദ്യ പാതി തുടങ്ങുന്നത്. മമ്മി, അമ്മു എന്നീ രണ്ട് കഥാപാത്രങ്ങൾ കൂടി വീട്ടിലുണ്ട്. മക്രോണി എന്ന ഏർത്തും. ബാബ ഫ്രീക്കനാണെങ്കിലും മകൻ തണുപ്പനാണെന്നൊരു അഭിപ്രായം എല്ലാർക്കും ഉണ്ട്.

“തല്ലാൻ വേണ്ടിയല്ല ഞാൻ വന്നത്.. തല്ലിക്കരുത്…”
“അപ്പന്റെ ചരിത്രം അപ്പന്.. ” തുടങ്ങിയത് പോലുള്ള ഡയലോഗുകൾ പടത്തിൽ അങ്ങിങ്ങായ് ഒരു നടനെന്ന നിലയിൽ സ്വയം പ്രതിരോധിക്കാനായി പ്രണവിനെക്കൊണ്ട് പറയിപ്പിക്കുന്നുമുണ്ട്.

Read More: നമുക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായിരുന്നു അയാൾ; പ്രണവും ഇരുപത്തിയൊന്നാം നൂറ്റാണ്ടും: അരുണ്‍ ഗോപി/അഭിമുഖം

കാര്യങ്ങൾ അങ്ങനെ പ്രത്യേകിച്ച് നടപടിയൊന്നുമില്ലാതെ പോവുന്നതിനിടയിൽ ആണ് അപ്പുവിന്റെ വീട്ടിലേക്ക് പേയിങ് ഗസ്റ്റായി സായ വരുന്നത്. അവർ തമ്മിൽ സ്വാഭാവികമായും അടുക്കുന്നു. കറങ്ങി നടക്കുന്നു. അപ്പു പ്രണയഭരിതനാകുന്നു. ഒരു ലിപ്പ് ലോക്കിന്റെ അകമ്പടിയോടെ പ്രണയം വെളിപ്പെടുത്തുന്നു. പതിവ് പോലെ കറക്റ്റ് പിറ്റേ ദിവസം അവൾ സോറി എഴുതി വച്ച് അപ്രത്യക്ഷയാവുന്നു.

അപ്രത്യക്ഷയായ സായയെയും തേടി അവളുടെ ആധാറിന്റെ കോപ്പിയും കൊണ്ട് അപ്പുവും മക്രോണിയും അവളുടെ നാടായ കാഞ്ഞിരപ്പള്ളിക്ക് ബാബയുടെ നിര്‍ബന്ധബുദ്ധികാരണം വണ്ടി കേറുന്നതാണ് പിന്നെ കാണുന്നത്. പിന്നിട് അവിടെ നടക്കുന്ന സ്തോഭജനകരംഗങ്ങളും സെക്കന്റ് ഹാഫും കാണാൻ നിങ്ങളെ ഞാൻ തിയേറ്ററിലേക്ക് ക്ഷണിച്ച് കൊള്ളുകയാണ്.

ദോഷം പറയരുതല്ലോ, ആദിയിൽ ക്യാമറയ്ക്ക് മുന്നിൽ പകച്ചുനിന്ന ചെറുപ്പക്കാരനിൽ നിന്നും അപ്പുവിലെത്തുമ്പോൾ പ്രണവ് കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു സിനിമാനായകനാകാനുള്ള എനർജി ലെവലിലേക്ക് അത് എത്തി ചേർന്നിട്ടുമില്ല. സായയായി വരുന്ന സായയാകട്ടെ ലെവലിൽ കട്ടയ്ക്ക് കട്ട. അതുകൊണ്ടുതന്നെ ഇതൊരു പ്രണയചിത്രമാണെന്നു തിയേറ്ററിൽ നിന്ന് ഇറങ്ങിയ ശേഷം ആലോചിച്ചാലെ പിടികിട്ടൂ.

ധർമജൻ പറഞ്ഞ പോലെ തന്നെ ഡയലോഗ് ഡെലിവറി തന്നെയാണ് പ്രണവിന്റെ ഒരു പ്രധാന പ്രശ്നം. സ്റ്റൈലൈസ് ചെയ്യാനുള്ള സബ്‌സ്റ്റൻസ് ഇല്ലാത്തതും. ആദിയിലെ പാർക്കർ പോലെ സർഫിംഗ് ചെയ്യുന്നതിലൂടെ ആൺ അപ്പുവിന്റെ ഇൻട്രോ. കേവലം ഇൻട്രോയ്ക്കുപരി സർഫിംഗിന് പടത്തിൽ വലിയ റോളില്ലാത്തത് അപ്പുവിന്റെ കഷ്ടം.

അപ്പുവിന്റെ നിസ്സംഗത മുതലെടുത്ത് സിനിമയിൽ ഗോളടിച്ച രണ്ടുപേർ ഗോകുൽ സുരേഷും ആന്റണി പെരുമ്പാവൂരും ആണ്. പ്രാൻസി എന്ന സഖാവിനെ പത്തുമിനിറ്റ് കൊണ്ട് നീറ്റാക്കി ഗോകുൽ കയ്യടി വാങ്ങി. ആന്റണി ബാവൂർ എന്ന പൊലീസുകാരനായി വരുന്ന ആന്റണി പെരുമ്പാവൂർ ആകട്ടെ മുന്‍പെങ്ങും കാണാത്ത കോണ്‍ഫിഡൻസോടെ ആറേഴു ഡയലോഗുകൾ തലങ്ങും വിലങ്ങും വീശുന്നതാണ് കാണാൻ കഴിഞ്ഞത്.

എന്നാൽ അപ്പുവിനൊപ്പം ഓടിയെത്താൻ ശ്രമപ്പെട്ട് സ്പീഡ് കുറച്ച് കുറച്ച് ഗിയർ പിന്നോട്ടിട്ട സംവിധായകന്റെ കാര്യമാണ് കഷ്ടം. അപ്പുവിന്റെ നേട്ടം അരുൺ ഗോപിയുടെ നഷ്ടം.

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

This post was last modified on January 26, 2019 7:17 am