X

സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി ‘കൂടെ’

യു.എ.ഇ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലും കൂടെ പ്രദര്‍ശനത്തിനെത്തുന്നുണ്ടെന്നാണ് വിവരം

സൗദി അറേബ്യയില്‍ ചലച്ചിത്ര പ്രദര്‍ശനം ആരംഭിച്ച ശേഷം പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി മാറാന്‍ ഒരുങ്ങുകയാണ് ‘കൂടെ’. നസ്റിയ നസിം-പ്രിഥ്വിരാജ് സുകുമാരന്‍ പ്രധാന കഥാപാത്രങ്ങളായ അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’, യു.എ.ഇ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ടെന്നാണ് വിവരം. സൗദിയില്‍ രണ്ട് സ്ഥലത്താണ് ചിത്രം പ്രദര്‍ശിപ്പിക്കുക. റിയാദിലെ വോക്സ് സിനിമാസിലാകും കൂടെയുടെ പ്രദര്‍ശനം. ഓഗസ്റ്റ് 1-ന് രാത്രി 11 മണിക്കാണ് ആദ്യ പ്രദര്‍ശനം.

പാ രഞ്ജിത്തിന്റെ രജനീകാന്ത് ചിത്രം ‘കാല’യായിരുന്നു സൗദിയില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രം. വിലക്കിന് ശേഷം ഇവിടെ ആദ്യം പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രം ഹോളിവുഡ് ഹിറ്റായിരുന്ന ബ്ലാക്ക് പാന്തറായിരുന്നു. 35 വര്‍ഷത്തെ വിലക്കവസാനിപ്പിച്ച് ഈ വര്‍ഷമാണ് സൗദിയില്‍ സിനിമ പ്രദര്‍ശനം ആരംഭിച്ചത്.

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിഷ്‌കരണ പരിപാടികളും അഴിമതി വിരുദ്ധ നടപടികളും ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്ന ഘട്ടത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം സിനിമാനുമതി പ്രഖ്യാപനം എത്തിയത്. തുടര്‍ന്ന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ സിനിമാ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തു.

This post was last modified on August 1, 2018 10:49 am

Related Post
Leave a Comment